ഉപ്പ് കുറച്ചോളൂ, ഇല്ലെങ്കിൽ എല്ലാം മറക്കും

ഉപ്പ് കൂടിയ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, ഉപ്പ് ഏറുന്നത് ഹൃദയത്തിനു മാത്രമല്ല തലച്ചോറിനും ദോഷകരമാണ്.

നേച്ചർ ന്യൂറോസയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഉപ്പു കൂടിയ ഭക്ഷണം മറവിരോഗത്തിനു കാരണമാകും എന്നാണ്. യുഎസിലെ വെയ്‌ൽ കോർണൽ മെഡിസിനിലെ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

നാലു മുതൽ എട്ടു ശതമാനം വരെ ഉപ്പ് അടങ്ങിയ ഭക്ഷണം എലികൾക്കു നൽകി. സാധാരണ ഉപ്പുപയോഗത്തിന്റെ എട്ടു മുതൽ 16 ഇരട്ടി വരെയാണിത്. എട്ടാഴ്ചയ്ക്കു ശേഷം പരിശോധനയിൽ ഉപ്പു കൂടിയ ഭക്ഷണം കഴിച്ച എലികൾക്ക് മറവിരോഗം ബാധിച്ചതായി കണ്ടു. ഇവയുടെ തലച്ചോറിലെ രക്തപ്രവാഹം ഓർമശക്തിയുടെയും അറിവിന്റെയും കേന്ദ്രമായ കോർട്ടക്സിൽ 28 ശതമാനവും ഹിപ്പോ കാമ്പസിൽ 25 ശതമാനവും കുറഞ്ഞിരുന്നു. രക്തക്കുഴലുകളെ ആവരണം ചെയ്യുന്ന എൻഡോതീലിയൽ കോശങ്ങളുടെ പ്രവർത്തനത്തിനു തകരാർ സംഭവിച്ചിരുന്നു. നടത്തിയ ടെസ്റ്റുകളിലും മോശം പ്രകടനമാണ് ഉപ്പ് കൂടുതൽ കഴിച്ച എലികൾ കാഴ്ചവച്ചത്. 

ചില എലികൾക്ക് നാലാഴ്ചക്കാലം സാധാരണ ഭക്ഷണം നൽകിയപ്പോൾ തലച്ചോറിലെ രക്തപ്രവാഹം വർധിക്കുകയും എൻഡോതീലിയൽ കോശങ്ങളുടെ പ്രവർത്തനം സാധാരണ ഗതിയിലാകുകയും ചെയ്തു.

ഒടുവിലത്തെ പരീക്ഷണത്തിൽ എലികൾക്ക് റോക്ക് ഇൻഹിബിറ്റർ Y 27632 എന്ന മരുന്നു നൽകി. എലികളിലെ ശ്വേതരക്താണുക്കൾ ഉൽപാദിപ്പിക്കുന്ന ഇന്റർല്യൂകിന്‍ (IL 17) എന്ന പ്രോട്ടീന്റെ അളവ് കുറഞ്ഞതായി കണ്ടു. എൻഡോതീലിയന്‍ കോശങ്ങളിലെ നൈട്രിക് ഓക്സൈഡിന്റെ അളവു കുറയ്ക്കുന്ന പ്രോട്ടീൻ ആണിത്. ഈ മരുന്ന് എലികളിലെ ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയതായി പഠനത്തിൽ പറയുന്നു. 

ഉപ്പേരിയും വറുത്ത അണ്ടിപ്പരിപ്പും ഉരുളക്കിഴങ്ങ് ചിപ്സും എല്ലാം കഴിക്കും മുൻപ് ചിന്തിക്കുക. ഉപ്പ് കുറയ്ക്കാൻ സ്വയം ശ്രദ്ധിക്കുക.

Read More : ആരോഗ്യവാർത്തകൾ