ഓഖി ദുരന്തത്തിനു ശേഷം മീൻ എന്നു കേൾക്കുന്നതേ പലർക്കും പേടിയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ മീനുകൾ ഭക്ഷിക്കും എന്ന പ്രചരണമാണ് പലരെയും മീൻ കഴിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നത്. ഇതിനിടയിൽ മീൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നും ചെറുമത്സ്യങ്ങൾക്കുള്ളിൽ നിന്ന് നഖം, മുടി എന്നിവ കിട്ടിയെന്നുമൊക്കെ പറയപ്പെടുന്നുമുണ്ട്. യഥാർഥത്തിൽ ഈ പറയുന്ന പ്രശ്നങ്ങളൊക്കെ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന മീനുകൾക്കുണ്ടോ?
ഇല്ലെന്നു തന്നെയാണ് കേന്ദ്ര സമുദ്ര മൽസ്യഗവേഷണ കേന്ദ്രം അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങൾ(സിഎംഎഫ്ആർഐ) നൽകുന്ന വിശദീകരണം. മീനുകൾ പൊതുവെ, മൃതശരീരങ്ങൾ ഭക്ഷിക്കാറില്ലെന്നും ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന മീനുകൾ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്നും സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സുനിൽ മുഹമ്മദ് പറഞ്ഞു.
ചാള, അയല, കൊഴുവ തുടങ്ങിയ കടൽമൽസ്യങ്ങളൊന്നും ജീവനില്ലാത്ത പദാർഥങ്ങൾ ഭക്ഷിക്കുന്നവയല്ലെന്ന് മൽസ്യങ്ങളുടെ ആഹാരരീതിയെക്കുറിച്ചു പഠനം നടത്തുന്ന സിഎംഎഫ്ആർഐ വ്യക്തമാക്കുന്നു. കടലിലെ പ്ലവകങ്ങളാണ് പ്രധാന ആഹാരം. സസ്യ–ജൈവ പ്ലവകങ്ങളെ ചെകിളയിലൂടെ എത്തുന്ന ജലം ഉപയോഗിച്ച് അരിച്ചുശുദ്ധമാക്കിയാണ് മൽസ്യങ്ങൾ ഭക്ഷിക്കുന്നത്.
നത്തോലി, അയക്കുറ, മോദ, ശീലാവ്, നെയ്മീൻ തുടങ്ങിയ ഇടത്തരം മൽസ്യങ്ങൾ ഇരയെ തേടി കണ്ടെത്തുകയും ആക്രമിച്ചു കീഴ്പ്പെടുത്തിയുമാണ് ഭക്ഷിക്കുന്നത്. ജീവനുള്ളവയെയാണ് ഇവയ്ക്കു പ്രിയം. കടലിലെ അടിത്തട്ടു മൽസ്യങ്ങളുടെ ആഹാരരീതിയും ഭിന്നമല്ല.
അതേസമയം, ചിലയിനം സ്രാവുകൾ മൃതശരീരം ഭക്ഷിക്കുന്നവയാണ്. ഓസ്ട്രേലിയയ്ക്കു സമീപം ഇത്തരം സ്രാവുകളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ ഇവയുടെ സാനിധ്യമില്ലെന്നു പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സുനിൽ മുഹമ്മദ് വ്യക്തമാക്കി.
Read More : ആരോഗ്യവാർത്തകൾ