ചൂടുകാലം ദാഹത്തിന്റെ കാലമാണ്. ചുട്ടുപൊള്ളുന്ന വേനലാണു നമ്മെ കാത്തിരിക്കുന്നത്. ദാഹത്തെ മറികടക്കാൻ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒന്നുണ്ട്– നാരങ്ങ. മലയാളിയുടെ ദാഹത്തെ ശമിപ്പിക്കുന്ന നാരങ്ങാവെള്ളം വിലക്കുറവുകൊണ്ടും ലഭ്യതകൊണ്ടും മാത്രമല്ല കേരളീയ മനസ്സും വിപണിയും കീഴടക്കിയത്. നാരങ്ങാവെള്ളം എന്നത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന പാനീയമാണ്. ചേരുവകളും കുറച്ചുമതി. വെള്ളവും അരമുറി നാരങ്ങയും പിന്നെ അൽപം പഞ്ചസാരയോ ഉപ്പോ ചേർന്നാൽ നാരങ്ങാവെള്ളം റെഡി. ഒരു ദാഹശമനി എന്നതിലുപരിയായി നാരങ്ങ സമ്മാനിക്കുന്ന ആരോഗ്യവും ചെറുതല്ല.
ഹെൽത്ത് ഡ്രിങ്ക്
നാരാങ്ങാവെള്ളം കേവലമൊരു ശീതളപാനീയം മാത്രമല്ല, അതൊരു ഉത്തമ ഹെൽത്ത് ഡ്രിങ്ക് കൂടിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതു പ്രായക്കാർക്കും മികച്ചൊരു ദാഹശമനിയാണു നാരങ്ങാവെള്ളം. ഏതവസരത്തിലും, പ്രത്യേകിച്ച് വേനൽക്കാലത്തു ക്ഷീണം, തളർച്ച, ജലാംശനഷ്ടം എന്നിവയ്ക്കു പ്രതിവിധിയാണു പ്രകൃതി സമ്മാനിക്കുന്ന ഈ പാനീയം. ശരീരത്തിൽനിന്ന് ഏറ്റവും കൂടുതൽ മൂലകങ്ങളും ഉപ്പും ജലാംശവും നഷ്ടപ്പെടുന്നത് വേനൽക്കാലത്താണ്. നാരങ്ങാവെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും പോഷകങ്ങളും മറ്റു സൂക്ഷ്മമൂലകങ്ങളുമാണു നാരങ്ങയെ ഗുണമുള്ളതാക്കുന്നത്.
ജീവകം–സിയുടെ കലവറ
ജീവകം–സി ധാരാളമായി അടങ്ങിയിട്ടുള്ള സിട്രസ് പഴമാണു നാരങ്ങ. വൈറ്റമിൻ–സിയുടെ സാന്നിധ്യമാണു നാരങ്ങയ്ക്കു ഗുണങ്ങൾ സമ്മാനിക്കുന്ന പ്രധാന ഘടകം. പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ കുറഞ്ഞതു 40 മി.ഗ്രാം വൈറ്റമിൻ–സിയാണ് ആവശ്യമായി വരുന്നത്. നൂറു ഗ്രാം നാരങ്ങാനീരിൽ ഏതാണ്ട് 63 മി.ഗ്രാം വൈറ്റമിൻ–സി അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെയും കലകളുടെയുമൊക്കെ നിർമാണത്തിൽ വൈറ്റമിൻ-സിയുടെ പങ്ക് വളരെ വലുതാണ്. ഇതിലൂടെ അസ്ഥികളുടെയും തരുണാസ്ഥികളുടെയും രൂപീകരണത്തിലും സഹായിക്കുന്നു. ശരീരകലകളുടെ ആരോഗ്യത്തിനും അസ്ഥികളുടെ ഉറപ്പിനും വൈറ്റമിൻ–സി ഉത്തമമാണ്. രോഗാണുബാധയെ പ്രതിരോധിക്കുന്നതിലും വൈറ്റമിൻ–സി പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിലൂടെ ജലദോഷം, പനി എന്നിവയെ അകറ്റിനിർത്തുന്നതിലും ഈ ജീവകം ഏറെ സഹായകമാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്കു നൽകാവുന്ന നല്ലൊരു പാനീയമാണു നാരങ്ങാവെള്ളം. വൈറ്റമിൻ–സി മികച്ചൊരു ആന്റിഓക്സിഡന്റാണ്. അതുകൊണ്ടു കാൻസറിനെതിരെ പ്രതിരോധകവചം തീർക്കാൻ നാരങ്ങയ്ക്കാവും.
Read More : നാരങ്ങാവെള്ളം അത്ര നിസ്സാരക്കാരനല്ല
ജീവകം കൂടാതെ കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെയും കലവറയാണു നാരങ്ങ. അതുപോലെ നാരങ്ങയുടെ അല്ലിയിൽ അടങ്ങിയിരിക്കുന്ന ഏതാനും ഫൈറ്റോകെമിക്കലുകളുണ്ട് – പോളിഫീനോൾ, ടെർപീനുകൾ തുടങ്ങിയവ. ഇത്തരം പോഷകമൂല്യള്ള ഘടകങ്ങളും ശരീരത്തിന് ഉത്തമമാണ്.
ഗുണങ്ങൾ വേറെയും
ദഹനത്തെ സഹായിക്കുന്ന കാര്യത്തിലും നാരങ്ങയ്ക്കു പങ്കുണ്ട്. കുടലിന്റെ സൂക്ഷ്മമായ ചലനങ്ങളെ ഉത്തേജിപ്പിക്കുകവഴി ഭക്ഷണം ആഗിരണം ചെയ്യാനും സഹായകരമാണ്. മലിനവസ്തുക്കളുടെ വിസർജനത്തെയും നാരങ്ങാനീരിലെ ഘടകങ്ങൾ സഹായിക്കും. നാരങ്ങയിലെ പെക്ടിക് ഫൈബറുകൾ കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഇത്തരം ഫൈബറുകൾ അമിതമായ വിശപ്പ് നിയന്ത്രിക്കുകയും കൂടുതൽ കലോറികൾ ഉണ്ടാകുന്നതു തടയുകയും ചെയ്യും. അണുക്കളെ നശിപ്പിക്കാനുള്ള ഇവയുടെ കഴിവും അപാരമാണ്. ശരീരത്തിന്റെ പിഎച്ച് നില നിലനിർത്താനും നാരങ്ങയിലെ പോഷകങ്ങൾക്കു കഴിവുണ്ട്.
ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളുടെ വികസനത്തിൽ മുഖ്യമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കുക വഴി രക്തസമ്മർദത്തെയും സ്വാധീനിക്കുന്നു. രക്തധമനിരോഗങ്ങൾ, പക്ഷാഘാതം എന്നിവ ഒഴിവാക്കാനും നാരങ്ങ സഹായിക്കും. അതുകൊണ്ടു രക്തസമ്മർദമുള്ളവർക്കു നാരങ്ങാവെള്ളം ഉത്തമമാണ്. പ്രമേഹരോഗികൾക്കും നല്ലൊരു പാനീയമാണു നാരങ്ങാവെള്ളം. നാരങ്ങയുടെ ഗ്ലൈസീമിക് ഇഫക്ട് കുറവായതിനാലാണ് ഇത്.
ബ്ലഡ് പ്യൂരിഫയർ
അമിതവണ്ണം തടയാനുള്ള നാരങ്ങയിലെ ഘടകങ്ങളുടെ ശക്തിയും എടുത്തുപറയേണ്ടതാണ്. നാരങ്ങയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ ആന്റിഓക്സിഡന്റുകൾക്കു വണ്ണം കുറയ്ക്കാനുള്ള കഴിവുണ്ടെന്നു പഠനങ്ങൾ പറയുന്നു. അതുപോലെ ശരീരത്തിനുള്ളിലെ വിഷാംശമുള്ള മലിനവസ്തുക്കളെ പുറന്തള്ളുന്ന നാരങ്ങയുടെ ഡീടോക്സിഫിക്കേഷൻ ഇഫക്ടും അപാരമാണ്. ബൈൽ ഉൽപാദനത്തെ സഹായിക്കുകയം അങ്ങനെ മികച്ചൊരു ബ്ലഡ് പ്യൂരിഫയറായും നാരങ്ങ പ്രവർത്തിക്കുന്നു. ഹൃദയധമനികളെ ബലപ്പെടുത്താനുള്ള കഴിവും നാരങ്ങയിലെ ചില ഘടകങ്ങൾക്കുണ്ട്. കരളിനു ബലം നൽകുന്നതിലും നാരങ്ങയ്ക്കു കഴിവുണ്ട്. ത്വക്കിന്റെ ആരോഗ്യം നിലനിർത്തുന്ന കാര്യത്തിലും നാരങ്ങയ്ക്കു കഴിവുണ്ട്. തൊലിപ്പുറത്തെ ചുളിവുകൾ തടയാനുള്ള കഴിവും അപാരമാണ്.
Read More : സ്ഥിരമായി നാരങ്ങാവെള്ളം കുടിച്ചാൽ?
മൂത്രത്തിലെ കല്ല് ഒഴിവാക്കാനും ഒരുപരിധിവരെ നാരങ്ങ സഹായിക്കും. കാൽസ്യം ചില വസ്തുക്കളുമായി ചേർന്നാണു കല്ലുണ്ടാകുന്നത്. സിട്രൈറ്റുകൾ ഇത്തരം കല്ലുകളുടെ ഉൽപാദനത്തെ തടയും. ഓർമശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ സ്വാഭാവിക വളർച്ചയെ ഉത്തേജിപ്പിക്കാനും നാരങ്ങയ്ക്കു കഴിവുണ്ട്.
രുചികൂട്ടാം, സോഡ വേണ്ട
തേനോ മിന്റോ ഇഞ്ചിയോ ചേർത്ത് നാരങ്ങാവെള്ളത്തിന്റെ രുചികൂട്ടാം. എന്നാൽ സോഡ ഒഴിച്ചുള്ള നാരാങ്ങാവെള്ളം വേണ്ടെന്ന് ആരോഗ്യവിദഗ്ധർ. സോഡ ചേർത്ത് നാരങ്ങാവെള്ളം താൽക്കാലികമായി ദാഹത്തെ ശമിപ്പിക്കുമെങ്കിലും ഇതു കാർബണേറ്റഡ് ഡ്രിങ്ക്സിന്റെ അതേ ഫലമാണു നൽകുന്നത്.
നിയന്ത്രിക്കേണ്ടവർ
വൃക്കരോഗികളും ഡയാലിസിസിനു വിധേയരാകുന്നവരും നാരങ്ങ ഉപയോഗിക്കാൻ പാടില്ല. നാരങ്ങയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യമാണ് ഇതിനു കാരണം. അതുപോലെ സിട്രിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ അസിഡിറ്റിയുടെ പ്രശ്നമുള്ളവർ നാരങ്ങാവെള്ളം നിയന്ത്രിക്കണം.
∙ വിവരങ്ങൾക്ക് കടപ്പാട്
ഡോ. ബി. പത്മകുമാർ,
പ്രഫസറും വകുപ്പുതലവനും,
മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കൊല്ലം.