മുട്ടയുടെ മഞ്ഞക്കരു കഴിക്കാറില്ലേ; എങ്കില്‍ ഇത് കേട്ടോളൂ

egg-yolk
SHARE

മുട്ടയുടെ വെള്ളക്കരു  മാത്രം കഴിക്കുന്നവരാണോ നിങ്ങള്‍? മഞ്ഞക്കരു കാണുമ്പോള്‍ തന്നെ അയ്യോ ഇതൊക്കെ കൊളസ്ട്രോളുണ്ടാക്കുമെന്നു പറഞ്ഞു എടുത്തുമാറ്റാറുണ്ടോ? എങ്കില്‍ കേട്ടോളൂ നിങ്ങള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തി ആരോഗ്യത്തിനു ദോഷം ചെയ്യും. പറയുന്നത് പ്രമുഖ ഓസ്ട്രേലിയന്‍ ഡയറ്റീഷനായ ലിന്‍ഡി കോഹന്‍ ആണ്.

ലിന്‍ഡിയുടെ അഭിപ്രായപ്രകാരം മുട്ടയുടെ മഞ്ഞക്കരു നീക്കം ചെയ്തു കൊണ്ട് മുട്ട കഴിക്കുന്നതു നിങ്ങള്‍ ഉദേശിക്കുന്ന ഫലം ലഭിക്കില്ല എന്നാണ്. കാരണം മുട്ടയുടെ ഏറ്റവും വലിയ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്. വൈറ്റമിനുകളായ എ, ഡി, ഇ, കെ‍ എന്നിവ കൂടാതെ ഒമേഗ 3  ഫാറ്റി ആസിഡിന്റെയും കലവറയാണ് മുട്ടയുടെ മഞ്ഞ. 

ഹൃദയാരോഗ്യത്തിന്‌ ഏറ്റവും മികച്ചതാണ് ഒമേഗ 3. മനുഷ്യരിലെ പ്രതിരോധശേഷി കൂട്ടാനും മുടിവളര്‍ച്ചയ്ക്കും, ചര്‍മത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഈ പോഷകങ്ങള്‍ ആവശ്യമാണ്. 

ലോ ഫാറ്റ് ഡയറ്റ് എന്ന ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു മുട്ടയുടെ വെള്ള മാത്രം കഴിക്കുക എന്ന ശീലം വ്യാപകമായത്. എന്നാല്‍ ഇതിന്റെ ആവശ്യമില്ല എന്നാണ് ലിന്‍ഡി പറയുന്നത്. മുട്ടയുടെ മഞ്ഞ കൊളസ്ട്രോള്‍ കൂട്ടുമെന്ന് പൊതുവേ ഒരു ധാരണയുണ്ട്. ഇതായിരുന്നു മഞ്ഞ ഒഴിവാക്കിയുള്ള ശീലത്തിന്റെ പിന്നില്‍. എന്നാല്‍ അടുത്തിടെ നടത്തിയ മിക്കപഠനങ്ങളിലും മുട്ടയുടെ മഞ്ഞ കൊളസ്ട്രോള്‍ വർധിപ്പിക്കുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. കൂടാതെ മുട്ടയുടെ മഞ്ഞ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.  മുട്ടയില്‍ അടങ്ങിയിരിക്കുന്ന കൊളസ്ട്രോള്‍ അമിതമായ അളവില്‍ അല്ലെങ്കില്‍ ഒരിക്കലും കൊളസ്ട്രോള്‍ വർധിപ്പിക്കുന്നില്ല എന്നും തെളിഞ്ഞിട്ടുണ്ട്. 

മധ്യവയസ്കരായ 1,000 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. പരീക്ഷണത്തിന്റെ ഭാഗമായി ഇവര്‍ ദിവസവും കുറഞ്ഞത്‌ ഒരു മുട്ട എങ്കിലും കഴിച്ചു. എന്നാല്‍ ഇവരില്‍ ആര്‍ക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലെന്നു പരിശോധനയില്‍ കണ്ടെത്തി. 

മുട്ടയുടെ വെള്ളയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, കാലറി എന്നിവ അടങ്ങിയിട്ടുണ്ട്.അതേസമയം മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, ഫാറ്റ്, പോഷകങ്ങള്‍ എല്ലാം മഞ്ഞക്കരു കഴിക്കാതിരുന്നാല്‍ നഷ്ടപ്പെടുകയും ചെയ്യും. ദിവസവും പ്രാതലിനൊപ്പം ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണെന്ന് ലിന്‍ഡി പറയുന്നു. മുട്ട, കൂണ്‍, ചീര എന്നിവ ഉൾപ്പെടുത്തിയുള്ള പ്രാതല്‍ മികച്ച പോഷകസമ്പന്നമായ ഭക്ഷണമാണ് എന്നും ലിന്‍ഡി അഭിപ്രായപ്പെടുന്നു. 

Read More : Health Magazines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA