കൊളസ്ട്രോളും പ്രമേഹവും പിന്നെ പച്ചമുളകും

‘ചുക്കില്ലാത്ത കഷായമില്ല’ എന്നതു പോലെയാണ് പച്ചമുളകിന്റെ കാര്യവും. മുളകില്ലാത്ത കറികളും ഇല്ല എന്നു വേണമെങ്കിൽ പറയാം. പച്ചമുളക് ഇല്ലാത്ത മലയാളി അടുക്കള ഉണ്ടാവില്ല. കറികൾക്ക് അല്പസ്വല്പം എരിവും പുളിയും ഒക്കെ ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാനേ താൽപ്പര്യം ഇല്ലാത്തവരുണ്ട്. എന്നാൽ എരിവ് ഇഷ്ടമില്ലാത്തവർക്കാകട്ടെ പച്ചമുളക് കണ്ടുകൂടാത്തവൻ ആകും. എന്നാൽ മാറ്റിനിർത്തുന്ന ഈ എരിയൽ പച്ചമുളകിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇവരും ഇവനെ സ്നേഹിച്ചു തുടങ്ങും.

വിശ്വസിക്കാനാവാത്തത്രയും ഗുണങ്ങൾ ഉള്ളതാണ് പച്ച മുളക്. ധാരാളം ജീവകങ്ങൾ അടങ്ങിയ പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.  പച്ചമുളകിൽ കാലറി ഒട്ടും ഇല്ല. ഭക്ഷണം കഴിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ ഉപാപാചയപ്രവർത്തനങ്ങളെ വേഗത്തിലാക്കുന്നു. 

നിരോക്സീകാരികൾ ധാരാളമുള്ള പച്ചമുളക്, ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു. അർബുദം തടയുന്നു. പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ വരാതെ തടയാനും പച്ച മുളക് സഹായിക്കും. പച്ചമുളക് ഹൃദയാരോഗ്യമേകുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക വഴി അതിറോസ്ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. രക്തം കട്ടപിടിക്കുന്നതിനെ തടയുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും പച്ചമുളകിനു കഴിയും.

ചൂടനായ പച്ചമുളക് ശരീരതാപനില കുറയ്ക്കാനും സഹായിക്കും എന്നറിയാമോ? കാപ്സെയിൻ ആണ് പച്ചമുളകിന് എരിവ് നൽകുന്നത്. ഇത് തലച്ചോറിലെ ഹൈപ്പോതലാമസിലെ ‘കൂളിങ് സെന്ററിനെ’ ഉത്തേജിപ്പിക്കുക വഴിയാണ് ശരീരതാപ നില കുറയ്ക്കുന്നത്. 

കാപ്സെയിൻ, മൂക്കിലെയും സൈനസിലെയും മ്യൂക്കസ് സ്തരങ്ങളെ ഉത്തേജിപ്പിക്കുന്നു. ഈ സ്തരങ്ങളിലൂടെയുള്ള രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുന്നതും കാപ്സെയിൻ ആണ്. ഇത് ജലദോഷവും സൈനസ് അണുബാധയും തടയാൻ സഹായിക്കും.

മുളക് ഉൽപാദിപ്പിക്കുന്ന ചൂട് വേദനസംഹാരിയായും പ്രവർത്തിക്കുന്നു. ജീവകം സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമത്തിന്റെയും ആരോഗ്യത്തിനും നല്ലത്. ഒപ്പം രോഗപ്രതിരോധശക്തിയുമേകുന്നു. 

പച്ചമുളകിൽ അടങ്ങിയ നാരുകൾ ദഹനം എളുപ്പമാക്കുന്നു. പച്ചമുളക് കഴിക്കുമ്പോൾ അത് എൻഡോർഫിനെ റിലീസ് ചെയ്യുന്നു. ഇത് മൂഡ് മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും സഹായിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിനു കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്. ഇരുമ്പിന്റെ കലവറയായ പച്ചമുളകിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. 

പച്ചമുളകിൽ ധാരാളമായി അടങ്ങിയ ജീവകം കെ, എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. ഓസ്റ്റിയോപൊറോസിസ് തടയുന്നു. മുറിവുണ്ടായാൽ അമിതരക്തസ്രാവം ഉണ്ടാകുന്നത് തടയാനും ജീവകം കെ സഹായിക്കും. 

ഇനി നിങ്ങൾ പറയൂ. പറഞ്ഞാൽ തീരത്തത്രയും ഗുണങ്ങളുള്ള പച്ചമുളകിനെ എങ്ങനെ അകറ്റി നിർത്തും. കറികൾക്ക് എരിവും രുചിയും നൽകുന്നതോടൊപ്പം കഴിക്കുന്നയാൾക്ക് ആരോഗ്യവും നൽകുന്നവനാണ് പച്ചമുളക് എന്ന് ഇപ്പോൾ മനസ്സിലായില്ലേ...

Read More : Healthy Food