ഓറഞ്ച് കഴിക്കും മുൻപ്...

സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. ഔഷധങ്ങളുടെ കലവറ തന്നെയാണ് ഓറഞ്ച് എന്നു പറയാം. വൈറ്റമിനുകളായ സി, എ, ബി, പലതരത്തിലുള്ള ഡയറ്ററി നാരുകൾ, ബീറ്റ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ഫൈറ്റോകെമിക്കലുകളും ഓറഞ്ചിലുണ്ട്. 

രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും വേണ്ട സി വൈറ്റമിൻ ഓറഞ്ചിൽനിന്നു ലഭിക്കും. വൈറ്റമിൻ എയും കരോട്ടിൻ സംയുക്തങ്ങളും പ്രായത്തോടനുബന്ധിച്ചു വരുന്ന മാകുലാർ ഡീജനറേഷനെ പ്രതിരോധിക്കും. വൈറ്റമിനുകളായ സി, എ, പൊട്ടാസ്യം എന്നിവ കാഴ്ചശക്തിയെ സഹായിക്കുന്നു. രാത്രിക്കാഴ്ച മെച്ചപ്പെടുത്തുകയും തിമിരത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. 

ഓറഞ്ചിലുള്ള ഫൈബറുകൾ വയറിനുള്ളിലെ അൾസറും മലബന്ധവും തടയുന്നു. നാരുകളാൽ സംപുഷ്ടമായതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഓറഞ്ചിനു സാധിക്കും. ശ്വാസകോശാർബുദം, സ്തനാർബുദം, കുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. 

ശ്വാസകോശപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് ഉത്തമമാണ്. ജലദോഷം, ക്ഷയം, ആസ്മ, ബ്രോങ്കൈറ്റിസ് രോഗങ്ങളുള്ളവർ ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ തേനും ഓറഞ്ച് ജ്യൂസിൽ ചേർത്ത് കുടിച്ചാൽ മതി. കഫം പുറന്തള്ളാനും ഇത് ഉത്തമമാണ്. ദന്താരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാനും രക്തസമ്മർദം നിയന്ത്രിക്കാനും ഓറ‍ഞ്ച് സഹായിക്കും.

എന്നുവച്ച് ഓറഞ്ച് വലിച്ചുവാരി കഴിക്കുകയുമരുത്. അധികം കഴിച്ചാൽ വയറിളക്കത്തിനും നെഞ്ചെരിച്ചിലിനുമുള്ള സാധ്യതയുമുണ്ട്. വൃക്കരോഗമുള്ളവരും ബീറ്റാ ബ്ലോക്കർ മരുന്ന് കഴിക്കുന്നവരും വിദഗ്ധോപദേശം സ്വീകരിച്ച ശേഷം മാത്രം ഓറഞ്ച് കഴിക്കുക.

Read More : Healthy Food