ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . പോഷകപ്രദമായ ഒരു ഡയറ്റ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ബ്രോക്കോളിയെ അവഗണിക്കാന്‍ പാടില്ല.
ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. എന്തുകൊണ്ടാണ് ബ്രോക്കോളി ഒരികളും ഒഴിവാക്കരുതെന്ന് പറയുന്നതെന്നു നോക്കാം.
ദഹനത്തെ സഹായിക്കും
ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാൽ, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി സഹായിക്കും.
ഹൃദയാരോഗ്യം കാക്കും
രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ അതിവേഗം അലിയിച്ചു കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. ഇതിലുള്ള Thioredoxin എന്നഘടകമാണ് ഹൃദയത്തിന്റെ പേശികളെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്. രക്തസമ്മര്‍ദം കുറയ്ക്കാനും ബ്രോക്കോളി ഉത്തമം.
ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകമാണ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായമാകുന്നത്. ബ്രോക്കോളി അടക്കം ചുരുക്കം ചില പച്ചക്കറികളിൽ മാത്രമാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നത്.
ആന്റി കാന്‍സര്‍
അതേ, കാന്‍സര്‍ വരാതെ തടുക്കാന്‍ ബ്രോക്കോളിക്ക് സാധിക്കും. ബ്രോക്കോളി പോലുള്ള ക്രൂസിഫെറസ് പച്ചക്കറികളുടെ ഉപയോഗം പ്രോസ്റ്റേറ്റ് അര്‍ബുദം തടയുമെന്ന് പഠനങ്ങൾ പറയുന്നു. ബ്രോക്കോളിയില്‍ അടങ്ങിയ Isothiocyanates എന്ന സംയുക്തമാണ് കാന്‍സര്‍ തടയാന്‍ സഹായിക്കുന്നത്.
പ്രോസ്റ്റേറ്റ് അര്‍ബുദം, കുടലിലെ അര്‍ബുദം, ഗര്‍ഭാശയകാന്‍സര്‍, സ്തനാർബുദം എന്നിവ തടയാനും ഇത് സഹായിക്കും. വൈറ്റമിന്‍ കെ, ഫോളിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. രക്തം കട്ടയാകാന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ മികച്ച പ്രവര്‍ത്തനത്തിന് വൈറ്റമിന്‍ കെ അത്യാവശ്യമാണ്. അതുപോലെ ഇതിലെ ആന്റി ഇന്ഫ്ലമേഷന്‍ ഘടകങ്ങള്‍ ആത്രൈറ്റിസ് തടയാനും സഹായകമാണ്. ബ്രോക്കോളി സൂപ്പ് അടിക്കടി കുടിക്കുന്നതും ആരോഗ്യം സംരക്ഷിക്കാൻ ഉത്തമമാണ്.
Read More : Healthy Food