സോയ മില്‍ക്ക് പുരുഷന്മാര്‍ കുടിച്ചാല്‍?

സോയ മിൽക്ക് അഥവാ സോയാ പാല്‍ ഉയർന്ന പോഷകമൂല്യമുള്ളതാണ്. സോയാ ബീൻസിൽ നിന്ന് ഉൽപാദിപ്പിക്കുന്ന സസ്യജന്യമായ പാൽ ആണ് സോയ മിൽക്ക്. ഇതിന്റെ പോഷകഗുണം മൂലം ഇതിന് ആരാധകരും ഏറെയാണ്‌.

ഇന്ന് ലോകമെമ്പാടും വിവിധ രുചികളിൽ സോയ മിൽക്ക് ലഭ്യമാണ്. ഡയറ്റീഷ്യന്‍മാരും ന്യൂട്രിഷന്‍ വിദഗ്ധരും മറ്റും ഇത് വ്യാപകമായി ശുപാര്‍ശ ചെയ്യുന്നുണ്ട്. ഫാറ്റ് ഫ്രീയായ, പ്രോട്ടീന്‍ സമ്പുഷ്ടമായ സോയ പാല്‍, എന്നാല്‍ പുരുഷശരീരത്തോടു ചെയ്യുന്നത് എന്താണെന്ന് അറിയാമോ ?

അടുത്തിടെ നടത്തിയൊരു ഗവേഷണത്തില്‍ സോയ പാല്‍ പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണം കുറയ്ക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. 2008 ല്‍ ഹാർവഡ് സ്കൂള്‍ ഓഫ് പബ്ലിക്‌ ഹെല്‍ത്തില്‍ നടത്തിയ പഠനവും ഇതു ശരി വയ്ക്കുന്നുണ്ടായിരുന്നു. സോയ ഉൽപന്നങ്ങള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന പുരുഷന്മാരില്‍ ബീജത്തിന്റെ അളവു കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമിതവണ്ണമുള്ള പുരുഷന്മാരിലാണ് ഇതു കൂടുതല്‍ സംഭവിക്കുന്നതെന്നും ഈ പഠനം പറയുന്നു.

ഇതുകൂടാതെ, 2011 ല്‍ നടത്തിയൊരു പഠനത്തില്‍ ഒരു 19 കാരനെ നിരീക്ഷിച്ചിരുന്നു. ഇയാള്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നതിനാല്‍ ആഹാരത്തില്‍ അമിതമായി സോയ പാല്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാളില്‍ പിന്നീട് ഉദ്ധാരണക്കുറവും ഹൈപോസെക്‌ഷ്വാലിറ്റിയും കണ്ടെത്തിയിരുന്നു. ഇയാളുടെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ നില ക്രമാതീതമായി കുറഞ്ഞതായും കണ്ടെത്തി. 

എന്നാല്‍ ഈ പഠനത്തെ എതിര്‍ത്തു മറ്റു ചില ഗവേഷകരും രംഗത്തു വന്നിട്ടുണ്ട്. അവര്‍ പറയുന്നത് ഈ പഠനം നടത്തിയ ആള്‍ക്ക് ടൈപ്പ് വണ്‍ പ്രമേഹം ഉണ്ടായിരുന്നെന്നും അതാകാം ഇത്തരം അവസ്ഥയ്ക്കു കാരണമെന്നുമാണ്.

ആണ്‍ വര്‍ഗത്തില്‍പ്പെട്ട എലികളില്‍ നടത്തിയ പഠനത്തിലും, സോയ ഉൽപന്നങ്ങള്‍ അധികമായി ഉള്ളിൽച്ചെന്ന എലികളില്‍ ലൈംഗിക ബലഹീനതകള്‍ ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇവയില്‍ ലൈംഗിക അവയവങ്ങളുടെ വളര്‍ച്ചയെയും ഇത് തടഞ്ഞിരുന്നു.

സോയ പാല്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുമെന്ന് പൊതുവെയൊരു വിശ്വാസമുണ്ട്‌. എന്നാല്‍ മൃഗങ്ങളിലും മനുഷ്യരിലും സോയയുടെ പ്രവര്‍ത്തനം രണ്ടു തരത്തിലാണ് എന്നു വാദിക്കുന്നവരാണ് മറ്റൊരു സംഘം ഗവേഷകര്‍. പുരുഷഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ സോയ ഒരുതരത്തിലും ബാധിക്കില്ല എന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ മിതമായ അളവില്‍ പതിവായി സോയ ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ ലെവല്‍ വരെ കുറയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലാക്റ്റോസ് മുക്തമായ സോയ മിൽക്ക് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നതില്‍ സംശയമില്ല. പാല്‍ ഉൽപന്നങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ക്ക് ഏറ്റവും ഉചിതമാണ് സോയപാല്‍. വളരെക്കുറച്ചു മാത്രം പൂരിത കൊഴുപ്പുകൾ അടങ്ങിയ ഇത് ഹൃദയത്തിനും നല്ലതാണ്. ഇതിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. കൊളസ്ട്രോൾ അടങ്ങിയിട്ടില്ലാത്ത ഭക്ഷണം ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തിനു ഗുണകരമാണ്. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സോഡിയം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് സോയ മിൽക്ക്. തിയാമിൻ, ഫോലേറ്റ്, നിയാസിൻ, റൈബോഫ്ളാവിൻ, വൈറ്റമിൻ ഡി, ഇ, കെ, ബി6, ബി12 തുടങ്ങിയവയും സോയ മിൽക്കിൽ അടങ്ങിയിട്ടുണ്ട്.

Read More : Healthy Food