ചിങ്ങമാസം മലയാളികളുടെ പുതുവൽസര പിറവിയാണ്. ചിങ്ങത്തിലെ തിരുവോണ ദിവസം അത്തപ്പൂവിട്ട് ഓണസദ്യ ഒരുക്കി മഹാബലിയെ എതിരേൽക്കുന്നു എന്നു സങ്കൽപം. സദ്യയില്ലാത്ത ഓണം മലയാളിക്കു സങ്കൽപിക്കാൻ കൂടി കഴിയില്ല. പുതിയ തലമുറയുടെ ഓണം വീട്ടിലെ അടുക്കളയിൽ നിന്നു മാറി ആഡംബര ഹോട്ടലുകളുടെ തീൻമേശയിലേക്ക് എത്തിക്കഴിഞ്ഞു. ഹോട്ടൽ ഭക്ഷണത്തിൽ രുചി, മണം, നിറം എന്നുവയ്ക്കുവേണ്ടി ചേർക്കുന്ന രാസവസ്തുക്കൾ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്.
ഓണസദ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയിൽ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും അതിന്റേതായ രീതിയുണ്ട്.
കുത്തരിയുടെ ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, ഉപ്പേരി, പഴം, പപ്പടം, അച്ചാറുകൾ, പച്ചടി, കിച്ചടി, അവിയൽ സാമ്പാർ, തോരൻ, ഓലൻ, കാളൻ, കൂട്ടുകറി, രസം, മോര്, പലവിധ പായസങ്ങള്‍ എന്നിവയാണ് ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങൾ. സദ്യയിലെ ഓരോ വിഭവത്തിന്റെയും ആരോഗ്യഗുണങ്ങളറിയാം
ചോറ്
തവിടോടു കൂടിയ അരി കൊണ്ടുള്ള ചോറിൽ ബികോംപ്ലക്സ് വൈറ്റമിനുകളായ തയമിന്‍, റൈബോഫ്ലെവിൻ, നിയാസിൻ എന്നിവയും നാരുകളും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ഗ്ലൈസീമിക് സൂചകം കുറവാകയാൽ പ്രമേഹരോഗികൾക്കും ജീവിതശൈലീ രോഗികൾക്കും ഗുണം ചെയ്യും.
പരിപ്പ്, നെയ്യ്, പപ്പടം
സസ്യാഹാരികൾ ശരീരത്തിലെ പ്രോട്ടീൻ കുറവു പരിഹരിക്കാൻ പരിപ്പ് വർഗങ്ങൾ ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നതു നല്ലതാണ്. പരിപ്പ് ആനുപാതികമല്ലാത്ത ശരീരഭാരത്തെയും ഉയർന്ന കൊളസ്ട്രോളിനെയും നിയന്ത്രിക്കുന്നു. രക്തക്കുഴലുകളിൽ മാലിന്യം അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ പരിപ്പിനു കഴിയും. നെയ്യിൽ വൈറ്റമിനുകളായ എ, ഡി. ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ കാഴ്ചയ്ക്കും ഇ ചർമത്തിനും ഡി കാൽസ്യം ആഗിരണം ചെയ്യാനും ആവശ്യമാണ്.
Read More : പരിപ്പുകറി എളുപ്പത്തിൽ തയാറാക്കാം
ഇഞ്ചിക്കറി
ഇഞ്ചിക്കറി 100 കറികൾക്കു തുല്യമാണ്. ഇഞ്ചിയിലുള്ള ആന്റിഓക്സിഡന്റുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. വൈറ്റമിൻ എ, സി,. ഇ, ബി മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം എന്നിവ ഇതിലുണ്ട്. വൈറസ്, ഫംഗസ്, വിഷ മാലിന്യങ്ങൾ എന്നിവയ്ക്കെതിരെ പ്രവർത്തിക്കാനുള്ള ശേഷി ഇഞ്ചിക്കുണ്ട്.
Read More : പുളിമധുരവും ചെറു എരിവും ചേർന്നൊരു പുളിയിഞ്ചി
അച്ചാർ
തൊടുകറിയായി സദ്യയ്ക്കൊപ്പം വിളമ്പുന്ന നാരങ്ങ, മാങ്ങ അച്ചാറുകളിൽ വൈറ്റമിൻ സി, ഫ്ലവനോയ്ഡ് പോഷകഗുണങ്ങളുണ്ട്. അച്ചാറുകൾ മിതമായി ഭക്ഷിക്കുന്നതാണ് അഭികാമ്യം. നാരങ്ങയിലെ സിട്രിക് ആസിഡ് ദഹനത്തിനു സഹായിക്കുന്നു.
