മുട്ട എന്നു കേൾക്കുമ്പോഴേ അയ്യോ വേണ്ട കൊളസ്ട്രോൾ കൂടും എന്നതാവും ചിന്ത. എന്നാൽ ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ ഹൃദ്രോഗവും പക്ഷാഘാതവും തടയാം എന്നാണ് ചൈനയിൽ നിന്നുള്ള ഒരു പഠനം തെളിയിച്ചത്.
മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നവർക്കു ഹൃദയസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യത കുറവാണത്രെ.
ചൈനയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള 30 നും 79 നും ഇടയിൽ പ്രായമുള്ള അഞ്ചു ലക്ഷത്തോളം പേരിലാണ് ചൈനീസ് –ബ്രിട്ടീഷ് ഗവേഷകരുടെ സംയുക്ത സംഘം പഠനം നടത്തിയത്. ചൈന കഡൂരി ബയോബാങ്ക് (CKB) പഠനത്തിലെ വിവരങ്ങളാണ് പഠനത്തിനുപയോഗിച്ചത്.
ഇവരിലെ മുട്ട ഉപയോഗം എങ്ങനെ എന്നു ചോദിച്ചു. അർബുദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവയൊന്നുമില്ലാത്ത 416213 പേരിലാണ് ഗവേഷകർ ശ്രദ്ധ കൊടുത്തത്. ഒൻപതു വർഷം നീണ്ട പഠനത്തിൽ, ഇവരിൽ 83977 പേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ ബാധിച്ച തായും 9985 പേര്‍ ഇതു മൂലം മരിച്ചതായും കണ്ടു. 5103 പേർക്ക് ഗുരുതരമായ ഹൃദ്രോഗം ബാധിച്ചു.
പഠനഫലം വിശകലനം ചെയ്തപ്പോൾ, മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസം ഒരു മുട്ട കഴിക്കുന്നവരിൽ പക്ഷാഘാതം (haemorrhagic stroke) വരാനുള്ള സാധ്യത 26 ശതമാനം കുറവാണെന്നു കണ്ടു.
ചൈനയുൾപ്പെടെ ലോകത്താകമാനം ധാരാളം പേരുടെ മരണത്തിനും വൈകല്യങ്ങൾക്കും കാരണമാകുന്ന ഒന്നാണ് CVD. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങളാണ് കാർഡിയോ വാസ്ക്കുലാർ ഡിസീസ് അഥവാ CVD. ദിവസവും ഒരു മുട്ട കഴിക്കുന്നവരിൽ CVD മൂലമുള്ള മരണ സാധ്യത 18 ശതമാനം കുറവാണെന്നും പഠനത്തിൽ കണ്ടു.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഓരോ വര്‍ഷവും 17.7 ദശലക്ഷം പേരാണ് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്നത്. പുകവലി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലം, ഉപ്പ് കൂടുതൽ കഴിക്കുക, പഴങ്ങളും പച്ചക്കറികളും കുറച്ച് മാത്രം കഴിക്കുക ഇതൊക്കെ രോഗ സാധ്യത കൂട്ടും.
മുട്ട കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം ആണെങ്കിലും ഉയർന്ന അളവിൽ പ്രോട്ടീനും ധാരാളം ജീവകങ്ങളും ഫോസ്ഫോ ലിപ്പിഡ്, കരോട്ടിനോയ്ഡുകൾ മുതലായ ബയോ ആക്ടീവ് സംയുക്തങ്ങളും മുട്ടയിലുണ്ട്.
പഠനത്തിൽ പങ്കെടുത്തവരിൽ 13 ശതമാനം പേർ ദിവസവും മുട്ട കഴിക്കുന്നവർ ആയിരുന്നു. എന്നാൽ 9 ശതമാനം പേർ മുട്ട ഇതുവരെ കഴിക്കാത്തവരും ആയിരുന്നു.
മുട്ടയുടെ ഉപയോഗവും ഹൃദ്രോഗവും പക്ഷാഘാതവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ചൈനയിലെയും യുകെയിലെയും പ്രൊഫസർമാരും പെക്കിങ് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലെ ഗവേഷകരുമായ ലിമിങ് ലി, ഡോ കാൻക്വിങ് യു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More : Healthy Food