ചായയ്ക്ക് പലതരം രുചികള്‍ പരീക്ഷിക്കാന്‍ എല്ലാവർക്കും ഇഷ്ടമാണ്. കട്ടന്‍ ചായ മുതല്‍ ഗ്രീന്‍ ടീ വരെ നീളുന്നു ആ ലിസ്റ്റ്. ഇതില്‍ ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട ഒന്നാണ് ഇഞ്ചിച്ചായ അഥവാ ജിഞ്ചര്‍ ടീ. വെറുതെ കുടിക്കാന്‍ മാത്രമല്ല ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇതെന്ന് കൂടി അറിയുക.
ജലദോഷമോ ദഹനപ്രശ്നമോ എന്തുമാകട്ടെ എല്ലാത്തിനുമുള്ള പരിഹാരം ഈ ഇഞ്ചിച്ചായയിലുണ്ട്. ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. കട്ടന്‍ കാപ്പിയെയും കോഫിയെയും അപേക്ഷിച്ചു നല്ലത് ഇഞ്ചിച്ചായ തന്നെ. ദിവസവും ഇതു കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ഭാവിയില്‍ ഹൃദ്രോഗം തടയാനും വരെ സഹായിക്കുമെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു. ഇഞ്ചിച്ചായയുടെ മറ്റു ഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം .
ശ്വാസസംബന്ധമായ അസ്വസ്ഥതകള്‍
ഇതിനു മികച്ചതാണ് ഇഞ്ചിച്ചായ. ഇതു കുടിക്കുമ്പോള്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും. ജലദോഷമോ തൊണ്ടയ്ക്ക് പ്രശ്നമോ ഉണ്ടെങ്കില്‍ ദിവസം ഒന്നോ രണ്ടോ കപ്പ് ഇഞ്ചിച്ചായ കുടിച്ചു നോക്കൂ. മാറ്റം അറിയാന്‍ സാധിക്കും. ഒരിത്തിരി നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ അതിലും സൂപ്പറാകും സംഗതി. ആന്റി ബാക്ടീരിയൽ ഫലങ്ങള്‍ ധാരാളം ഉള്ളതാണ് ഇഞ്ചി. അതുകൊണ്ടുതന്നെയാണ് ഇഞ്ചിച്ചായസസംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിക്കുന്നത്.
രക്തയോട്ടം കൂട്ടും
Gingerols , zingerone എന്നിവ അടങ്ങിയതാണ് ഇഞ്ചി. ഇത് ശരീരത്തെ ചൂടാക്കി രക്തയോട്ടം വര്‍ധിപ്പിക്കും. ശരീരത്തിലെ ബ്ലഡ് ക്ലോട്ടുകള്‍ പരിഹരിക്കാനും ഇഞ്ചി നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നെന്നു മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും സാധിക്കുന്നു.
തലകറക്കം, ഛര്‍ദ്ദി
ഇങ്ങനെ എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടന്‍ ഇത്തിരി ഇഞ്ചി ചേര്‍ത്തൊരു ചായ കുടിച്ചു നോക്കൂ .സംഗതി പമ്പ കടക്കും. ഇതിലെ shogaols , gingerols എന്നിവയാണ് ഇതിനു കാരണമാകുന്നത്. മാത്രമല്ല ഇഞ്ചി ദഹനപ്രശ്നങ്ങളും പരിഹരിക്കും.
വയറിനു സൂപ്പര്‍
ദഹനസംബന്ധമായ പ്രശ്ന്ങ്ങള്‍ക്ക് ഇഞ്ചി നല്ലതാണെന്നു പറഞ്ഞല്ലോ. zingiber എന്ന ഇഞ്ചിയിലെ ഒരു വസ്തുവാണ് ബാക്ടീരിയ ബാധയില്‍ നിന്നും വയറിനെ സംരക്ഷിക്കുന്നത്. അതുപോലെ വായ്‌നാറ്റവും അതുപോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചിച്ചായ ഉപകാരപ്രദമാണ്.
Read More : Healthy Food