നമ്മുടെ നാട്ടിൽ രക്തസമ്മർദം ബാധിച്ചവരുടെ എണ്ണം ഏറെയാണ്. ശരിയായ ഭക്ഷണ രീതിയിലൂടെ രക്തസമ്മർദത്തെ നിയന്ത്രിച്ചു നിർത്താം. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പു നീക്കിയ പാലുൽപ്പന്നങ്ങള്‍, മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ ഇവയെല്ലാം ഉയർന്ന രക്തസമ്മർദം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളാണ്. രക്താതിമർദം (hypertension) ഉള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും ഉണ്ട്. ഏതൊക്കെ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണം എന്നും എന്തുകൊണ്ടാണ് അവ ഒഴിവാക്കേണ്ടത് എന്നും നോക്കാം.
∙ ഉപ്പ് : രക്തസമ്മർദത്തിലെ പ്രധാന വില്ലൻ ഉപ്പു തന്നെ. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ടിന്നിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിലും പായ്ക്കറ്റ് ഫുഡുകളിലും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്.
∙ അച്ചാർ : കറിയൊന്നും ഇല്ലെങ്കിലും തൊട്ടു കൂട്ടാൻ അല്പ്പം അച്ചാർ മതി പലർക്കും ചോറുണ്ണാൻ. എന്നാൽ അച്ചാർ പ്രേമം രക്തസമ്മർദമുള്ളവർക്ക് അത്ര നല്ലതല്ല. വളരെക്കാലം കേടാകാതെ സൂക്ഷിക്കുന്ന അച്ചാർ പോലുള്ള ഭക്ഷ്യവസ്തുക്കളിൽ ഉപ്പ് വളരെയധികം അടങ്ങിയിട്ടുണ്ട്. എത്ര കാലം കൂടുതൽ സൂക്ഷിക്കണമോ. അത്രയും സോഡിയം ഇവയിൽ കൂടുതലുണ്ടാകും. അച്ചാർ ഒഴിവാക്കുന്നതാകും നല്ലത്.
∙ പഞ്ചസാര : പഞ്ചസാര കൂടുതലായാൽ ശരീരഭാരം കൂടാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. ഉയർന്ന രക്തസമ്മർദം ഉള്ളവർ മധുരം അധികം കഴിക്കുന്നത് നല്ലതല്ല.
∙ ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ: പിസ പോലുള്ള ഫ്രോസൻ ഭക്ഷ്യവസ്തുക്കളിൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്. പിസയിൽ ഇറച്ചി, ടൊമാറ്റോസോസ്, ചീസ് ഇവയെല്ലാം ഉണ്ട്. ശീതീകരിച്ച പിസയിൽ ഉൽപ്പാദകർ രുചി നഷ്ടപ്പെടാതിരിക്കാൻ ഉപ്പ് കൂടുതൽ ചേർക്കുന്നുമുണ്ട്. ഇവ രക്തസമ്മർദമുള്ളവർ ഒഴിവാക്കേണ്ടതാണ്.
∙ സംസ്കരിച്ച ഇറച്ചി: സംസ്കരിച്ച ഇറച്ചിയിൽ സോഡിയം കൂടുതലാണ്. ഉപ്പ് ഉപയോഗിച്ച് സീസണിങ്ങ് നടത്തിയതാണിവ. സാൻഡ്‌വിച്ചിലോ ബർഗറിലോ ഈ ഇറച്ചി, അച്ചാർ, ചീസ് മുതലായവ ചേർത്ത് കഴിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടും. ഉയർന്ന രക്തസമ്മർദമുള്ളവർ ഇതും ഒഴിവാക്കേണ്ടതാണ്.
Read More : Health Magazine