അർബുദം തടയാൻ ബെറി പഴങ്ങൾ

berry-fruits
SHARE

ബെറി പഴങ്ങളായ സ്ട്രോബറി, ഞാവൽപ്പഴം ഇവയെല്ലാം ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. എന്നാൽ‌ ഈ പഴങ്ങൾക്ക് അർബുദത്തെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടെന്ന് ഒരു പഠനത്തിൽ തെളിഞ്ഞു. ബെറി പഴങ്ങളിൽ അന്തോസയാനിൻ എന്ന വർണവസ്തു അടങ്ങിയിട്ടുണ്ട്. ഇതാണ് ചുവപ്പ്, നീല, പർപ്പിൾ നിറങ്ങൾ നൽകുന്നത്.

ഇവ അർബുദ കോശങ്ങളിൽ സിർടുയിൻ 6 (SIRT 6) എന്ന എൻസൈമിന്റെ പ്രവർത്തനം വർധിപ്പിക്കുന്നു. ഈ എൻസൈമുകളെ നിയന്ത്രിക്കുക വഴി അര്‍ബുദ ചികിത്സയിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് കിഴക്കൻ ഫിൻലൻഡ് സർവകലാശാലയിലെ ഗവേഷകർ വെളിപ്പെടുത്തി.

കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ജീൻ എക്സ്പ്രഷനെ നിയന്ത്രിക്കുന്ന എൻസൈമുകളാണ് സിർടുയിനുകൾ (Sirtuin). പ്രായമാകുമ്പോൾ സിർടുയുന്റെ പ്രവർത്തനത്തിൽ മാറ്റം വരും. ഈ മാറ്റങ്ങൾ വിവിധ തരം രോഗങ്ങൾക്കു കാരണമാകും. ഗ്ലൂക്കോസിന്റെ ഉപാപചയവുമായി ബന്ധപ്പെട്ട എൻസൈം കൂടിയാണ് സിർടുയിൻ 6

സയന്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ ബെറികളിൽ ഒരു പുതിയ സിയാനിഡിൻ ആന്തോസയാനിൻ കൂടിയുണ്ടെന്നു കണ്ടു. ഞാവൽപ്പഴത്തിൽ ഇവ ധാരാളമായി ഉണ്ട്.

മനുഷ്യരിൽ വൻകുടലിലെ അർബുദ കോശങ്ങളിൽ സിയാനിഡിന്‍, SIRT 6 എൻസൈമിന്റെ അളവ് കൂട്ടുന്നു. കൂടാതെ അർബുദ ജീനുകളായ TWIST 1, GLUT 1 എന്നിവയുടെ ജീൻ എക്സ്പ്രഷൻ കുറയ്ക്കുകയും ചെയ്യും. ഇതോടൊപ്പം അർബുദ മുഴകളെ ഇല്ലാതാക്കുന്ന FoXo3 ജീനുകളുടെ ജീൻ എക്സ്പ്രഷൻ കൂടുകയും ചെയ്യുന്നു.

ചെടികളിലെ വ്യത്യസ്ത ഫ്ലേവനോയ്ഡ് സംയുക്തങ്ങൾ എങ്ങനെയാണ് SIRT 6 എൻസൈമുകളെ നിയന്ത്രിക്കുന്നതെന്നു പ്രവചിക്കാൻ ഒരു കംപ്യൂട്ടർ മോഡലും ഗവേഷകർ വികസിപ്പിച്ചു.

ആന്തോസയാനിൻ SIRT 6ന്റെ പ്രവർത്തനം വർധിപ്പിക്കുന്നതായും ഇത് അർബുദം പ്രതിരോധിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു. സിർടുയിൻ 6  ന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ മരുന്നുകൾ വികസിപ്പിക്കാനും ഈ പഠനം അടിത്തറയാകും.

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA