പ്രമേഹരോഗികൾ ഉലുവയും ഉള്ളിയും കഴിച്ചാൽ?

fenugreek-onion
SHARE

ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ ഉള്ളിയുടെയും ഉലുവയുടെയും പങ്ക് വളരെ മുൻപേ തന്നെ ഇന്ത്യക്കാർ മനസ്സിലാക്കിയിരുന്നു. ഇപ്പോൾ പ്രമേഹരോഗികളിൽ ഹൃദയത്തിനു തകരാർ ഉണ്ടാകാതെ സംരക്ഷിക്കാനുള്ള കഴിവ് ഉലുവയ്ക്കും, ഉള്ളിക്കും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ഗവേഷകർ. സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂ (CSTR)ട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. 

ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താദിമർദം, പൊണ്ണത്തടി ഇവ ബാധിക്കുന്നവരുടെ എണ്ണം ആഗോള വ്യാപകമായി വർധിച്ചു വരുകയാണ്. മതിയായ അളവിൽ ഇൻസുലിൻ ഹോർമോൺ ഇല്ലാത്തതു മൂലം രക്തത്തിലെ പഞ്ചസാരയെ വേണ്ടവിധം ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോഴാണ് പ്രമേഹം അഥവാ ഹൈപ്പർ ഗ്ലൈസീമിയ ഉണ്ടാകുന്നത്. ഹൃദ്രോഗമാണ് പ്രമേഹരോഗികളിലെ മരണത്തിനു പ്രധാന കാരണം.

ഉലുവയുടെയും ഉള്ളിയുടെയും പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഗവേഷകർ ആദ്യം എലികളിൽ പ്രമേഹാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് എലികൾക്ക് സാധാരണ ഭക്ഷണമോ സാധാരണ ഭക്ഷണത്തോടൊപ്പം ഉലുവയും ഉള്ളിയും ഒറ്റയ്ക്കോ ഒരുമിച്ചോ നൽകി. ഉലുവയും ഉള്ളിയും നൽകിയ എലികളിൽ ഹൃദയസംബന്ധമായ ആരോഗ്യം വളരെയധികം മെച്ചപ്പെട്ടതായി കണ്ടു. 

പ്രമേഹരോഗികളുടെ ഹൃദയത്തിലെ കലകളിൽ ACE-Angio tension Converting Enzyme ന്റെയും ഒരു റിസപ്റ്റ (ATi) റിന്റെയും അളവ് കൂടുന്നതാണ് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഒരു കാരണമാകുന്നത്. ഉലുവയും ഉള്ളിയും നൽകിയ എലികളിൽ ഈ എൻസൈമും റിസപ്റ്ററും ഉൽപ്പാദിപ്പിക്കുന്നത് കുറവാണെന്നു കണ്ടു. 

ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ ഉലുവയ്ക്കും ഉള്ളിയ്ക്കും കഴിയും. എങ്കിലും ഇവ ഒരുമിച്ച് നൽകിയപ്പോഴാണ് കൂടുതൽ ഫലമുണ്ടായതെന്നും പഠനത്തിൽ പറയുന്നു.

നാരുകൾ ധാരാളം അടങ്ങിയ ഉലുവയും സൾഫർ സംയുക്തങ്ങളാൽ സമ്പന്നമായ ഉള്ളിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ലിപ്പിഡ് നില കുറയ്ക്കാനും കഴിവുള്ളവയാണ്. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ പരിഹരിക്കാൻ സഹായിക്കുന്ന നിരോക്സീകാരികളും (anti oxidants) അവയിലുണ്ട്. പഠനത്തിനു നേതൃത്വം നൽകിയ ഡോ. കൃഷ്ണപുര ശ്രീനിവാസൻ പറഞ്ഞു. 

ഇന്ത്യൻ ഗവേഷകരുടെ ഈ കണ്ടെത്തൽ കാർഡിയോവാസ്കുലാർ ടോക്സിക്കോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA