ലോകാരോഗ്യസംഘടനയുടെ 2012 ലെ കണക്കുകള്‍ പ്രകാരം ലോകത്ത് അർബുദം മൂലം ചികിത്സ തേടുന്നവരുടെ എണ്ണം പതിനാലുമില്യന്‍ ആയിരുന്നു. ഇതില്‍ തന്നെ 8.2 മില്യന്‍ ആളുകള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. അടുത്ത ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ഇരട്ടിക്കുമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നതും.
എന്തുകൊണ്ടാണ് കാന്‍സര്‍ വരുന്നത്? ഈ ചോദ്യത്തിന് തൃപ്തികരമായ ഒരുത്തരം നല്‍കാന്‍ ഡോക്ടർമാര്‍ക്കു പോലും സാധിച്ചിട്ടില്ല. എന്തൊക്കെ കാര്യങ്ങള്‍ ഒഴിവാക്കിയാലാണ് കാന്‍സറിന്റെ പിടിയില്‍ നിന്നും രക്ഷനേടാന്‍ സാധിക്കുക. വര്‍ഷാവര്‍ഷം പലതരത്തിലെ കാന്‍സറുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചർമം, സ്തനം, വായ, ശ്വാസകോശം, ഗര്‍ഭപാത്രം, അങ്ങനെ ശരീരത്തിലെ ഏതാവയവത്തെയും കാന്‍സര്‍ ബാധിക്കാം.
കാന്‍സറിന് കാരണമാകും എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ആഹാരസാധനങ്ങൾ നോക്കാം. നമ്മള്‍ ദിനംപ്രതി അവയിൽ പലതും ഉപയോഗിക്കുന്നവയാണെന്ന് അറിയുമ്പോള്‍ ഞെട്ടുക സ്വാഭാവികം.
കാന്‍ഡ് തക്കാളി
നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന തക്കാളി ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാല്‍ കാനില്‍ ലഭിക്കുന്ന തക്കാളി നല്ലതാണോ ? അല്ല എന്നു തന്നെയാണ് ഉത്തരം. Bisphenol-A ( BPA) ഇതാണ് മിക്ക കാന്‍ ഫുഡുകളുടെയും അടപ്പിലെ ലൈനിംഗില്‍ ഉപയോഗിക്കുന്നത്. ഇതാണ് ഇവയെ വിഷമയമാക്കുന്നത്. ഉയര്‍ന്ന അളവില്‍ ആസിഡ് അടങ്ങിയതാണ് തക്കാളി. ഈ രാസവസ്തു തക്കാളിയുമായി ചേരുമ്പോള്‍ കൂടുതല്‍ മാരകമാകുന്നു. ഇനി കാനില്‍ തന്നെ വാങ്ങണം എന്നുണ്ടെങ്കില്‍ കുപ്പികളില്‍ ലഭിക്കുന്നവ വാങ്ങുക.
സോഡ
ദിവസവും ഒന്നോ അതില്‍ കൂടുതലോ സോഡാ കുടിക്കുന്നവര്‍ക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഗവേഷകര്‍ പറയുന്നു. ഷുഗര്‍ ആവശ്യത്തിലധികം അടങ്ങിയ, ഉപയോഗശൂന്യമായ കാലറി ധാരാളം അടങ്ങിയതാണ് ഈ സോഡ. അമിതവണ്ണം മാത്രമല്ല ഇത് ആരോഗ്യത്തിനും ഭീഷണി തന്നെ. കൂടാതെ ഇതിലെ കൃത്രിമനിറങ്ങള്‍ മാരകമാണ്.
പൊട്ടറ്റോ ചിപ്സ്
കഴിക്കാനൊക്കെ അതീവരുചികരം തന്നെ. പക്ഷേ ഇത് ആരോഗ്യത്തിനു നല്ലതല്ല. ഫാറ്റ്, കാലറി എന്നിവയെല്ലാം ധാരാളം ഉള്ള പൊട്ടറ്റോ ചിപ്സ് ട്രാന്‍സ് ഫാറ്റ് ഒരുപാട് അടങ്ങിയതുമാണ്. കൊളസ്ട്രോള്‍ കൂട്ടാന്‍ ഇതുതന്നെ ധാരാളം. ഒപ്പം ഇതില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്സ്, നിറങ്ങള്‍ ഒന്നും ശരീരത്തിന് നല്ലതല്ല.
സംസ്കരിച്ച ഇറച്ചി
ഏതൊക്കെയാണ് ഇതില്‍ ഉൾപ്പെടുന്നത് എന്ന് അത്ഭുതപ്പെടേണ്ട. ഹോട്ട് ഡോഗ്സ്, സൊസേജുകള്‍ തുടങ്ങി നമ്മള്‍ കഴിക്കുന്ന പാക്കറ്റ് ഇറച്ചി വിഭവങ്ങള്‍ വരെ ഇതിലുണ്ട്. അമിതമായി ഉപ്പു ചേര്‍ത്ത ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ എല്ലാം ആരോഗ്യത്തെ നശിപ്പിക്കും. ഫ്രഷ് ആയ ഇറച്ചി വാങ്ങി പാകം ചെയ്യുന്നത് തന്നെ എന്തുകൊണ്ടും നല്ലത്.
