ഓട്സ് ചുമ്മാതെ കഴിച്ചാല്‍ പോര; ദാ ഇങ്ങനെ കഴിക്കണം 

oats
SHARE

ഓട്സിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചു നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. മികച്ച പോഷക ഗുണങ്ങളുള്ള  ഓട്സ് മിക്കവരുടെയും പ്രാതല്‍ വിഭവങ്ങളില്‍ ഇടം നേടിയതുമാണ്‌. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളമടങ്ങിയ ഓട്സ് ഭാരം ക്രമീകരിക്കാനും മികച്ചതാണ്. 

എന്നാല്‍ വെറുതെ അങ്ങ് കഴിച്ചാല്‍ പോര കഴിക്കേണ്ട പോലെ കഴിച്ചാല്‍ മാത്രമേ ഓട്സ് ഉദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. ഓട്സ് ഉണ്ടാക്കിയിട്ട് അതിന്റെ മുകളില്‍ മധുരമുള്ള ടോപ്പിങ്സ് ചേര്‍ത്തു കഴിച്ചാല്‍ ഒരു ഗുണവും ലഭിക്കില്ല. എങ്ങനെയൊക്കെ ഓട്സ് ഉപയോഗിക്കാം എന്നു നോക്കാം.

മധുരം വേണ്ട, ഇന്‍സ്റ്റന്റ് ഓട്സും

യാതൊരുവിധ ഫ്ലേവറുകളും ചേര്‍ക്കാത്ത ഓട്സ് വാങ്ങുക. പായ്ക്ക് ചെയ്തു ലഭിക്കുന്ന ഓട്സ് പലപ്പോഴും അമിതമായി ഷുഗര്‍ ചേര്‍ത്തത് ആണ്. ഇതിലെ ആവശ്യമില്ലാത്ത കാലറി നിങ്ങൾക്ക് വിനയാകുകയേയുള്ളൂ. ഫ്ലേവര്‍ ഓട്സില്‍  70  ശതമാനം ആണ് അധിക കാലറി. അതുകൊണ്ട് സാധാരണ പ്ലെയിന്‍ ഓട്സ് വാങ്ങുക.

ഫൈബര്‍ ടോപ്പിങ്സ് മതി

വണ്ണം കുറയ്ക്കാന്‍ ഏറ്റവും സഹായകമായ ഒന്നാണ് ഫൈബര്‍. അത് ഓട്സില്‍ ധാരാളം ഉണ്ട്. എന്നാല്‍ രുചി കൂട്ടാന്‍ ഓട്സ് കഴിക്കുമ്പോള്‍ മധുരം ചേര്‍ത്താല്‍ വിപരീതഫലം ആകും ലഭിക്കുക. ഇനി എന്തെങ്കിലും ടോപ്പിങ്സ് വേണമെന്നു തോന്നിയാല്‍ റാസ്‌ബെറി, ബ്ലൂബെറി, സ്ട്രോബെറി എന്നിവ ചേര്‍ത്തു കഴിക്കൂ. 

ഫാറ്റി ടോപ്പിംഗ്സ് വേണ്ടേവേണ്ട

മേപ്പിള്‍ സിറപ്, തേന്‍ എന്നിവ ചേര്‍ത്തു കഴിക്കുന്നത്‌ ഗുണകരം തന്നെ. പക്ഷേ ഇതില്‍ അധിക കാലറി ഉണ്ട്. അത് വണ്ണംവയ്ക്കാനാണ് സഹായിക്കുന്നത്. ഒരു എത്തപ്പഴം അല്ലെങ്കില്‍ ഷുഗര്‍ കുറഞ്ഞ എന്തെങ്കിലും സ്വീറ്റ്നറുകള്‍ എന്നിവ ചേര്‍ത്തു കഴിക്കുന്നതാണ് നല്ലത്. 

പീനട്സ് ബട്ടര്‍ ചേര്‍ക്കുന്നതിനെ കുറിച്ചു ചിന്തിക്കണ്ട. രണ്ടേരണ്ടു ടേബിള്‍ സ്പൂണ്‍ പീനട്ട് ബട്ടറില്‍ 188 കാലറി ഉണ്ടെന്നു ഓര്‍ക്കുക. പാലും വെള്ളവും ചേര്‍ത്ത് അതില്‍ ഓട്സ് വേവിച്ചു കഴിക്കുന്നത്‌ നല്ലതാണ്.

എങ്ങനെ കഴിക്കാം?

നേരത്തേ പറഞ്ഞ പോലെ കാലറി കുറഞ്ഞ എന്തും ഓട്സിന്റെ കൂടെ ചേര്‍ത്തു കഴിക്കാം. ഇത് മാറ്റി മാറ്റി പരീക്ഷിക്കാം. ആല്‍മണ്ട് മില്‍ക്ക്, ഏത്തക്ക പുഴുങ്ങിയത് അങ്ങനെ എന്തും ചേര്‍ക്കാം. അല്ലെങ്കില്‍ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ത്തും കഴിക്കാം. ഇത് ഓട്സ് കഴിക്കുന്നതില്‍ വ്യത്യസ്തത കൊണ്ട് വരും. 

ഒന്നോ രണ്ടോ മുട്ടയുടെ വെള്ള ചേര്‍ത്ത് ഓട്സ് കഴിക്കുന്നതും നല്ലതാണ്. പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയ ഈ മീല്‍സ് തീര്‍ച്ചയായും ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ഓട്സ് മീല്‍ ഡയറ്റ്?

ഓട്സ് പ്രധാനാഹരമാക്കി കഴിക്കുന്നതിനെയാണ് ഓട്സ് മീല്‍സ് എന്നു പറയുന്നത്. ഇത് രണ്ടു തരത്തിലാണ്. ആഴ്ചയില്‍ മൂന്നു ദിവസം ഓട്സ് മീല്‍സ് മെയിന്‍ കോഴ്സ് ആയി കഴിക്കുക. പഴങ്ങള്‍ ചേര്‍ത്ത് ഇത് കഴിക്കാം.

രണ്ടാം ഘട്ടത്തില്‍ ഓട്സ് ദിവസവും ഒന്നോ രണ്ടോ വട്ടം കഴിക്കാം. ബാക്കി നേരങ്ങളിലെ ആഹാരത്തില്‍ കാലറി കുറഞ്ഞിരിക്കണം എന്നതും ശ്രദ്ധിക്കണം. 

ഇന്‍സ്റ്റന്റ് ഓട്സ് ഈ ഘട്ടത്തില്‍ വേണമെകില്‍ ഉപയോഗിക്കാം. കൂടെ ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ചേര്‍ക്കാം. 

ഓട്സ് മീല്‍സ് ഗുണങ്ങള്‍ 

ഹൃദയത്തിന്റെ ആരോഗ്യം കാക്കാന്‍ ഓട്സ് മീല്‍സ് മികച്ചതാണ്. colorectal കാന്‍സര്‍ വരാതെ തടുക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയതിനാൽ ദഹനവും എളുപ്പത്തിലാക്കുന്നു. 

Read More : Weightloss Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA