എണ്ണയിൽ വറുത്ത പലഹാരങ്ങൾ സാധാരണഗതിയിൽ വേഗം കേടാകും. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന ബഹുവർണ പായ്ക്കറ്റുകളിൽ കിട്ടുന്ന ഉരുളക്കിഴങ്ങു ചിപ്സ് പായ്ക്കറ്റ് തുറക്കുമ്പോൾ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? എങ്ങനെ ഇത് ഇത്ര ഫ്രഷ് ആയി ഇരിക്കുന്നുവെന്ന്! മാസങ്ങൾക്കു മുൻപേ പായ്ക്ക് ചെയ്തതാവാം ഈ ചിപ്സ്. അതുമാത്രമല്ല ഈ പായ്ക്കറ്റുകൾ ഒരു കുട്ടി ബലൂൺ പോലെയാണ് എന്നും ശ്രദ്ധിച്ചിട്ടില്ലേ, പൊട്ടിക്കുമ്പോൾ പായ്ക്കറ്റിൽ പാതിയും നിറഞ്ഞിരിക്കുന്ന വായു പുറത്തു പോകും. കുറച്ചു മാത്രം ചിപ്സ് കാണും നിങ്ങളുടെ കയ്യിലെ പായ്ക്കറ്റിൽ.
ഈ കറുമുറു പായ്ക്കറ്റുകളിലെല്ലാം നിറഞ്ഞിരിക്കുന്നത് വെറും വായു അല്ല. പിന്നെയോ? നൈട്രജൻ ഗ്യാസ് ആണ് ഇവയിൽ നിറച്ചിരിക്കുന്നത്. ഓക്സീകരണം നടക്കാതിരിക്കാനാണ് ഇവയിൽ നൈട്രജൻ നിറയ്ക്കുന്നത്. ഇവ പഴകാതെ കേടു കൂടാതെ കൂടുതൽ പുതുമയോടെ ഇരിക്കുകയും ചെയ്യും.
എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ വായുവിൽ തുറന്നു വച്ചിരുന്നാൽ അവയുടെ രുചിയും മണവും നിറവും എല്ലാം മാറും. അവ വേഗം ഓക്സീകരണത്തിന് വിധേയമാകും. ഓക്സിജൻ നിറച്ചാൽ അതു മറ്റു തന്മാത്രകളുമായി ചേർന്ന് രാസമാറ്റം വരുത്തി ചിപ്സ് കേടായിപ്പോകും. എന്നാൽ ഓക്സീകരണം നടക്കാതെ തടയുന്ന നൈട്രജനാകട്ടെ ഭക്ഷണം പുതുമ മാറാതെ ദീർഘകാലം നിലനിർത്തും. ഭക്ഷണം സൂക്ഷിച്ചു വയ്ക്കാൻ നൈട്രജന്റെ സാന്നിധ്യം നല്ലതാണ്. വായു നിറഞ്ഞിരിക്കുന്നതിനാൽ ചിപ്സ് പൊടിഞ്ഞു പോകൊതെയും ഇരിക്കും.
ഈ പായ്ക്കറ്റ് ചിപ്സുകൾ പലപ്പോഴും 40 മുതൽ 55 ദിവസം വരെ കേടാകാതെ നിൽക്കുമെന്നാണ് ഉല്‍പ്പാദകർ അവകാശപ്പെടുന്നത്. നൈട്രജന്റെ സാന്നിധ്യം അവയുടെ ഷെൽഫ് ലൈഫ് കൂട്ടും. കൃത്രിമമായ പ്രിസർവേറ്റീവുകൾ ഒന്നും ചേർക്കാതെ തന്നെ ഇവ പുതുമയോടെ കേടുകൂടാതെ ഏറെ നാൾ നിൽക്കും.
നാം ശ്വസിക്കുന്ന വായുവിൽ 78 ശതമാനം നൈട്രജൻ ആണ്. അതുകൊണ്ടുതന്നെ ഇത് ശരീരത്തിന് ദോഷമൊന്നും വരുത്തുകയുമില്ല.
അളവുതൂക്ക നിയമം അനുസരിച്ച് ഉൽപ്പന്നത്തിന്റെ ഭാരം എഴുതണം എന്നുണ്ടെങ്കിലും പലരും ഇത് പാലിക്കാറില്ല. പായ്ക്കറ്റിന്റെ വലുപ്പം കാണുമ്പോൾ അതിൽ നിറയെ സാധനം ഉണ്ടാവും എന്നു നാം കരുതും.
എണ്ണയും കൊഴുപ്പും നിറഞ്ഞ, ബഹുവർണ പായ്ക്കറ്റുകളിൽ ലഭിക്കുന്ന ചിപ്സുകൾ ആരോഗ്യകരമോ എന്ന ചോദ്യം നിർത്തിക്കൊണ്ടു തന്നെ ചിപ്സ് പായ്ക്കറ്റുകളിൽ നിറച്ചിരിക്കുന്ന നൈട്രജൻ, ദോഷമൊന്നും വരുത്തില്ലെന്ന് ഉറപ്പിച്ചു പറയാം.
Read More : Healthy Food