ദിവസവും ഇഞ്ചി കഴിച്ചാല്‍?

ginger
SHARE

ഇഞ്ചിയെ കുറിച്ചു മലയാളികളോട് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. എങ്കിലും ഇഞ്ചിയുടെ മഹാത്മ്യത്തെ കുറിച്ചു ഇപ്പോഴും നമ്മള്‍ വേണ്ടത്ര ബോധവാന്മാരല്ല. ആവശ്യത്തിലധികം ഔഷധഗുണങ്ങള്‍ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി.  ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്. 

ഇഞ്ചി നല്ലോരു രോഗഹാരിയും ഒപ്പം ഒറ്റമൂലിയുമാണ്. ഇഞ്ചി കഴിക്കുന്നത്‌ വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചു ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. ദിവസവും ഇഞ്ചി കഴിച്ചാലുള്ള ഫലങ്ങള്‍ നോക്കാം.

ഹൃദയത്തിന്റെ സുഹൃത്ത് 

അതേ ഇഞ്ചിയെ തന്നെയാണ് ഉദേശിക്കുന്നത്. ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മറ്റൊന്നും വേണ്ട. വെറും മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ച കൊളസ്ട്രോള്‍ ഉണ്ടായിരുന്ന 85 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍  45 ദിവസം കൊണ്ട് ഇവരുടെ കൊളസ്ട്രോള്‍ നില താഴ്ന്നതായി കണ്ടെത്തിയിരുന്നു. രക്തസമ്മര്‍ദം, സ്ട്രോക്ക് എന്നിവയെല്ലാം തടയാന്‍ ഇഞ്ചി മികച്ചതുതന്നെ.

ജലദോഷം പമ്പകടക്കും

ജലദോഷത്തെ പടിക്കു പുറത്തുനിര്‍ത്താന്‍ ഇഞ്ചിക്ക് അപാരകഴിവാണ്. ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും. ആന്റി ഓക്സിഡന്റ് ഇഞ്ചിയില്‍ ധാരാളമുണ്ട്.

തലകറക്കമുണ്ടോ എങ്കില്‍ ഇഞ്ചി തന്നെ ശരണം

ഗര്‍ഭകാലത്തെ തലകറക്കം മിക്ക സ്ത്രീകള്‍ക്കും ഒരു പ്രശ്നമാണ്. ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.

ദഹനപ്രശ്നങ്ങള്‍ 

എന്തുതരം ദഹനപ്രശ്നം ആണെങ്കിലും ഇഞ്ചി അതൊക്കെ മാറ്റി തരും. വയറിളക്കം ശമിക്കാന്‍ പോലും ഇഞ്ചി ബെസ്റ്റ് തന്നെ.

മൈഗ്രൈന്‍

മിക്കവരെയും അലട്ടുന്ന ഒരു രോഗമാണ് മൈഗ്രൈന്‍. ഇഞ്ചി ഇതിനും ഒരു പരിഹാരമാണ്. സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്റെ മരുന്നിനു തുല്യമാണ് ഇഞ്ചി എന്നറിയുക. തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നത് തടയാന്‍ ഇഞ്ചിയുടെ നിത്യോപയോഗം കൊണ്ട് സാധിക്കും.

വണ്ണം കുറയ്ക്കണോ

വണ്ണം കൂടുന്നതില്‍ വിഷമിക്കുന്നവര്‍ക്ക് ഇഞ്ചി തന്നെ അഭയം. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ വണ്ണം ഈസിയായി ഇഞ്ചി കുറച്ചു തരും. ദഹനം എളുപ്പമാക്കി ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാന്‍ ഇഞ്ചിക്ക് കഴിയും. രാവിലെ ഇഞ്ചി കഴിക്കുകയോ ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കുകയോ ചെയ്‌താല്‍ അമിത വിശപ്പും ഒഴിവാകും. ശരീരത്തിന്റെ ആകാരഭംഗിയും നിലനില്‍ക്കും. രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കാലറിയോളം കൊഴുപ്പാണ് കത്തിതീരുന്നത്. 

ലൈംഗികജീവിതത്തില്‍ വരെ ഇഞ്ചിയ്ക്ക് സുപ്രധാനപങ്കുണ്ട്. ഉദ്ധാരണശേഷിയില്‍ തകരാര്‍ സംഭവിച്ചവര്‍ക്ക് അത് വീണ്ടെടുക്കാന്‍ ഇഞ്ചിയെ ആശ്രയിക്കാം. കൂടാതെ നല്ലയുറക്കം ലഭിക്കാനും, വായ്നാറ്റം അകറ്റാനുമെല്ലാം ഇഞ്ചി ഉത്തമമാണ്. ഇനി പറയൂ, ഇഞ്ചി ആള് ചില്ലറക്കാരനാണോ ?

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA