ഇറച്ചിക്കു പകരക്കാരനായി ചക്ക ഉപയോഗിച്ചാലോ?

jackfruit-ripe
SHARE

നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായ ചക്ക ആളത്ര നിസ്സാരക്കാരനല്ല. പൊതുവേ നമ്മള്‍ മലയാളികള്‍ക്ക് ചക്ക ഒരു സാധാരണവിഭവമാണെങ്കിലും വിദേശത്തും മറ്റും ഇത് ഒരത്ഭുത പഴമാണ്. ഒന്നാമത് ചക്കയുടെ വലിപ്പം തന്നെ. ലോകത്ത് തന്നെ ഏറ്റവും വലിയ പഴമാണ് ജാക്ക് ഫ്രൂട്ട് എന്ന നമ്മുടെ ചക്ക. 

കാൽസ്യം, പ്രോട്ടീന്‍, അയണ്‍, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് ചക്ക. സൗത്ത്ഈസ്റ്റ്‌ ഏഷ്യയിലാണ് ചക്ക ഏറ്റവുമധികം കാണപ്പെടുന്നത്. അതില്‍ തന്നെ ഇന്ത്യയിലെ കേരളത്തിലാണ് ചക്ക ഏറ്റവുമധികം ലഭിക്കുന്നത്. 

ഗവേഷകര്‍ പറയുന്നത് ഗോതമ്പ്, ചോളം എന്നിവയ്ക്ക് പകരമായി ചക്ക ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ്. 

ചക്കയെ എങ്ങനെ ഗുണകരമായി ഉപയോഗപ്പെടുത്താമെന്നു പറയുകയാണ് ഹെർമിങ്ഹാമിലെ ദമ്പതികളായ ജോര്‍ദാന്‍ ഗ്രേസണും ഭാര്യ എബി റോബര്‍ട്ട്‌സണും. പ്രൊജക്ട് ജാക്ക്ഫ്രൂട്ട് എന്നാണ്  ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 

ഇറച്ചിക്ക് പകരമായി ചക്ക ഉപയോഗിക്കുക എന്നതാണ് ജോര്‍ദാന്റെയും എബിയുടെയും പദ്ധതി. ഇത് ബാര്‍ബിക്യൂ പോലുള്ള രീതിയില്‍ ചെയ്‌താല്‍ ഇറച്ചിയെക്കാള്‍ രുചികരമാകും എന്നും ഇവര്‍ പറയുന്നു. 

പാവപ്പെട്ടവന്റെ പഴം എന്നാണു ചക്ക പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ ചക്കയുടെ വിപണനസാധ്യതകളെ എങ്ങനെ വിപുലപ്പെടുത്താം എന്ന രീതിയില്‍ ഇപ്പോള്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. 

പ്രൊജക്ട് ജാക്ക്ഫ്രൂട്ട് പദ്ധതി പ്രകാരം ചക്ക പഴുക്കുന്നതിനു മുൻപു തന്നെ അവ ഉപയോഗപ്പെടുത്തുന്നു. ആ സമയത്തു പോര്‍ക്ക്‌ പോലെ രുചികരമാണ് ചക്ക എന്നാണ് ഇവര്‍ പറയുന്നത്. 

സോസുകളും മസാലകളും നന്നായി സംയോജിപ്പിച്ചാല്‍ വളരെ രുചികരമായ പോര്‍ക്ക്‌ വിഭവം തന്നെയാണ് ചക്ക. യുകെയിലെ മാര്‍ക്കറ്റുകളില്‍ പോര്‍ക്കിനു പകരം ചക്ക പരിചയപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. 

ലോകത്ത് ഏറ്റവുമധികം പാഴാക്കികളയുന്നൊരു വിഭവം കൊണ്ട് ലോകത്തിന്റെ വിശപ്പടക്കാന്‍ സാധിക്കും എന്നാണ് ഇവരുടെ വാഗ്ദാനം. യുകെയിലെ വിപണികളില്‍ മാത്രമല്ല ലോക വിപണിയില്‍ തന്നെ ചക്കയ്ക്ക് മറ്റൊരു മുഖം നല്‍കുക എന്നതാണ് ഇപ്പോള്‍ ഈ ദമ്പതികളുടെ ലക്‌ഷ്യം. എന്തായാലും നമ്മുടെ നാട്ടിൻപുറത്തുകാരന്‍ ചക്കയുടെ മേക്കോവര്‍ കണ്ടിരുന്നു കാണാം. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA