ഹൃദയശസ്ത്രക്രിയ കഴിഞ്ഞാൽ രുചിയുള്ള ആഹാരം കഴിക്കാൻ പാടില്ല എന്നു കരുതരുത്. കൊളസ്ട്രോൾ നിയന്ത്രിച്ച് രുചിയോടെ കഴിക്കാം.
എണ്ണയും കൊഴുപ്പും നന്നായി കുറച്ചു വേണം പാചകം ചെയ്യാൻ. രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കണം. പ്രമേഹരോഗികളാണെങ്കിൽ പഞ്ചസാരയും കൊഴുപ്പും നന്നായി നിയന്ത്രിക്കണം. രക്താതിസമ്മർദവും പമ്പിങ് പ്രശ്നങ്ങളുമുള്ളവർ ഉപ്പ് നിയന്ത്രിക്കണം. കൊളസ്ട്രോൾ കൂടുതലുള്ള പോത്തിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവ പൂർണമായി ഒഴിവാക്കണം. കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി തൊലി നീക്കി, എണ്ണ കുറച്ച് കറി വയ്ക്കാം.
പപ്പടം, അച്ചാർ എന്നിങ്ങനെ ഉപ്പ് അമിതമടങ്ങിയ ആഹാരം ഒഴിവാക്കണം. കൊളസ്ട്രോൾ കൂടുതലുള്ളവർക്ക് മുട്ട വെള്ള മാത്രം കഴിക്കാം. ജങ്ക്ഫുഡുകൾ പൂർണമായി ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഇവയിൽ രക്തക്കുഴലിനെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകൾ സമൃദ്ധമായുണ്ട്. ഇവയിലെ നാരുകൾ പഞ്ചസാരയെയും കൊളസ്ട്രോളിനെയും ക്രമീകരിക്കുന്നു.
അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകൾ സമൃദ്ധമായടങ്ങിയ മത്സ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഒമേഗ 3 ഫാറ്റി ആസിഡ് രക്തക്കുഴലുകൾക്കു സംരക്ഷണം നൽകുന്നു.
കൊളസ്ട്രോൾ അധികമുള്ളവർക്കു പാട നീക്കി പാൽ കുടിക്കാം. ചായ, കാപ്പി എന്നിവ ദിവസവും മൂന്നു കപ്പിൽ കൂടുതൽ പാടില്ല. ആവിയിൽ പുഴുങ്ങിയ ഇഡ‌്‌ലി, പുട്ട് എന്നിവ സുരക്ഷിതമാണ്. 30 മില്ലിയിൽ അധികം എണ്ണ ദിവസവും ആഹാരത്തിൽ ചേരാൻ പാടില്ല.