തടി കുറയ്ക്കാന്‍ തീരുമാനമെടുത്താല്‍ പിന്നെ സാലഡുകള്‍ ഭക്ഷണശീലങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു സംഭവമാണ്. വണ്ണം കുറയ്ക്കാനും ഇടുപ്പില്‍ അടിയുന്ന കൊഴുപ്പ് നീക്കാനുമെല്ലാം സാലഡുകള്‍ സഹായിക്കും. എന്നാല്‍ വൈറ്റമിനുകളാലും പോഷകങ്ങളാലും സമ്പന്നമായ സാലഡുകള്‍ തന്നെ വില്ലനായാലോ? അതായത് വെളുക്കാന്‍ തേച്ചതു പാണ്ടാകുന്ന അവസ്ഥ. നല്ലതാണെന്നു കരുതി സാലഡുകളില്‍ ചേര്‍ക്കുന്ന ചില സാധനങ്ങള്‍ ശത്രുവാകുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
വേവിച്ച ചിക്കന്‍, ടോഫു, മാംസം
സാലഡ് കഴിക്കുന്നതിന്റെ കൂട്ടത്തില്‍ രുചി കൂട്ടാന്‍ അതിലേക്കു വേവിച്ച ചിക്കന്‍, ചീസ് ചേര്‍ന്ന ടോഫു, അല്ലെങ്കില്‍ മറ്റു മാംസാഹാരങ്ങള്‍ എന്നിവ ചേര്‍ത്താണോ കഴിക്കുന്നത്. എങ്കില്‍ ഇതിലും വലിയ മണ്ടത്തരം വേറെയില്ല. ഇനി ഇതൊക്കെ നിര്‍ബന്ധം ആണെങ്കില്‍ ഗ്രില്‍ ചെയ്ത ചിക്കന്‍, പുഴുങ്ങിയ മുട്ട, റോ ടോഫു എന്നിവ ഉപയോഗിക്കാം.
രുചി കൂട്ടാനുള്ള ക്രീമുകൾ
സാലഡില്‍ രുചി കൂട്ടാന്‍ ക്രീമും മറ്റും ചേര്‍ത്തു കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അകത്താക്കുന്നത് അധിക കാലറി ആണ്. ഇത് വണ്ണം കൂട്ടാന്‍ മാത്രമേ സഹായിക്കൂ. ഇനി എന്തെങ്കിലും ചേര്‍ത്തേ മതിയാക്കൂ എന്നാണെങ്കില്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ നാരങ്ങ ചേര്‍ത്തു കഴിച്ചു നോക്കൂ. ഫാറ്റ് ഫ്രീ എന്ന പേരില്‍ സാലഡുകളില്‍ ചേര്‍ക്കാന്‍ ലഭിക്കുന്ന ഡ്രസിങ്സ് യഥാര്‍ഥത്തില്‍ കൂടിയ അളവില്‍ ഷുഗറും ഉപ്പും അടങ്ങിയതാണ്.
ക്രോട്ടണ്‍സ്
ഫ്രൈ ചെയ്തു ലഭിക്കുന്ന ഈ വസ്തു സാധാരണ സലാഡ്, സൂപ്പ് എന്നിവയില്‍ ചേര്‍ക്കാറുണ്ട്. ഇത് ഒഴിവാക്കുക തന്നെയാണ് നല്ലത്. ഇനി ക്രിസ്പി ആയി എന്തെങ്കിലും കടിക്കാന്‍ വേണമെന്ന് തോന്നിയാല്‍ ഫ്രൈ ചെയ്ത വാള്‍നട്ട് ചേര്‍ത്തു നോക്കൂ.
ഡ്രൈ ഫ്രൂട്ട്സ്
റൈസിന്‍സ്, ആപ്രിക്കോട്ട്, ക്രാന്‍ബെറി എന്നിവയെല്ലാം കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയതാണ്. ഇതെല്ലം ചേര്‍ത്തു സാലഡ് കഴിച്ചാല്‍ ഉള്ള വണ്ണം കൂടുകയേ ചെയ്യൂ. സീസണ്‍ അനുസരിച്ചു ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി സാലഡ് കഴിക്കുന്നതാണ് ഉത്തമം.
മൊരിഞ്ഞത് ഒന്നും വേണ്ട
പൊരിച്ച ചോളം, നൂഡില്‍സ് എന്നിവ ചേര്‍ത്തു സാലഡ് കഴിക്കുന്നവരും ശ്രദ്ധിക്കുക. അമിത കാലറി തന്നെ ഇവിടെയും വില്ലന്‍. ഡ്രൈ ആക്കിയ വെള്ളരിയുടെ കുരു, ചിക്ക്പീസ്, വാള്‍നട്ട് എന്നിവ പകരമായി ഉപയോഗിക്കാം.
Read More : Healthy Food