കിച്ചടി
വെള്ളരിക്കയാണ് മലയാളികൾ കിച്ചടിക്കു പ്രധാനമായി ഉപയോഗിക്കുന്നത്. വെള്ളരിക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാൻ സഹായിക്കും. എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ വെള്ളരിക്ക മുൻപിലാണ്. അസിഡിറ്റി ഉള്ളവർക്കു നല്ലൊരു ഔഷധമാണിത്.
പച്ചടി
പച്ചടിയിൽത്തന്നെയുണ്ട് പല വകഭേദങ്ങൾ. പൈനാപ്പിൾ, ബീറ്റ്റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേർത്ത് പച്ചടി തയാറാക്കാവുന്നതാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എൻസൈം ദഹനക്കേട് അകറ്റാൻ സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ്, അയൺ, സിങ്ക്, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടിലുള്ള നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുകയും ബീറ്റാസയാനിൻ ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആല്‍ഫാ കരോട്ടിൻ, ബീറ്റാ കരോട്ടിൻ, നാരുകൾ, വൈറ്റമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമാണ് മത്തങ്ങ. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
Read More : ചെറുമധുരത്തിലൊരു മുന്തിരിങ്ങാ പച്ചടി
അവിയൽ
പലതരത്തിലുള്ള പച്ചക്കറികളും തേങ്ങയും ചേർത്തു തയാറാക്കുന്ന അവിയൽ സദ്യയിലെ കേമനാണ്. വൈറ്റമിനുകളുടെയും മിനറലുകളുടേയും കലവറയാണ് അവിയൽ. അവയിലിലെ പച്ചക്കറികളിലെ നാരുകൾ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു.
Read More : ആരോഗ്യകരമായ ചീര അവിയൽ
സാമ്പാർ
പലതരം പച്ചക്കറികളുടെ ചേരുവയാണ് സാമ്പാർ. വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക, കാരറ്റ്, വഴുതനങ്ങ, വെള്ളരി, പടവലങ്ങ എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. അതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങൾ ശരീരത്തിനു ലഭ്യമാകുകയും ചെയ്യും. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റുന്നു. പരിപ്പ് പ്രധാന ചേരുവയായതിനാൽ പ്രോട്ടീൻ സമ്പുഷ്ടവുമാണ് സാമ്പാർ.
Read More : സദ്യയ്ക്ക് കൂട്ടാൻ നല്ല നാടൻ സാമ്പാർ
പുളിശ്ശേരി, മോര്, രസം
മോരിൽ കാൽസ്യവും വൈറ്റമിൻ ഡിയും സമൃദ്ധമായതിനാൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു. മോരിലുള്ള, മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ കുടൽസംബന്ധമായ പ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും പരിഹരിക്കുന്നു. പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, അയഡിൻ, റൈബോഫ്ലെവിൻ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ മോരിൽ അടങ്ങിയിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിനു സഹായിക്കുന്നു. രസത്തിലെ പ്രധാന ചേരുവയായ തക്കാളിയിലെ ലൈക്കോപ്പിൻ കൊഴുപ്പിനെ നിയന്ത്രിക്കുന്നു.
Read More : രസം വീട്ടിലുണ്ടാക്കാം, രുചികരമായി
പായസം
വിവിധ തരത്തിലുള്ള പായസങ്ങളാണ് ഓണസദ്യയ്ക്കു പൂർണത നൽകുന്നത്. അടപ്രഥമനും പാൽപ്പായസവുമാണ് പ്രധാനം. ശർക്കര ചേർത്തു തയാറാക്കുന്ന പായസത്തിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ധാരാളമായുണ്ട്. കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് പാൽപായസം.
Read More : ഇളനീർ പായസം എളുപ്പത്തിൽ തയാറാക്കാം
ചുക്കുവെള്ളം
സദ്യയ്ക്കു ശേഷം ഒരു ഗ്ലാസ്സ് ചുക്കുവെള്ളം കുടിക്കാൻ മറക്കരുതേ. ഇഞ്ചിയുടെ ഗുണങ്ങളെല്ലാമുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ദഹനപ്രശ്നങ്ങൾ അകറ്റാനും കഴിയും.
അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ. ഏതു ഭക്ഷണത്തിലും എന്ന പോലെ സദ്യയുടെ കാര്യത്തിലും മിതത്വം പാലിക്കുന്നതാണ് നല്ലത്, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
പ്രീതി ആർ. നായർ, ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്, എസ്‌യുടി. ഹോസ്പിറ്റൽ, പട്ടം
Read More : Healthy Food