ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന് നമുക്കറിയാം. ജീവകങ്ങളും ധാതുക്കളും നിരോക്സീകാരികളും എല്ലാം അടങ്ങിയ പഴങ്ങൾ ആരോഗ്യത്തിന് അത്യുത്തമം.. ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പച്ചക്കറികൾ ഏതു സമയത്തും കഴിക്കാം എന്നാൽ പഴങ്ങളോ? പഴങ്ങൾ ചില പ്രത്യേക സമയത്തേ കഴിക്കാവൂ എന്ന് അറിയാമോ? പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്.
പോഷകസമ്പുഷ്ടമാണ് പഴങ്ങൾ. എങ്കിലും ദിവസത്തിന്റെ എല്ലാ സമയത്തും പഴങ്ങൾ കഴിച്ചു കൂടാ, പ്രത്യേകിച്ചും ഭക്ഷണശേഷം. പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.
പഴങ്ങൾ തന്നെ ഭക്ഷണമാണ്. അപ്പോൾ പ്രധാന ഭക്ഷണത്തോടൊപ്പം ഒരിക്കലും പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ ദഹിക്കില്ലെന്നു മാത്രമല്ല. പോഷകങ്ങളും ആഗീരണം ചെയ്യപ്പെടില്ല. കുറഞ്ഞത് ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ പഴങ്ങള്‍ കഴിക്കാവൂ.
രാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പഴങ്ങൾ കഴിക്കാം. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തെ ശുദ്ധമാക്കും. ശരീരഭാരം കുറയ്ക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമുള്ള ഊർജ്ജമേകും. രാവിലെ പഴങ്ങൾ കഴിച്ചില്ലെങ്കിൽ പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്കുള്ള സമയവും കഴിക്കാം.
ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് പഴങ്ങൾ കഴിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നതിനെ നിയന്ത്രിക്കാൻ സഹായിക്കും. പഴങ്ങൾ കാലറി കുറഞ്ഞ ഭക്ഷണവുമാണ്. മിക്ക പഴങ്ങളും നാരുകൾ അടങ്ങിയതായതിനാൽ വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുകയും ഏറെ നേരം വിശക്കാതിരിക്കുകയും ചെയ്യും. ആപ്പിൾ, സബർജിൽ, ഏത്തപ്പഴം, മുതലായവ നാരുകൾ ധാരാളം അടങ്ങിയ പഴങ്ങളാണ്.
രാത്രി കിടക്കാൻ നേരം പഴങ്ങൾ കഴിക്കരുത്. കാരണം പഴങ്ങളിലടങ്ങിയ പഞ്ചസാരയുടെ അളവ് കൂടുകയും ഇത് ഊർജ്ജനില ഉയർത്തുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യും.
പഴങ്ങൾ ആരോഗ്യഭക്ഷണമാണ് എങ്കിലും അവ ശരിയായ സമയത്തുതന്നെ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ.
Read More : Healthy Food