ഈ ‘സൂപ്പർ ഫുഡ്സ്’ കൊളസ്ട്രോൾ കുറയ്ക്കും

പ്രായം കൂടുന്തോറും ഹൃദയാരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിനെ ആരോഗ്യമുള്ളതാക്കി നിലനിർത്തുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന ചില ‘സൂപ്പര്‍ ഫുഡ്സ്’ കഴിച്ചാൽ മതി.

കൊളസ്ട്രോള്‍ കുറഞ്ഞ ഭക്ഷണം എന്നാൽ ആരോഗ്യകരമായ കൊഴുപ്പുകൾ അഥവാ നല്ല കൊളസ്ട്രോള്‍ ആയ എച്ച്ഡിഎൽ അടങ്ങിയ ഭക്ഷണം എന്നാണർത്ഥം. ഇത് ചീത്ത കൊളസ്ട്രോളിനെ നീക്കി ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. 

കാലറി കുറഞ്ഞതും നാരുകൾ കൂടിയതുമായ ഭക്ഷണം കഴിക്കണം. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ഭക്ഷണം, പ്രത്യേകിച്ചും പഴങ്ങൾ കഴിക്കാം. പഴങ്ങൾ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും. ശരീരത്തിൽ നിന്നും അമിത കൊളസ്ട്രോളിനെ ആഗിരണം ചെയ്യാൻ ഡാർക്ക് ചോക്ലേറ്റ് പോലുള്ള ഭക്ഷണം സഹായിക്കും. 

കൊളസ്ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം നൽകുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. 

1. ഗ്രീൻടീ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ഹൃദയാരോഗ്യമേകാനും ഗ്രീൻ ടീ സഹായിക്കും. ഇത് ചീത്തകൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ദിവസവും ഗ്രീൻടീ ശീലമാക്കിയാൽ ഹൃദ്രോഗ സാധ്യത കുറയും. 

2. വെളുത്തുള്ളി

കറികളിൽ രുചി കൂട്ടാൻ ചേർക്കുന്ന വെളുത്തുള്ളി ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കും. രക്തം കട്ടപിടിക്കുന്നതു തടയാനും രക്തസമ്മർദം കുറയ്ക്കാനും അണുബാധയിൽ നിന്നു സംരക്ഷണമേകാനും വെളുത്തുള്ളി സഹായിക്കും. 

3. ഒലീവ് ഓയിൽ

ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. പോളിഫിനോളുകൾ അടങ്ങിയ എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ഒലിവ് ഓയിലിന്റെ ഉപയോഗം ശീലമാക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.

4. അണ്ടിപ്പരിപ്പുകൾ

അണ്ടിപ്പരിപ്പുകൾ, ആരോഗ്യകരമാണ്; പ്രത്യേകിച്ചും ബദാം, വാൾനട്ട് ഇവ നല്ല കൊളസ്ട്രോള്‍ അടങ്ങിയതാണ്. നാരുകൾ ധാരാളം അടങ്ങിയ നട്സിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉണ്ട്. കൊളസ്ട്രോളിന്റെ ആഗിരണം തടഞ്ഞ് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. നിരോക്സീകാരികൾ ധാരാളമുള്ള ബദാം ആണ് ഏറ്റവും നല്ലത്. ഇത് ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. വാൾനട്ടും ഹൃദയാരോഗ്യത്തിനു നല്ലതാണ്. 

5. ഓട്സ്, ബാർലി

നാരുകൾ ധാരാളം അടങ്ങിയ ധാന്യങ്ങൾ, പ്രത്യേകിച്ച് ഓട്സ്, ബാർലി ഇവ ഹൃദയാരോഗ്യത്തിനു നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ഓട്സിലും ബാർലിയിലും സോല്യുബിൾ ഫൈബർ ആയ ബീറ്റാ ഗ്ലൂക്കൺ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും. 

6. ബീന്‍സ്, പയർ

മുഴുധാന്യങ്ങളെപ്പോലെ തന്നെ ബീൻസ് പയർ ഇവയും ആരോഗ്യകരമാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളിന്റെ ആഗിരണത്തിന്റെ തോത് കുറയ്ക്കുന്നു. എല്ലാത്തരം പയർ വർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇത് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ ന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

7. വെണ്ണപ്പഴം

നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ ന്റെ അളവു കൂട്ടാനും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ ന്റെ അളവ് കുറയ്ക്കാനും വെണ്ണപ്പഴം സഹായിക്കും. സോല്യുബിൾ ഫൈബറും മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും ഉള്ളതിനാൽ വെണ്ണപ്പഴം ഹൃദയാരോഗ്യത്തിനുത്തമമാണ്. 

8. ഡാർക്ക് ചോക്ലേറ്റ്

ചോക്ലേറ്റിൽ പഞ്ചസാര അധികമായതിനാൽ അമിതമായി ഉപയോഗിക്കരുത്. എന്നാൽ നല്ല കൊളസ്ട്രോളിനെ സംരക്ഷിക്കുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഡാർക്ക് ചോക്ലേറ്റ് നല്ലതാണ്. 

ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അത് ആരോഗ്യകരമാണോ എന്നു ചിന്തിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഹൃദയം ആരോഗ്യമുള്ളതാണെങ്കിൽ സന്തോഷവും നിങ്ങളുടെ കൂടെയുണ്ടാകും.

Read More : Healthy Food Tips