കഞ്ഞിയും പയറും, എവിടെപ്പോയാലും ഫുട്ബോൾ താരം സി.കെ.വിനീതിന് ഇതു നിർബന്ധം. അമ്മയുടെ കോച്ചിങ്ങിൽ കഞ്ഞിവയ്ക്കാൻ പഠിച്ചതും അതുകൊണ്ടു തന്നെ. പയറുപോലെ പാഞ്ഞുകളിക്കാൻ കഞ്ഞിയാണു ബെസ്റ്റ് എന്നും വിനീത്...
ഇത്ര സൂപ്പറോ കഞ്ഞി? കൊല്ലം മെഡിക്കൽ കോളജിലെ ഡോ. ബി.പത്മകുമാർ പറയുന്നു..
∙ അന്നജം(കാർബോഹൈഡ്രേറ്റ്): ശരീരത്തിനാവശ്യമായ ഊർജത്തിന്റെ 60% ലഭിക്കേണ്ടത് അന്നജത്തിൽ നിന്നാണ്. കഞ്ഞിയില്‍ ധാരാളം.
∙ തയമിൻ(വൈറ്റമിൻ ബി1): ഹൃദയ, നാഡീഞരമ്പ് ആരോഗ്യത്തിനു വേണ്ട തയമിൻ തവിടിൽ ധാരാളമുണ്ട്. തവിട് അടങ്ങിയകുത്തരിക്കഞ്ഞിയാണു പോഷകസമ്പന്നം.
∙ ഫൈബർ (നാരുകള്‍): കൊഴുപ്പിന്റെ ആഗിരണത്തെ തടയാനും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും നാരുകളടങ്ങിയ കഞ്ഞി നല്ലത്.
പഴങ്കഞ്ഞിയാക്കുമ്പോൾ ഈ പോഷകമൂല്യങ്ങളെല്ലാം വർധിക്കും. കഞ്ഞികുടിച്ചാല്‍ കൊളസ്ട്രോളും കൊഴുപ്പും കൂടുമെന്ന പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതം. വ്യായാമം കുറവായതിനാൽ കഞ്ഞിയിൽനിന്നു ലഭിക്കുന്ന കൂടിയ അളവിലെ ഊർജം ഉപയോഗിക്കാതെ പോകുമ്പോഴാണ് അന്നജം കൊഴുപ്പായി മാറാൻ സാധ്യത. വില്ലൻ കഞ്ഞിയല്ല, വ്യായാമക്കുറവാണെന്നു ചുരുക്കം. എങ്കിലും, പെട്ടെന്ന് ആഗിരണം ചെയ്യുന്ന ഷുഗർ കൂടുതലുള്ളതിനാൽ പ്രമേഹരോഗികൾ കഞ്ഞി നിയന്ത്രിക്കുന്നതാണു നല്ലത്.
∙ കഞ്ഞീം പയറും - ആരോഗ്യത്തിന് ഏറ്റവും യോജിച്ച ഭക്ഷണം. കംപ്ലീറ്റ് ഫൂഡ്. കഞ്ഞിയിലെ അന്നജവും ചെറുപയറിലെ പ്രോട്ടീനും ഏറ്റവും മികച്ച കൂട്ടുകാരാണ്.
∙ പോഷകസമൃദ്ധമായ വെജിറ്റബിൾ സൂപ്പാണു കഞ്ഞിവെള്ളം. അരിയിലെ തവിടും കഞ്ഞിവെള്ളവും കളയുമ്പോൾ - ബി കോംപ്ലക്സ് ജീവകങ്ങളും ഫൈബറുമാണു നഷ്ടമാക്കുന്നത്!
Read More : Healthy Food