പ്രാതല്‍ ഒഴിവാക്കുന്നവർ സൂക്ഷിച്ചോളൂ; ഏതു നേരവും ഈ രോഗങ്ങൾ പിടികൂടാം

പ്രാതല്‍ രാജാവിനെ പോലെ വേണം കഴിക്കാന്‍ എന്ന് പണ്ടുള്ളവര്‍ പറയുന്നത് വെറുതെയല്ല. പ്രാതലിനു നമ്മുടെ ജീവിതത്തില്‍ ഉള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ പറച്ചിൽ. കാരണം ഒരുദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യാന്‍ പ്രാതലിനു സാധിക്കും. 

ഒരുദിവസത്തിന്റെ തുടക്കത്തില്‍ നമ്മള്‍ കഴിക്കുന്ന ആഹാരമാണ് പ്രാതല്‍. രാത്രി നേരത്ത് നമ്മള്‍ അധികം ആഹാരം കഴിക്കാറില്ല. മാത്രമല്ല മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിനു ശേഷമാണ് പ്രാതല്‍ കഴിക്കുന്നത്‌. ദിവസത്തിന്റെ ആരംഭത്തില്‍ കഴിക്കുന്ന ഈ ഭക്ഷണത്തില്‍ നിന്നു വേണം ശരീരത്തിന് ഏറ്റവുമധികം ഊര്‍ജ്ജം വലിച്ചെടുക്കാന്‍.

പ്രാതല്‍ എന്നും പറഞ്ഞു വെറുതെ എന്തെങ്കിലുമൊക്കെ കഴിച്ചാല്‍ പോര. നല്ല പോഷകസമ്പന്നമായ ആഹാരം കഴിക്കുകത്നനെ വേണം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍, നട്സ് അങ്ങനെ എല്ലാം ഉള്‍പെട്ട ഒരു ഡയറ്റ് ആകണം പ്രാതലിന്. 

പ്രാതല്‍ ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയാനും ചില കാരണങ്ങള്‍ ഉണ്ട് . അവ എന്തൊക്കെയെന്നു ഒന്ന് നോക്കാം.

പ്രമേഹം 

രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കി ഓടുന്നവര്‍ ശ്രദ്ധിക്കൂ. നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാണ്. ടൈപ്പ് രണ്ടു വിഭാഗത്തില്‍ പെടുന്ന പ്രമേഹം ആണ് കൂടുതലും ഇത്തരക്കാര്‍ക്ക് വരാന്‍ സാധ്യത.

ഭാരം കുറയ്ക്കണോ

ഭാരം കുറയ്ക്കാന്‍ ആരും പ്രാതല്‍ ഒഴിവാക്കേണ്ട. കാരണം നന്നായി ഭാരം കുറയണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ ഒരിക്കലും ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കരുത്‌. രാത്രി അമിതമായി ആഹാരം കഴിക്കുന്നവരെക്കാള്‍ ഭാരക്കുറവ് പ്രാതല്‍ നന്നായി കഴിച്ചു രാത്രിഭക്ഷണം മിതമാക്കുന്നവര്‍ക്ക് തന്നെയാണ്. രാവിലെ ആഹാരം കഴിച്ചില്ലെങ്കില്‍ ഉച്ച നേരത്ത് കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും.

ഹൃദ്രോഗം 

ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്നു പഠനങ്ങള്‍ പറയുന്നു. രക്തസമ്മര്‍ദം, ഷുഗര്‍ അളവില്‍ വ്യത്യാസം എന്നിവ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നുണ്ട്.

നേരത്തെ പറഞ്ഞ പോലെ ദിവസം മുഴുവനുമുള്ള ഊര്‍ജ്ജം ഒരാള്‍ക്ക് ലഭിക്കുന്നത് പ്രാതലില്‍ നിന്നാണ് .അതുകൊണ്ട് തന്നെ നല്ല ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ ഒരിക്കലും പ്രാതല്‍ ഒഴിവാക്കുനതിനെ കുറിച്ചു ചിന്തിക്കേണ്ട.

Read More : Healthy Food