ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴമേതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് മാമ്പഴമാണ് .വ്യത്യസ്ത ഇനങ്ങളിൽ, നിറങ്ങളില്‍, രൂപങ്ങളിൽ ഇന്നു മാങ്ങ ലഭ്യമാണ്. പച്ച, ചുവപ്പ്, ഓറഞ്ച് ഇങ്ങനെ പോകുന്നു മാങ്ങയുടെ നിറവൈവിധ്യം. ഉള്ളോ, സുവർണ മഞ്ഞ നിറത്തിലും.
ഇരുപതോളം ജീവകങ്ങളും ധാതുക്കളും മാങ്ങയിൽ ഉണ്ട്. ഒരു കപ്പ് മാങ്ങയിൽ 100 കാലറി അടങ്ങിയിട്ടുണ്ട്. 1 ഗ്രാം പ്രോട്ടീൻ, 0.5 ഗ്രാം കൊഴുപ്പ്, 25 ഗ്രാം അന്നജം എന്നിവയുണ്ട്. ജീവകം എ ധാരാളം ഉള്ള മാമ്പഴത്തിൽ ജീവകം സി, ഇ, കെ എന്നിവയും തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ജീവകം ബി 6, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, കോളിൻ ഇവയും ഉണ്ട്.
ഒരു മാങ്ങയിൽ 0.2 മിഗ്രാം അയൺ 257 മി ഗ്രാം പൊട്ടാസ്യം, 16.5 മിഗ്രാം കാൽസ്യം, 18.2 മിഗ്രാം ഫോസ്ഫറസ്, 3.3 മിഗ്രാം സോഡിയം, 0.1 മി ഗ്രാം സിങ്ക്, 0.2 മി ഗ്രാം കോപ്പർ 1 mcg സെലെനിയം എന്നീ ധാതുക്കളും ഉണ്ട്. ആന്റി ഓക്സിഡന്റുകളായ സിസാന്തിൻ, ബീറ്റാ കരോട്ടിൻ എന്നിവയും മാമ്പഴത്തിൽ ഉണ്ട്.
പഴങ്ങളും പച്ചക്കറികളും ജീവിതശൈലീ രോഗങ്ങൾ തടയാൻ ഒരു പരിധി വരെ സഹായകമാണ്. മാമ്പഴം പോലുള്ളവ കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, മരണനിരക്ക് ഇവ കുറച്ച് ആരോഗ്യമേകും.
മാമ്പഴം എങ്ങനെയാണ് ശരീരത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതെന്നു നോക്കാം.
∙ ശരീരഭാരം കുറയ്ക്കുന്നു
മാമ്പഴം കഴിച്ചാൽ തടി കൂടും എന്നാണ് പലരും കരുതുന്നത്. എന്നാൽ മാമ്പഴത്തിൽ ജീവകങ്ങളും പോഷകങ്ങളും ധാരാളം ഉണ്ട്. ദിവസം ഒരു മാമ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് വയർ നിറഞ്ഞു എന്ന തോന്നലുണ്ടാക്കുന്നു. മാമ്പഴത്തിൽ നാരുകൾ ധാരാളം ഉണ്ട്. ഇത് ദഹനപ്രക്രിയയെ സുഗമമാക്കുന്നു. അമിതഭാരം കുറയ്ക്കുന്നു.
∙ അർബുദം തടയുന്നു
മാങ്ങയിലടങ്ങിയ നിരോക്സീകാരികൾ നിരവധി അർബുദങ്ങളിൽ നിന്നും സംരക്ഷണമേകുന്നു. സ്തനാർബുദം, മലാശയ അർബുദം ഇവ വരാതെ സംരക്ഷിക്കാൻ മാമ്പഴത്തിനു കഴിയും.
∙ കൊളസ്ട്രോൾ കുറയ്ക്കുന്നു
നാരുകൾ, പെക്ടിൻ, ജീവകം സി ഇവ ധാരാളം ഉള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
∙ കണ്ണുകൾക്ക്
മാമ്പഴത്തിൽ ജീവകം എ ധാരാളമുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. കൂടാതെ നിശാന്ധത, ഡ്രൈ ഐസ് ഇവ തടയുന്നു.
∙ ദഹനത്തിന്
ശരീരത്തിലെ പ്രോട്ടീനുകളെ വിഘടിപ്പിക്കാൻ മാമ്പഴത്തിലെ എൻസൈമുകൾക്കാകും. നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനപ്രക്രിയയെ സുഗമമാക്കുന്നു. ഉദരസംബന്ധമായ രോഗങ്ങളെ തടയുന്നു.
∙ വിളർച്ച തടയുന്നു
ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാൻ മാമ്പഴം ഫലപ്രദം
∙ ചർമത്തിന്
ആന്റി ഓക്സിഡന്റ് സംയുക്തങ്ങളായ കരോട്ടിനോയ്ഡുകൾ ആണ് മാമ്പഴത്തിന് നിറം നൽകുന്നത്. ഇവ ചർമത്തിലെ ആരോഗ്യത്തിന് നല്ലതാണ്. ഇത് ചർമത്തെ ജലാംശമുള്ളതും തിളക്കമുള്ളതും മൃദുവും ആക്കുന്നു.
∙ സന്ധികൾക്ക്
കൊളാജന്റെ നിർമാണത്തിന് ജീവകം സി അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മാമ്പഴം ധാരാളം കഴിക്കുന്നത്. കൊളാജന്റെ അളവ് കൂട്ടുകയും പ്രായമായാലും സന്ധികളെ വഴക്കമുള്ളതും ശക്തവും വേദനരഹിതവും ആക്കുന്നു.
∙ എല്ലുകൾക്ക്
മാമ്പഴത്തിൽ ജീവകം കെ ധാരാളം ഉണ്ട്. ഇത് എല്ലുകളെ ശക്തവും ആരോഗ്യമുള്ളതും ആക്കുന്നു.
∙ രക്തസമ്മർദം
മാമ്പഴത്തിൽ ഉള്ള മഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.
∙ തലച്ചോറിന്റെ ആരോഗ്യം
മാമ്പഴത്തിലെ ജീവകം ബി6 തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
∙ ലൈംഗിക ശേഷിക്ക്
മാമ്പഴത്തിലുള്ള ജീവകം ഇ പ്രത്യുൽപ്പാദനാവയവങ്ങൾക്ക് ആരോഗ്യമേകുന്നു. ബീജത്തിന്റെ ഗുണവും ചലനശേഷിയും വർധിപ്പിക്കാൻ സഹായിക്കുന്നു. ദമ്പതികൾ തമ്മിലുള്ള സ്നേഹം കൂട്ടാൻ ‘ലൗ ഫ്രൂട്ട്’ എന്നും അറിയപ്പെടുന്ന മാമ്പഴം ശീലമാക്കാം..
∙ രോഗപ്രതിരോധശക്തിക്ക്
ജീവകം സി, ജീവകം എ, മറ്റു വ്യത്യസ്തയിനം കരോട്ടിനോയ്ഡുകൾ എന്നിവ മാമ്പഴത്തിലുണ്ട്. ഇവയെല്ലാം രോഗപ്രതിരോധശക്തി വർധിപ്പിച്ച് ആരോഗ്യമേകുന്നു.
∙ ചൂടിൽ നിന്ന് രക്ഷ
ഈ വേനലിൽ കഴിക്കാൻ മാമ്പഴത്തോളം മികച്ച പഴം ഇല്ല. ഇത് ഉഷ്ണാഘാതം തടയുന്നു. മാമ്പഴം ശരീരത്തെ തണുപ്പിക്കുന്നു. ഉന്മേഷമേകുന്നു.
∙ ഗർഭിണികൾക്ക്
അയൺ, ജീവകം എ, സി, ബി6 ഇവയെല്ലാം ഗർഭിണികൾക്കു നല്ലതാണ്. ജീവകം എ നവജാത ശിശുക്കളിൽ അണുബാധ തടയുകയും. കാഴ്ചപ്രശ്നങ്ങൾ തടയുകയും ചെയ്യും. അതുകൊണ്ട് ഗർഭിണികൾ മാമ്പഴം കഴിക്കുന്നത് നല്ലതാണ്.
∙ ആസ്മയ്ക്ക്
മാമ്പഴത്തിലെ ബീറ്റാകരോട്ടിൻ ആസ്മയുടെ ലക്ഷണങ്ങളെ തടയുന്നു. കൂടാതെ ജീവകം സി യും ആസ്മ വരാതെ കാക്കുന്നു.
∙ വർക്കൗട്ടിനു ശേഷം
മാമ്പഴത്തിലടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളും ഇലക്ട്രോലൈറ്റുകളും വർക്കൗട്ടിനു ശേഷം പേശികളെ സുഖപ്പെടുത്താൻ സഹായിക്കുന്നു. മാമ്പഴത്തിലടങ്ങിയ നാച്വുറൽ ഷുഗർ, വർക്കൗട്ടിനു ശേഷമുള്ള ക്ഷീണം അകറ്റുന്നു.
∙ തലമുടിയുടെ ആരോഗ്യം
മാമ്പഴത്തിലെ ജീവകം സിയും എ യും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
മാമ്പഴത്തിന്റെ ഗുണങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. വെറുതെയാണോ മാമ്പഴത്തെ പഴങ്ങളുടെ രാജാവ് എന്നു വിളിക്കുന്നത്!
കാർബൈഡ് ഇട്ടു പഴുപ്പിച്ച മാമ്പഴത്തെക്കാൾ നമ്മുടെ പറമ്പിലെ മാമ്പഴത്തിനാവും ആരോഗ്യ ഗുണങ്ങൾ ഏറുക എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
Read More : Healthy Food