മദ്യം
ലോകത്താകമാനം കാന്‍സര്‍ ഉണ്ടാക്കുന്ന കാരണങ്ങളില്‍ രണ്ടാം സ്ഥാനം ഇതിനു തന്നെ. ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതുതന്നെ. പക്ഷേ അമിതമായാല്‍ അത് കരള്‍ രോഗങ്ങള്‍, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ ഉണ്ടാക്കും. വായ, അന്നനാളം, കുടല്‍, കരള്‍ സ്താനാര്‍ബുദം എന്നിവയിലേക്ക് നയിക്കാന്‍ മദ്യത്തിന് സാധിക്കും.
ഡയറ്റ് ആഹാരങ്ങൾ
ഡയറ്റ് ഫുഡുകള്‍, ലോ ഫാറ്റ് ഫുഡുകള്‍ എന്നൊക്കെ കണ്ടു വാങ്ങാന്‍ വരട്ടെ. ഇതെല്ലം കെമിക്കല്‍ ആയി പ്രോസസസ് ചെയ്തെടുക്കുന്നതാണ്. അമിത അളവില്‍ ഉപ്പ്, മധുരം,നിറങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം എന്നറിയുക. എപ്പോഴും വീട്ടില്‍ തയാറാക്കുന്ന ആഹാരം തന്നെ ഡയറ്റ് ഫുഡ് ആയി ഉപയോഗിക്കുക.
വൈറ്റ് ഫ്ലോര്‍
ഇത് നല്ലതാണ് എന്ന ചിന്ത ആദ്യം തന്നെ ഉപേക്ഷിക്കുക. മില്ലുകളില്‍ ശരിയായി നിര്‍മിച്ചാണ് ഇവ ഉണ്ടാക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇവയ്ക്കു വെള്ളനിറം നല്‍കാന്‍ കെമിക്കലുകള്‍ ഉപയോഗിക്കുന്നുണ്ട്. മാവിന് വെള്ളനിറം ലഭിക്കാന്‍ സാധാരണ ക്ലോറിന്‍ ഗ്യാസ് ആണ് ഉപയോഗിക്കുക. ഇത് ശ്വസിക്കാന്‍ പോലും പാടില്ല എന്ന് പറയുമ്പോള്‍ ഓര്‍ക്കണം നമ്മള്‍ കഴിക്കുന്നത് ഇത് കൂടിയാണ് എന്ന്. രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് ഇത് കൂട്ടും. ഒപ്പം കാന്‍സര്‍ സാധ്യതയും ക്ഷണിച്ചു വരുത്തും.
വറുത്തതും പൊരിച്ചതും
ഇവയോടും നോ പറയാം. ഉയര്‍ന്ന അളവില്‍ ഉണ്ടാക്കുന്ന പല ആഹാരസാധനങ്ങളും സത്യത്തില്‍ വിഷമയമാണ്. ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട.
ഹൈഡ്രോജനേറ്റഡ്( Hydrogenated) ഓയില്‍
കേള്‍ക്കുമ്പോള്‍ ഇതെല്ലാം പച്ചകറികളില്‍ നിന്നും എടുക്കുന്നതാണെന്ന് കരുതേണ്ട. പച്ചക്കറികളില്‍ നിന്നും ഇവ വേര്‍തിരിക്കുന്നത് കെമിക്കല്‍ വഴികളിലൂടെ തന്നെയാണ്. Omega-6 ഫാറ്റി ആസിഡ് ഇവയില്‍ ധാരാളമുണ്ട്. അമിതമായി ഉള്ളില്‍ ചെന്നാല്‍ അത് ഹൃദയാരോഗ്യത്തിന്ു നല്ലതല്ല. ഒപ്പം ചർമാർബുദം വരാനും സാധ്യതയുണ്ട്.
ഷുഗർ
റിഫൈന്‍ഡ് ഷുഗര്‍ ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കും എന്നതു മാത്രമല്ല ദൂഷ്യവശം. ട്യൂമര്‍, കാന്‍സര്‍ സെല്ലുകള്‍ എന്നിവ വളരാന്‍ വേണ്ട ഫലഭൂയിഷ്ഠമായ മണ്ണാണ് ഈ ഷുഗര്‍ എന്ന് മനസ്സിലാക്കുക. കേക്കുകള്‍, ജ്യൂസുകള്‍, സോഡ എന്നിവയെല്ലാം അമിതമായി ഷുഗര്‍ അടങ്ങിയതാണ്. അതിനാൽ ഇവ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
മൈക്രോവേവ് പോപ്‌കോൺ
ഇത് മാരകമാണ് എന്ന് ആദ്യമേ പറയട്ടെ, ഒരുതരത്തിലും ഇത് പ്രോത്സാഹിപ്പിക്കരുത്. കിഡ്നി, ബ്ലാഡര്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങളിലെ കാന്‍സറിന്റെ പ്രധാനകാരണമാണ് ഈ പോപ്‌കോണ്‍. കൂടാതെ സ്ത്രീകളില്‍ വന്ധ്യത ഉണ്ടാകാനും ഇത് കാരണമാകുന്നു. കൂടാതെ ഇതില്‍ ചേര്‍ത്തിരിക്കുന്ന സോയാബീന്‍ ഓയില്‍, പ്രിസര്‍വേറ്റീവുകള്‍ എല്ലാം ദോഷകരം തന്നെ.
Read More : Healthy Lifestyle