ദിവസം മുഴുവന്‍ ഊര്‍ജത്തിന് രാവിലെ കുടിക്കാന്‍ 7 പാനീയങ്ങള്‍

861180142
SHARE

ഒരു ദിവസം മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമായ ഊര്‍ജം നമുക്കു ലഭിക്കുന്നത് പ്രാതലില്‍ നിന്നാണെന്ന് അറിയാമല്ലോ. എന്തൊക്കെ ഒഴിവാക്കിയാലും പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഏഴ്- എട്ടു മണിക്കൂര്‍ നേരത്തെ ഉറക്കത്തിനു ശേഷമാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്‌. അതുകൊണ്ടുതന്നെ രാവിലെ ഉണരുമ്പോള്‍ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്ന കാര്യത്തിലും വീഴ്ച വരുത്താന്‍ പാടില്ല. ദിവസം മുഴുവനുമുള്ള ഉന്മേഷത്തിനും ആരോഗ്യത്തിനും പ്രാതലിനു മുൻപായി കുടിക്കാവുന്ന ആരോഗ്യകരമായ ഏഴു പാനീയങ്ങളെ കുറിച്ചറിയാം.

നാരങ്ങ ചേര്‍ത്ത വെള്ളം- നാരങ്ങ ചേര്‍ത്ത വെള്ളം എന്നു കേള്‍ക്കുമ്പോള്‍ നല്ല മധുരമിട്ട നാരങ്ങാവെള്ളമായി തെറ്റിദ്ധരിക്കണ്ട. നല്ല ചെറുചൂടു വെള്ളത്തില്‍ ഒരു നാരങ്ങ മുഴുവന്‍ പിഴിഞ്ഞു ചേര്‍ത്ത് അതില്‍ 1-2 ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്തുവേണം ഈ പാനീയം കുടിക്കാന്‍. 

അപ്പിള്‍ സിഡര്‍ വിനഗര്‍ -  രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുമെല്ലാം ഉത്തമമാണ് അപ്പിള്‍ സിഡര്‍ വിനഗര്‍. ഒരു ടേബിള്‍ സ്പൂണ്‍  സിഡര്‍ വിനഗര്‍, രണ്ടു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, ഇത്തിരി തേനും ഒരല്‍പം കുരുമുളകും എന്നിവ ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ മിക്സ്‌ ചെയ്തു കുടിക്കാം.

ഗ്രീന്‍ ടീ - ശരീരത്തിലെ മെറ്റബോളിസം ക്രമപ്പെടുത്താന്‍ ഗ്രീന്‍ ടീ ഉത്തമമാണ്. ഇതിലെ ആന്റി ഓക്സ്ഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. 

തേങ്ങാവെള്ളം - നമ്മുടെ നാട്ടില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന തേങ്ങാവെള്ളം പൊട്ടാസ്യം, കാല്‍സ്യം എന്നിവ ആവശ്യം പോലെ അടങ്ങിയതാണ്. ആവോളം ആന്റി ഓക്സ്ഡന്റുകളും ഇവയിലുണ്ട്. 

നെല്ലിക്കയും കറ്റാർവാഴയും  - ചര്‍മത്തിനും മുടിക്കും ഏറ്റവും ഗുണകരമാണ് ഇത്. ശരീരത്തെ ശുചിയാക്കുന്നതിനും മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നതിനും ഇത് ഉത്തമമാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഫാറ്റ് അടിയുന്നത് തടയാനും ഇതു സഹായിക്കും.  4-5  ടേബിൾസ്പൂണ്‍ കറ്റാർവാഴനീരും നെല്ലിക്കാനീരും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്താണ് കുടിക്കേണ്ടത്. ഇവയുടെ റെഡിമെയ്ഡ് സിറപ്പും ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കും.

ഇഞ്ചിച്ചായ - ഇതൊരു വേദനസംഹാരി കൂടിയാണ്. ആർത്രൈറ്റിസ്, മസ്സില്‍ വേദന, വയറുവേദന,  ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം ഇത് ഉത്തമമാണ്.  രണ്ടു ടേബിള്‍സ്പൂണ്‍ ഇഞ്ചിനീര് രണ്ടു കപ്പ്‌ വെള്ളത്തില്‍ ചേര്‍ത്താണ് ഇഞ്ചിച്ചായ ഉണ്ടാക്കേണ്ടത്. ഇത് അടുപ്പില്‍ വച്ചു തിളപ്പിച്ച ശേഷം ആവശ്യമെങ്കില്‍ തേനോ നാരങ്ങനീരോ ചേര്‍ത്തു കുടിക്കാം.

മഞ്ഞള്‍, കുരുമുളക് ചൂടുവെള്ളത്തില്‍ ചേര്‍ത്തത് - ഇതും ഒരസ്സല്‍ പാനീയമാണ്. ദഹനം ശരിയാക്കാന്‍ തുടങ്ങി കാന്‍സര്‍ തടയാന്‍ വരെ ഉത്തമമാണ് ഇത്. പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA