ജ്യൂസ് കുടിക്കൂ പ്രമേഹത്തെ പേടിക്കാതെ

രോഗം വരുമോ എന്നു ഭയന്ന് ഇഷ്ട ഭക്ഷണം മനസ്സില്ലാ മനസ്സോടെ ഒഴിവാക്കുന്നവർ ഏറെയാണ്. ഒരു ജ്യൂസ് കുടിക്കണം എന്നുണ്ടാകും. എന്നാൽ പഞ്ചസാരയല്ലേ പ്രമേഹം വന്നാലോ എന്ന പേടിയായി. ഒന്നും വേണ്ട എന്നു തീരുമാനിക്കും.

എന്നാൽ ഇനി ധൈര്യമായി ജ്യൂസ് കുടിച്ചോളൂ. ജ്യൂസ് എന്നാൽ പായ്ക്കറ്റിൽ കിട്ടുന്ന കൃത്രിമ മധുരം അല്ല. പഴങ്ങൾ പിഴിഞ്ഞെടുക്കുന്ന ജ്യൂസ്. അതിൽ നൂറ് ശതമാനവും പഴങ്ങളുടെ ചാറ് മാത്രമേ കാണാവൂ എന്നുമാത്രം. ഇങ്ങനെ 100 ശതമാനം ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല എന്നാണ് ജേണൽ ഓഫ് ന്യൂട്രീഷണൽ സയൻസ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ജീവിതശൈലീ രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ടൈപ്പ് 2 പ്രമേഹം. ശരീരത്തിനു വേണ്ടത്ര ഇൻസുലിൻ ഉല്പാദിപ്പിക്കാൻ ആകാത്ത അവസ്ഥയാണിത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് രോഗം തടയാനും നിയന്ത്രിക്കാനുമുള്ള മാർഗം.

ശരിയായ ഭക്ഷണം, പതിവായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നതും പ്രധാനമാണ്.

ആപ്പിൾ, ബെറി, ഓറഞ്ച്, നാരങ്ങ, മുസംബി മുതലായ നാരകഫലങ്ങൾ, മുന്തിരി, മാതളം എന്നീ പഴങ്ങളുടെ ജ്യൂസ്, ഫാസ്റ്റിങ്ങിൽ രക്തത്തിലെ ഗ്ലൂക്കോസ് നിലയെയും ഇൻസുലിൻ നിലയെയും ബാധിക്കുന്നതെങ്ങനെ എന്ന് ഗവേഷകർ പരിശോധിച്ചു.

നൂറു ശതമാനവും പഴങ്ങൾ അടങ്ങിയ ജ്യൂസ് കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത കൂട്ടില്ല എന്നു തെളിഞ്ഞു. എന്നാൽ ദിവസവും ഒരു ഗ്ലാസ്സ് (118 Ml) അതായത് ഏതാണ്ട് അരകപ്പ് ജ്യൂസ് മാത്രമേ കുടിക്കാവൂ എന്നും പഠനം പറയുന്നു.

Read More: പ്രമേഹം തടയാൻ എന്തു കഴിക്കണം?