വേനലാണ്, പാലിലും പണി കിട്ടും

Milk
SHARE

വേനലാണ്. മിൽക്ക് ഷെയ്ക്കും ഫലൂദയും മിൽക്ക് സർബത്തുമൊക്കെ  ഇഷ്‌ം പോലെ അകത്താക്കും. പക്ഷേ സൂക്ഷിക്കുക പാലും വെള്ളത്തിലല്ല പാലിൽ തന്നെ പണി കിട്ടും. 

ഫലൂദയും മിൽക്ക് ഷെയ്ക്കും ഒക്കെ തയാറാക്കാൻ ഉപയോഗിക്കുന്ന പാലിന്റെ പഴക്കം ആരും നോക്കാറില്ല എന്നതാണ് പ്രശ്നം, ഒരുപാട് മധുരവും ടൂട്ടി ഫ്രൂട്ടിയും പഴങ്ങളും ചോക്ലേറ്റും എല്ലാം ചേർന്നു പാലിന്റെ രുചിഭേദമൊന്നും അറിയാൻ പോകുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം ആഹാര സാധനങ്ങൾ ശ്രദ്ധിച്ചു കഴിക്കണം. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും പ്രധാനമാണ്. പാല് പിണങ്ങിയാലും പിരിഞ്ഞാലും അതു പോലെ മോശം സാധനമില്ല.  

പാലിൽ പണി വരുന്ന വഴി 

നമുക്ക് പാൽ വേണം, പശു വീട്ടിൽ ഇല്ല.  നേരെ പാൽ വാങ്ങാൻ  കടയിലേക്ക് ചെല്ലുന്നു.  കടയിൽ വച്ചിരിക്കുന്ന ഒരു പായ്ക്കറ്റ് പാൽ  വാങ്ങിച്ചു വരുന്നു.  കുറച്ചു കഴിഞ്ഞ്  എടുക്കേണ്ടതല്ലേ എന്നു കരുതി അടുക്കളയിൽ തന്നെ പാൽ വയ്ക്കുന്നു. പാൽ തിളപ്പിക്കാൻ, അടുപ്പിൽ വയ്ക്കുമ്പോഴേക്കും പിരിഞ്ഞിരിക്കുന്നു. പാലു മാത്രമല്ല തൈര്, വെണ്ണ പോലെ പല  ഉൽപന്നങ്ങൾക്കും  ഈ പ്രശ്നം ഉണ്ട്.  

പരമാവധി  ഉപയോഗ തീയതിയെല്ലാം നോക്കി  വാങ്ങാൻ  നമ്മൾ പഠിച്ചിട്ടുണ്ട്. പക്ഷേ അതു മാത്രം പോര. ഏതു ഭക്ഷണപദാർത്ഥവും കേടു കൂടാതെ ഉപയോഗിക്കാൻ കഴിയുന്ന കാലയളവാണ്  ഷെൽഫ് ലൈഫ്. ആ സമയപരിധിക്ക്  ശേഷം ഭക്ഷണം ഗുണനിലവാരത്തോടെ ഉപയോഗിക്കാൻ കഴിയില്ല, എന്നു മാത്രമല്ല മാർക്കറ്റിൽ തുടരാനും പാടില്ല.

ഷെൽഫ് ലൈഫ് മാത്രം നോക്കി സാധനം വാങ്ങിയാൽ പണി പാളും. ഉപയോഗിക്കാവുന്ന കാലയളവിനൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ്, ഭക്ഷണം സൂക്ഷിക്കേണ്ട ഊഷ്മാവ്. ഓരോ ഭക്ഷണ സാധനവും, സൂക്ഷിക്കേണ്ട രീതിയിൽ സൂക്ഷിച്ചാണോ നമുക്ക് ലഭിക്കുന്നത് എന്ന് ആലോചിക്കണം. 

ഇനിയാണ് പ്രധാന കാര്യം, പാലും തൈരും എല്ലാം എത്ര നാൾ ഉപയോഗിക്കാം എന്നതിനൊപ്പം, എത്ര ഊഷ്മാവിൽ സൂക്ഷിച്ചാലാണ്, അത്രയും സമയം കേടുകൂടാതെ ഇരിക്കുക, എന്നും പാക്കറ്റിൽ കൃത്യമായി എഴുതിയിട്ടുണ്ട്. ‌‌(അതൊന്നും നമ്മൾ വായിക്കാറില്ലെങ്കിലും ) . തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ട ഇത്തരം പെട്ടെന്ന് കേടാവുന്ന ഉൽപന്നങ്ങൾ പാതയോരത്തും കടത്തിണ്ണയിലും വച്ചിരുന്നാൽ, അതു വാങ്ങി ഉപയോഗിക്കണോ. പാക്കറ്റ് പാലിനും തൈരിനും നല്ല ഡിമാൻഡ് ഉള്ളതുകൊണ്ട്, കടയിൽ എങ്ങനെ വച്ചാലും ചെലവാകും എന്നുള്ള ധാരണ തിരുത്തേണ്ടത് കാശു മുടക്കി സാധനം വാങ്ങുന്നവർ തന്നെയാണ്.

Read More : അറിയാം പാലിന്റെ മേൻമകളും കുറവുകളും

ചില നിർദേശങ്ങൾ 

∙ സിപ് അപ്പ്, ഐസ്ക്രീം, തൈര്, സംഭാരം, ലസ്സി, ശീതളപാനീയങ്ങൾ തുടങ്ങി വേനലിൽ ആശ്വാസമാകുന്ന ഏതുൽപന്നവും  വിശ്വാസ്യതയുള്ള  കടകളിൽ നിന്നോ മികച്ച ഗുണമേന്മയുണ്ട് എന്നു ബോധ്യമുള്ളതോ നോക്കി മാത്രം വാങ്ങുവാൻ ശ്രദ്ധിക്കുക. 

∙ എല്ലാ പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളും സൂക്ഷിക്കാൻ കഴിയുന്ന സമയത്തിനു ശേഷവും ഫ്രീസിറിൽ വച്ചുപയോഗിക്കുന്ന പ്രവണതയും നല്ലതല്ല. 

∙ പാലിന്റെ പാക്കറ്റിൽ‘യൂസ് ബൈ ഡേറ്റ് ’  ആണ് മിക്കവാറും ഉണ്ടാവുക. എന്നു വച്ചാൽ, ഏതു തീയതിക്കുള്ളിൽ ഉപയോഗിച്ചു തീർക്കാം എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലവും അന്തരീക്ഷവും കൂടി പരിഗണിക്കേണ്ടതുണ്ട്.

∙ ഉപ്പു ചേർത്ത വെണ്ണ  12 മാസങ്ങൾ വരെ നാല് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ താഴെ ഉപയോഗിക്കാമെന്ന് എഴുതിയാൽ, അങ്ങനെ സൂക്ഷിക്കാത്ത വെണ്ണയ്ക്കു 12 മാസം ഉപയോഗിക്കാനുള്ള കാലയളവ് ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്

.∙ ടൊമാറ്റോ സോസ്, കണ്ടെൻസ്ഡ് മിൽക്ക് എന്നിവയ്ക്ക് മാസങ്ങൾ ഷെൽഫ് ലൈഫ് ഉണ്ട്. എന്നാൽ ഒരിക്കൽ പാക്കറ്റ്/കുപ്പി തുറന്നാൽ, തണുത്ത അന്തരീക്ഷത്തിൽ/റെഫ്രിജറേറ്ററിൽ സൂക്ഷിക്കുവാൻ നിഷ്കർഷിച്ചിട്ടുണ്ട്

∙ സാധാരണ അന്തരീക്ഷത്തിൽ 'പെട്ടെന്ന് കേടാകാത്ത' തൈരും പാലും ലസ്സിയും സംഭാരവുമൊക്കെ കിട്ടുന്നുണ്ടെങ്കിലും സൂക്ഷിക്കണം. പാൽ തൈരായി മാറുന്നതിന് സാധാരണയായി 6-14 മണിക്കൂർ വരെ ഊഷ്മാവ് അനുസരിച്ചു സമയം മതി. തുടർന്ന് തണുത്ത അന്തരീക്ഷത്തിൽ മാത്രമാണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കിൽ ഫെർമെന്റഷൻ (പാലിലെ ലാക്ടോസ് ലാക്ടിക് ആസിഡ് ആകുന്നു) നടന്നു പുളിപ്പ് കൂടുകയും, വാതകങ്ങൾ ഉണ്ടായി, പാക്കറ്റ് വീർത്തു വരുകയും ചെയ്യും.  ദീർഘ നേരം അന്തരീക്ഷ ഊഷ്മാവിൽ ഇരുന്നിട്ടും പാലും തൈരും കേടാവുന്നില്ലെങ്കിൽ,ൃ സംഗതി  'വ്യാജനാണ് ’ എന്ന് സംശയിക്കാം.

∙ ലേബൽ ഇല്ലാത്ത, പായ്ക്ക് ചെയ്ത ഭക്ഷണ വസ്തുക്കൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്

തയാറാക്കിയത് 

വി.എസ് ഹർഷ
ക്ഷീരവികസന ഓഫിസർ
കൽപറ്റ, വയനാട് 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA