ഭക്ഷണം അതും ഫാസ്റ്റ്ഫുഡ് പുറത്തു നിന്ന് കഴിക്കുന്നത് ശീലമാക്കിയവർ അറിയാൻ, നിങ്ങൾ അനാരോഗ്യത്തെയാണ് ക്ഷണിച്ചു വരുത്തുന്നത്.
ഫാസ്റ്റ് ഫുഡ് ഇടയ്ക്കിടെ കഴിക്കുന്നത് അപകടകരമായ രാസവസ്തുക്കൾ ശരീരത്തിലെത്താൻ ഇടയാക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഹോർമോൺ വ്യതിയാനത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ആയ താലേറ്റുകൾ ആണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്.
ഭക്ഷണ പായ്ക്കറ്റുകളിലും ഭക്ഷണം സംസ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിലും അടങ്ങിയ രാസവസ്തുക്കളാണ് താലേറ്റുകൾ. ഇത് മനുഷ്യരിൽ ഹോർമോണ്‍ വ്യതിയാനത്തിനും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളിലെയും പുറത്തു നിന്നു കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളിലെയും താലേറ്റിന്റെ അളവ് താരതമ്യം ചെയ്തു. റസ്റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, കഫറ്റീരിയ എന്നിവിടങ്ങളിലെ ഭക്ഷണത്തിൽ മറ്റു കടകളിലെ ഭക്ഷണങ്ങളെക്കാൾ താലേറ്റിന്റെ അളവ് 35 ശതമാനം കൂടുതലാണെന്നു കണ്ടു.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ കൂടിയ അളവിൽ താലേറ്റുകളോ ഗർഭകാല സങ്കീര്‍ണതകള്‍ക്കും വന്ധ്യതയ്ക്കും കാരണമാകുന്ന രാസവസ്തുക്കളോ മറ്റ്് ആരോഗ്യപ്രശ്നങ്ങളോ ഇല്ല.
2005 നും 2014 നും ഇടയിൽ നടത്തിയ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷ്യൻ എക്സാമിനേഷൻ സർവേയിലെ വിവരങ്ങളാണ് പഠനത്തിനുപയോഗിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനു മുൻപ് എന്താണ് കഴിച്ചത് എന്നും എവിടുന്നാണ് കഴിച്ചതെന്നും ഓർമിച്ച് പറയാൻ പഠനത്തിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. എന്താണ് ആളുകൾ കഴിച്ചതെന്നും ഓരോരുത്തരുടെയും മൂത്ര സാമ്പിളുകളിലെ താലേറ്റിന്റെ അളവും ഗവേഷകർ വിശകലനം ചെയ്തു. 10253 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരിൽ 61 ശതമാനം പേർ ഭക്ഷണം പുറത്തു നിന്നാണ് കഴിച്ചത്.
ഗർഭിണികൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരിൽ ഹോർമോണ്‍ വ്യതിയാനം ഉണ്ടാക്കുന്ന രാസവസ്തുക്കൾ വളരെ പെട്ടെന്ന് അപകടം ഉണ്ടാക്കുമെന്ന് ഗവേഷകർ പറഞ്ഞു.
പഞ്ചസാര, ഉപ്പ് അനാരോഗ്യകരമായ കൊഴുപ്പ് ഇവയെല്ലാം കുറയ്ക്കാനും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് എൻവയൺമെന്റ് ഇന്റര്‍നാഷണൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
Read More : Healthy Food