ടൊമാറ്റോ കെച്ചപ്പ് ഈ രോഗങ്ങള്‍ക്കു കാരണമാകും

500801606
SHARE

ടൊമാറ്റോ കെച്ചപ്പ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. കുട്ടികൾ മുതൽ പ്രായമായവർ വരെ ഇതിന്റെ ആരാധകരാകും. മിക്കവീട്ടിലും കാണും ടൊമാറ്റോ സോസ് അഥവാ ടൊമാറ്റോ കെച്ചപ്പ്. 

ഫാസ്റ്റ് ഫുഡുകളായ പാസ്ത, പിസ, ബ്രഡ് ടോസ്റ്റ്, ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, ബർഗർ ഇവയ്ക്കെല്ലാം ഒപ്പം ടൊമാറ്റോ കെച്ചപ്പും ഉണ്ടാകും. കട്‍ലറ്റ്, സമൂസ, പഫ്സ് ഇവയ്ക്കൊപ്പവും മേമ്പൊടിക്ക് അൽപ്പം കെച്ചപ്പ് പ്രിയംതന്നെ. ഇവയ്ക്കെല്ലാം രുചി കൂട്ടുന്ന ടൊമാറ്റോ കെച്ചപ്പ് ഉപദ്രവകാരിയല്ല എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ നിങ്ങൾ കരുതും പോലെ  നിർദോഷിയല്ല കെച്ചപ്പ്. പ്രിസർവേറ്റീവുകളും രാസ വസ്തുക്കളും അടങ്ങിയതാണിത്. ദീർഘകാലം പതിവായുള്ള കെച്ചപ്പ് ഉപയോഗം പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും. ഷുഗർ അഥവാ സൂക്രോസിനെക്കാളും ദോഷകരമായ ഫ്രക്ടോസ് ആണ് ഇതിലുള്ളത്. ശരീരഭാരം കൂടാനും ഇൻസുലിൻ പ്രതിരോധത്തിനും ഇത് കാരണമാകും.

പഞ്ചസാര മാത്രമല്ല ഉപ്പും കെച്ചപ്പിൽ ഉണ്ട്. ഒരു ടേബിൾ സ്പൂൺ കെച്ചപ്പിൽ 160 മി.ഗ്രാം എന്ന തോതിൽ ഉപ്പ് അടങ്ങിയിരിക്കുന്നു. ഒരു ദിവസം ആവശ്യമുള്ള ഉപ്പിന്റെ 8 ശതമാനം വരും ഇത്. ഉയർന്ന രക്തസമ്മർദം, ശരീരത്തിലെ ധാതുക്കളുടെ അസന്തുലനം ഇവയ്ക്കെല്ലാം ഇതു കാരണമാകും. 

തിളപ്പിച്ച് വാറ്റിയെടുത്ത വിനാഗിരി ആണ് സോസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇത് രാസവസ്തുക്കള്‍ അടങ്ങിയതും ആരോഗ്യത്തിനു ഹാനികരവുമാണ്. 

പ്രോട്ടീൻ, നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ ഇവയൊന്നും കെച്ചപ്പിൽ ഇല്ല. ഭക്ഷണത്തിന്റെ രൂചി കൂട്ടും എന്നതിനപ്പുറം ഒരു ആരോഗ്യ ഗുണവും ഇതിനില്ല. 

ആരോഗ്യകരമായ കെച്ചപ്പ് അഥവാ സോസ് കഴിക്കണമെങ്കിൽ വീട്ടിൽ തന്നെ തയാറാക്കേണ്ടി വരും. കുറച്ചു സമയം ചെലവഴിച്ചാൽ കൃത്രിമ വസ്തുക്കൾ ഒന്നും ചേർക്കാതെ രുചികരമായ സോസ് തയാറാക്കാവുന്നതേയുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA