പലർക്കും വൻപയർ ഒരു കരുതൽ ധാന്യമാണ്. പച്ചക്കറിയും ചെറുപയറുമൊന്നും സ്റ്റോക്കില്ലെങ്കില്‍ മാത്രം വീട്ടമ്മമാർ എടുത്തു പെരുമാറുന്ന വൻപയർ എത്രമാത്രം ആരോഗ്യഗുണങ്ങളുള്ളതാണെന്ന് അറിയാമോ?
കിഡ്നിയുടെ ആകൃതിയുള്ളതിനാൽ കിഡ്നി ബീൻ എന്നാണ് ഇംഗ്ലിഷിൽ പറയുന്നത്. ചുവപ്പ്, ചന്ദനനിറം, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ വൻപയർ ലഭ്യമാണ്. പ്രോട്ടീന്റെ കലവറയാണ് വൻപയർ. സസ്യാഹാരികൾക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. 100 ഗ്രാം വൻപയറിൽ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാൽസ്യം, അന്നജം, നാരുകൾ എന്നിവയും ധാരാളമായുണ്ട്.
ഭക്ഷ്യനാരുകൾ (dietary fibre) വൻപയറിൽ ധാരാളമുണ്ട്. കുറച്ചു കഴിച്ചാൽത്തന്നെ വയർ നിറഞ്ഞുവെന്നു തോന്നിപ്പിക്കും. കൊഴുപ്പും കാലറിയും കുറഞ്ഞതായതു കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും വൻപയർ സഹായിക്കുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം, സോല്യുബിൾ ഫൈബർ, പ്രോട്ടീൻ ഇവയുള്ളതിനാൽ രക്താതിമർദം കുറയുന്നു. ഇവയെല്ലാം രക്തസമ്മർദം സാദാരണ നിലയിലാക്കി നിർത്താനും സഹായിക്കുന്നു. പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്നു.
ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താൻ സഹായിക്കുന്ന ആന്റിഓക്സിഡേറ്റീവ് ഗുണങ്ങൾ വൻപയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഈ ഗുണങ്ങൾ നൽകുന്നത്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മാംഗനീസ് സഹായിക്കുന്നു. ശരീരത്തിന് ഊർജമേകാനും വൻപയർ സഹായിക്കും.
ജീവകം ബി1 വൻപയറിൽ ധാരാളമായുണ്ട്. ഇത് ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. ഓർമശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും മറവിരോഗം, അൽഷിമേഴ്സ് ഇവ വരാതെ തടയാനും സഹായിക്കുന്നു. അസെറ്റൈൽകൊളൈൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ പ്രവർത്തനത്തിൽ ജീവകം ബി1 സഹായിക്കുന്നതു വഴിയാണ് ഈ ഗുണങ്ങൾ ലഭിക്കുന്നത്.
പ്രമേഹരോഗികൾക്ക് ആരോഗ്യകരമായ ഭക്ഷണമാണു വൻപയർ. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ശരീരത്തിലെ ഷുഗറിന്റെ അളവു നിയന്ത്രിച്ചു നിർത്തുന്നു. പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വൻപയർ സഹായിക്കും. പ്രമേഹത്തിനു പറ്റിയ ഒരു വണ്ടർഫുഡ് തന്നെയാണ് വൻപയർ.
അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വൻപയർ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നു. ഭക്ഷ്യനാരുകൾ മലബന്ധം അകറ്റുന്നു. നിരോക്സീകാരികൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിലെ ചുളിവുകൾ, മുഖക്കുരു എന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വൻപയർ സഹായിക്കും. വൻപയറിലെ നിരോക്സീകാരികൾ കോശങ്ങളുടെ പ്രായമാകൽ സാവധാനത്തിലാക്കുന്നതാണു കാരണം. മലാശയ അർബുദം തടയാനും വൻപയർ സഹായിക്കും. വൻപയറിലെ മാംഗനീസ്, കാൽസ്യം ഇവ എല്ലുകളെ ശക്തിപ്പെടുത്തി ഒസ്റ്റിയോപൊറോസിസ് തടയുന്നു.
വൻപയറിലെ ഫോളേറ്റുകൾ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൻപയറിലെ മഗ്നീഷ്യം മൈഗ്രേൻ തടയുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നു. ജീവകം ബി 6 കലകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും മുടികൊഴിച്ചിൽ തടയാനും ഉത്തമം. തിമിരം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ വൻപയറിലെ ജീവകം ബി3ക്കു കഴിയും.
വൻപയറിലടങ്ങിയ കോപ്പർ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന സന്ധിവാതത്തിന് ആശ്വാസമേകുന്നു. ഇതിലുള്ള മഗ്നീഷ്യം ശ്വാസകോശത്തിന് ആരോഗ്യമേകുന്നു. ആസ്മയെ പ്രതിരോധിക്കുന്നു.
വായുകോപം ഭയന്നാണ് പലരും വൻപയർ കഴിക്കാൻ മടിക്കുന്നത്. ഇതകറ്റാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
എട്ടോ പത്തോ മണിക്കൂറെങ്കിലും വൻപയർ കുതിർക്കണം. നന്നായി വേവിക്കാൻ ശ്രദ്ധിക്കണം. വൻപയറിനൊപ്പം ധാരാളം വെളുത്തുള്ളി കൂടി ചേർത്താൽ ഗ്യാസ്ട്രബിളിനെ പേടിക്കുകയേ വേണ്ട. മുളപ്പിച്ചും വൻപയർ ഉപയോഗിക്കാം.
Read More : Healthy Food