ഇവരാണ് പഴങ്ങൾക്കിടയിലെ സൂപ്പർ താരങ്ങൾ

പഴങ്ങൾക്കിടയിലും സൂപ്പർ താരങ്ങളോ? സംശയിക്കേണ്ട ചില പഴങ്ങൾക്ക് ഗുണം കൂടും. ജീവകങ്ങളും ധാതുക്കളും നിരോക്സീകാരികളും ധാരാളമുള്ള ഈ പഴങ്ങളെ ‘സൂപ്പർ’ എന്നല്ലാതെ എന്തു വിളിക്കാൻ ?

ജീവകങ്ങൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, അമിനോ ആസിഡുകൾ, പ്ലാന്റ് എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ.. ഇവയെല്ലാം ഈ പഴങ്ങളിലുണ്ട്. പോഷക സമ്പുഷ്ടമായ ഈ പഴങ്ങളിൽ ചിലത് നാം പതിവായി കഴിക്കുന്നതാണ്. ചില പഴങ്ങളെക്കുറിച്ച് എല്ലാവരും കേട്ടിരിക്കണമെന്നില്ല.. ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും പഠനങ്ങളിലൂടെ തെളിയിച്ച നിരവധി രോഗങ്ങളെ പ്രതിരോധിക്കുന്ന ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ആ സൂപ്പര്‍ താരങ്ങൾ ആരൊക്കെ എന്നു നോക്കാം.

∙ അത്തിപ്പഴം – നാരുകളും ധാതുക്കളായ പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം ഇവയും ധാരാളം. പൊട്ടാസ്യത്തിന്റെ കൂടിയ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, ഫ്രഷ് ആയതോ ഉണങ്ങിയതോ ആയ അത്തിപ്പഴം കഴിക്കൂ. അത് നിങ്ങളുടെ ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.

∙ ഞാവൽപ്പഴം – തലച്ചോറിന്റെ ആരോഗ്യത്തിനും, ഓർമശക്തി മെച്ചപ്പെടുത്താനും അത്യുത്തമം. ഞാവൽപ്പഴത്തിലടങ്ങിയ നിരോക്സീകാരികൾ തലച്ചോറിന്റെ പ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും, ഓക്സീകരണ സമ്മർദത്തിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

∙ കിവി – നമ്മുടെ നാട്ടിൽ സാധാരണമല്ലെങ്കിലും പോഷകസമ്പുഷ്ടമായ ഫലമാണിത്. ദഹനത്തിനു സഹായകമാണിത്. കിവിപ്പഴത്തിൽ അടങ്ങിയ ആക്റ്റിനിഡിൻ എല്ലാ ദഹനപ്രശ്നങ്ങളെയും അകറ്റുന്നു.. ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും കിവിപ്പഴം സഹായിക്കുന്നു,

∙ ബീറ്റ്റൂട്ട് – പഴങ്ങളുടെ ഗണത്തിൽപ്പെടില്ല എങ്കിലും ആരോഗ്യ ഗുണങ്ങളില്‍ മുമ്പനാണ്. ബീറ്റ്റൂട്ട് രക്തത്തെ ശുദ്ധമാക്കുന്നു. വിഷപദാർത്ഥങ്ങളെ നീക്കം ചെയ്യുന്നു. ആന്തരിക വ്യവസ്ഥയെ വൃത്തിയാക്കുന്നു. ഊർജം പ്രദാനം ചെയ്യുന്നതോടൊപ്പം രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശ്വേതരക്താണുക്കളുടെ എണ്ണം കൂട്ടാനും ശക്തിയേകാനും സഹായകം.

∙ നാരങ്ങ – ജീവകം സിയുടെ കലവറയായ നാരങ്ങ ശക്തിയേറിയ ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിക്കുന്നത് ജീവകം സി നൽകും. രോഗപ്രതിരോധ ശക്തി നൽകും. ഒപ്പം തിളങ്ങുന്ന ചർമവും സ്വന്തമാക്കാം.

∙ നോനിപ്പഴം – തെക്കു കിഴക്കൻ ഏഷ്യക്കാരനാണെങ്കിലും ഹൃദയാരോഗ്യമേകുന്ന നോനി ആന്റിഓക്സിഡന്റുകളുടെയും കലവറ ആണ്.

നീർക്കെട്ട് കുറയ്ക്കുന്നതോടൊപ്പം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായകം. ദിവസവും രാവിലെ നോനിപ്പഴം ജ്യൂസ് കുടിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

∙ നെല്ലിക്ക – ജീവകം സി ധാരാളം അടങ്ങിയ നെല്ലിക്ക ഉപാപചയ പ്രവര്‍ത്തനം വർധിപ്പിക്കുന്നു. വൈറൽ ബാക്ടീരിയൽ രോഗങ്ങളെ തടയുന്നു. വാതപിത്ത കഫ ദോഷങ്ങളെ നെല്ലിക്ക ജ്യൂസ് ശമിപ്പിക്കുന്നു. ഉദരത്തെ ശുദ്ധിയാക്കുന്നു. ചർമത്തിനും തലമുടിക്കും ആരോഗ്യമേകുന്നു,

ഈ സൂപ്പർ താരങ്ങളെ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണമേകും.

Read More : Healthy Life