മഴയത്ത് വലിച്ചുവാരി കഴിക്കരുതേ

rainy-season-food
SHARE

രോഗങ്ങളുടെ, പ്രത്യേകിച്ച് സാംക്രമികരോഗങ്ങളുടെ കാലമാണ് മഴക്കാലം. ഒരോ മഴക്കാലവും ഓരോ രോഗങ്ങൾ സമ്മാനിച്ചാവും മടങ്ങിപ്പോവുക. സാധാരണ പനിയിൽ  തുടങ്ങി എലിപ്പനിയും ജപ്പാൻജ്വരവുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. രോഗാണുക്കൾ  ശരീരത്തിനുള്ളിൽ കടന്ന് രോഗങ്ങൾക്ക് വഴിവയ്ക്കുവാൻ ഏറ്റവും സാധ്യത ഈ കാലത്താണ്. വിവിധയിനം പനികൾ, ഛർദി, അതിസാരം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് വിരശല്യംമൂലമുള്ള അസുഖങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾ മാത്രമല്ല ശ്വാസകോശരോഗങ്ങൾ, സന്ധിവാതം എന്നിവയുടെ കാഠിന്യം വർധിക്കാനുള്ള സാധ്യതയും ഏറെ. 

മഴക്കാലത്ത് ശുചിത്വം പാലിക്കുക എന്നതുപോലെതന്നെ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഭക്ഷണം തിരിഞ്ഞെടുക്കന്നതിനും പുലർത്തേണ്ടത്. വൃത്തിയുള്ള സാഹചര്യങ്ങളിൽത്തന്നെ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും പാനീയങ്ങളും തയാറാക്കണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചപാടില്ല.  തുറന്നുവച്ചിരിക്കുന്നതും ഏറെ തണുപ്പുള്ളതുമായ വസ്തുക്കൾ ഒഴിവാക്കണം. നന്നായി ചൂടാക്കി മാത്രമേ ഭക്ഷണം കഴിക്കാവൂ. ചെറു ചൂടോടെതന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. തണുപ്പുകാലത്ത് അണുബാധ ഉണ്ടാകുവാനുള്ള സാധ്യത ഏറെയായതിനാൽ ഇക്കാര്യത്തിലും ശ്രദ്ധ വേണം. അതുപോലെ പഴങ്ങളും പച്ചക്കറികളും അരിയും മറ്റും കഴുകുന്ന വെള്ളം പോലും വൃത്തിയുള്ളതായിരിക്കണം. ആഹാരശുചിത്വം പോലെതന്നെ വ്യക്തിശുചിത്വവും ഇക്കാലത്ത് ശ്രദ്ധിക്കണം. 

വൃത്തിയുള്ള സാഹചര്യങ്ങളിൽ തയാറാക്കിയ ഭക്ഷണവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരശൈലിക്കും വേണം ഈ സമയത്ത് മുൻഗണന കൊടുക്കാൻ. ഗോതമ്പ്, യവം എന്നിവയും ഇഞ്ചിക്കറി, രസം, ചെറുപയര്‍ പരിപ്പിട്ട സാമ്പാര്‍ തുടങ്ങിയ വയും കര്‍ക്കടക കഞ്ഞി കൂട്ടുകളും ചേന, ചേമ്പ്, പയര്‍, തഴുതാമ, തകര, ചീര തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അരി കൊണ്ടുള്ള പലഹാരങ്ങൾ, ഗോതമ്പ് ഉപയോഗിച്ചുള്ള വിഭവങ്ങൾ, ചോളം തുടങ്ങിയവയുടെ ഭക്ഷണമാകാം. മഴയത്ത് ഔഷധമായി മാറണം നമ്മുടെ ആഹാരം എന്നുചുരുക്കം. രക്തസമ്മർദത്തിനും മറ്റും കാരണമാകുന്നതിനാൽ അധികം ഉപ്പ് അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കണം. കേരളത്തിന്റെ തനത് വിഭവങ്ങളുടെയെല്ലാം ഉയിർത്തെഴുന്നേൽപ്പിനുകൂടി തുടക്കമാവട്ടെ ഈ  മഴക്കാലം.     

വലിച്ചുവാരി കഴിക്കണ്ട
വിശപ്പുകൂടുന്ന കാലമാണ് മഴക്കാലം. എന്നുകരുതി എന്തും വലിച്ചുവാരി അകത്താക്കിക്കളയാം എന്നു കരുതരുത്. സയത്തും അസമയത്തും തണുപ്പകറ്റാൻ ചൂടുള്ള എന്തും വേണ്ടതിലേറെ അകത്താക്കാനുള്ള പ്രവണത ഈ സമയത്ത് ഏറെയാണ്.  ആഹാരം ഏത് എന്ന പോലെ എത്രമാത്രം എന്ന കാര്യത്തിലും മിതത്വം പാലിക്കേണ്ട സമയമാണിത്.  ഭക്ഷണം കൂടുതൽ കഴിച്ചാലും ശരീരത്തിന് നല്ലതല്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഈ കാലത്ത് നമ്മുടെ ബലഹീനതയായി മാറുന്നു. ശരീരത്തിന് ആവശ്യമായതിനേക്കാൾ ഊർജം ഉണ്ടാകുന്നതുമൂലമാണ് തണുപ്പുകാലത്ത് ഭക്ഷണം കൂടുതൽ കഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നതുതന്നെ.  വേഗത്തിൽ  ദഹിക്കുന്ന ഭക്ഷണമാണ് ഇക്കാലത്ത് നല്ലത് എന്നുചുരുക്കം.  

‘വെള്ളംകുടി’ നിർബന്ധം
തണുപ്പും ദാഹമില്ലായ്മയുമൊക്കെ കാരണം മഴക്കാലത്ത് പലരുടെയും വെള്ളംകുടി ‘മുട്ടാറുണ്ട്’. ഈ ആരോഗ്യരീതി ശരിയല്ല. ശാരീരികപ്രവർത്തനം താരതതമ്യേന കുറവായതിനാൽ വിയർക്കുന്നതു കുറയുന്നതും അന്തരീക്ഷത്തിൽ ചൂടു കുറവാണ് എന്നുമൊക്കെ കരുതി ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. മറ്റു രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം.  തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ എന്നുമാത്രം. അഞ്ചു മുതൽ എട്ടു മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം. തിളപ്പിക്കുന്ന അതേ പാത്രത്തിൽത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്. ചുക്കും മല്ലിയും പോലുള്ള വസ്തുക്കൾ ചേർത്ത് തിളപ്പിച്ച  വെള്ളം കുടിക്കണം.  

പാനീയങ്ങൾ
മഴയത്തും പഴച്ചാറുകൾ നല്ലതാണ്.  എന്നാൽ അവ വൃത്തിയോടെയും ശുചിത്വത്തോടെയും തയാറാക്കണം. ഐസ് ഇടരുത്. ഉണ്ടാക്കിയാലുടൻ കുടിക്കണം. ഏറെ നേരം ഫ്രിജിലോ പുറത്തോ വയ്ക്കരുത്. ശീതളപാനീയങ്ങളും കൃത്രിമമായിയുണ്ടാക്കിയ ജ്യൂസുകളും അപകടം ക്ഷണിച്ചുവരുത്തും. മറ്റ്  രോഗങ്ങളില്ലെങ്കിൽ  ചെറുചൂടോടെ ഓരോ ഗ്ലാസ് പാലു കുടിക്കാം. മഴക്കാലത്തും തണുപ്പത്തും മദ്യം ഉപയോഗിക്കാം എന്നത് മിഥ്യാധാരണ മാത്രമാണ്. മദ്യപാനം മൂത്രം അമിതായി ഉൽപ്പാദിപ്പിക്കാൻ ഇടയാവും. ഇത് ദാഹത്തിനും ലവണനഷ്ടത്തിനും അതുമൂലം ക്ഷീണത്തിനും വഴിവയ്ക്കും. ലസ്സിപോലുളള പാനീയങ്ങൾ കുറച്ചു കാലത്തേക്ക് ഉപേക്ഷിക്കാം. ശരീരത്തിൽ വെള്ളത്തിന്റെ അംശം കെട്ടിക്കിടക്കാൻ കാരണമാകുമെന്നതിനാലാണിത്.

കാപ്പിയും ചായയും അധികം വേണ്ട
തണുപ്പായതിനാൽ ഏതു നേരവും കാപ്പിയും ചായയും ആവാം എന്ന രീതി നന്നല്ല. ഇവ ആവശ്യത്തിലേറെയായാൽ ശരീരത്തിൽനിന്ന് മൂത്രത്തിലൂടെ ഏറെ ജലം നഷ്ടപ്പെടുകയും ക്ഷീണാവസ്ഥയ്ക്ക് വഴിവെക്കുകയും ചെയ്തേക്കാം. എന്നാൽ മല്ലിക്കാപ്പി, ചുക്കുകാപ്പി, കുരുമുളകുകാപ്പി തുടങ്ങിയവ ശരീരത്തിന് നല്ലതാണ്. 

പച്ചക്കറിക്കാലം
പച്ചക്കറികളും ഇലക്കറികളും പഴങ്ങളും മെനുവിൽ നിര്‍ബന്ധമായും ഇടം നേടണം. പെട്ടെന്ന് ദഹിക്കുന്നവയാണ് ഇവ. എന്നാല്‍  ഇവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. വൃത്തിയില്ലാത്തയിടത്തു വിൽക്കുന്നതും ചീഞ്ഞുതുടങ്ങിയതുമായ പച്ചക്കറികളും പഴങ്ങളും വാങ്ങരുത്. ഇവ ഉപയോഗിക്കുന്നതിലൂടെ രോഗം വരാം. ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇലക്കറികളും പച്ചക്കറികളും  ഗോതമ്പുദോശ, ചപ്പാത്തി തുടങ്ങിയവയും അത്താഴത്തിന് ഉപയോഗിക്കാം.  

പഴങ്ങൾ
എല്ലാ ദിവസവും ഏതെങ്കിലും പഴം കഴിക്കാം. പ്രകൃതി മഴക്കാലത്ത് സമ്മാനിക്കുന്ന ചില പഴങ്ങളുണ്ട്. ഇവ വേണം ഈ സമയങ്ങളിൽ കഴിക്കാൻ. മാമ്പഴം, ആപ്പിൾ, മാതളം തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം. എന്നാൽ, ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ (ഉദാ: തണ്ണിമത്തൻ) ഒഴിവാക്കുന്നതാണ് നല്ലത്. ഏറെ പഴക്കമുള്ളതും അമിതമായി പഴുത്തതുമായ പഴങ്ങൾ വേണ്ട. 

കഞ്ഞികുടി മുട്ടിക്കണ്ട
മഴക്കാലത്തെങ്കിലും പഴയ സ്മരണകൾ നിറഞ്ഞ ആ ‘കഞ്ഞിക്കാലം’ തിരിച്ചുവരട്ടെ. കേരളക്കരയുടെ ആദ്യത്തെ സൂപ്പ് എന്നു വിശേഷിപ്പിക്കാവുന്ന വിഭവമാണ് കഞ്ഞി. ഒരു നേരമെങ്കിലും, പ്രത്യേകിച്ച് രാത്രിയിൽ കഞ്ഞിയായാൽ ഉത്തമം. കഞ്ഞിയും പ്രോട്ടീൻ സമ്പുഷ്ടമായ പയറും കപ്പയും കാച്ചിലും ചേമ്പും പുഴുക്കുമൊക്കെ മഴയത്ത് ആഹാരമാവണം.  ഒപ്പം ചുട്ടെടുത്ത പപ്പടവും, ചമ്മന്തിയുമൊക്കെയായാൽ ഏറെ നന്ന്.  ഇവ വയറിന് നല്ല സുഖവും ശോചനയെ സഹായിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്.  കുരുമുളക്, കൊത്തമല്ലി, ചുക്ക്, ജീരകം, അയമോദകം എന്നിവ ചേർത്തുണ്ടാക്കുന്ന കഞ്ഞി മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും നല്ലതാണ്. 

മാംസാഹാരം വേണ്ട
ശരീരത്തിന് ആഗിരണം െചയ്യാനും ദഹിക്കാനും പ്രയാസമുള്ള ഭക്ഷണപദാർഥങ്ങളാണ് മാംസാഹാരം പൊതുവേ. അതുകൊണ്ട് വളരെ ശ്രദ്ധിച്ചുവേണം മാംസാഹാരങ്ങൾ ഈ കാലത്ത് തിരഞ്ഞെടുക്കുവാൻ. വറുത്ത മാംസം ഉപേക്ഷിക്കുന്നതാണ് ഉത്തമം. നിർബന്ധമെങ്കിൽ കറിയായി പാകം ചെയ്യാം. മീൻ ആവശ്യത്തിന് ഉപയോഗിക്കാം. അതുപോലെതന്നെ പൊറോട്ട, പൂരി, ബിരിയാണി, ഫ്രൈഡ്റൈസ്, ന്യൂഡിൽസ് തുടങ്ങിയവയും വേണ്ടെന്നുവയ്ക്കണം. മുട്ട കഴിക്കുന്ന ശീലമുള്ളവർക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ആയി കുറച്ച് അതു തുടരാം. മാംസം നിർബന്ധമുള്ളവർക്ക് ഇഞ്ചി, കറിവേപ്പില, തിപ്പലി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മാംസ സൂപ്പുകള്‍ മിതമായ അളവിൽ കഴിക്കാവുന്നതാണ്. മൽസ്യവും മാംസവും ഉപയോഗിച്ചു ശീലിച്ചവർ അവ നന്നായി വേവിച്ചുവേണം കഴിക്കാൻ. ഇവയ്ക്ക്  പഴക്കമില്ലെന്ന് ഉറപ്പാക്കണം. 

‘വറപൊരി’ വേണ്ടേ വേണ്ട
വറുത്തതും പൊരിച്ചതും കൊറിച്ചുകൊണ്ട് മഴ ആസ്വദിക്കുക  എന്നത് മലയാളിയുടെ പണ്ടുമുതലുള്ള ശീലമാണ്.  ശരീരത്തിന് ദഹിപ്പിക്കാൻ പാടുപെടേണ്ടി വരുന്ന ഇത്തരം ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. ദഹിക്കാൻ പ്രയാസമുള്ളതും ദഹനക്കേടിന് സാധ്യതയുള്ളതുമായ ‘ഫ്രൈഡ്’ പദാർഥങ്ങൾ വേണ്ടെന്നുവയ്ക്കാം. പ്രത്യേകിച്ച് ഇൗ സമയങ്ങളിൽ ശരീരത്തിന് ആവശ്യമായ കായികാദ്ധ്വാനം ഒന്നും ലഭിക്കുന്നില്ല   എന്ന കാര്യം മറക്കരുത്. ശരീരത്തിന്റെ തടി കൂട്ടുന്ന കാലംകൂടിയാണ് മഴക്കാലം എന്ന കാര്യം മനസിലുണ്ടാവണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA