ഭക്ഷണത്തെപ്പറ്റി അതിശയകരമായ അഞ്ച് കാര്യങ്ങൾ

ഒക്ടോബർ 16 ലോകഭക്ഷ്യദിനമാണ്. ഈ ദിനത്തിൽ, നാം കഴിക്കുന്ന ചില ഭക്ഷണങ്ങളെപ്പറ്റി നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ചില അതിശയകരമായ വസ്തുതകൾ ഇതാ.

ചോക്ലേറ്റ്

നികുതി അടയ്ക്കേണ്ട സമയത്ത് കൊക്കോ ബീൻസ് കറൻസിയായി ഉപയോഗിച്ചിരുന്നു അസ്ടെക്സ് ജനത. മായൻമാരാകട്ടെ ചോക്ലേറ്റിനെ ‘ദൈവത്തിന്റെ ഭക്ഷണം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 

തേൻ 

ഒരിക്കലും കേടാകാത്ത ഭക്ഷണമാണ് തേൻ. സ്വാഭാവിക അവസ്ഥയെക്കാള്‍ ഈർപ്പം വളരെ കുറഞ്ഞതും അമ്ലാംശം അധികമുള്ളതും ആണ് തേൻ. ഇതാണ് കേടുവരാതിരിക്കാൻ കാരണം. തേൻ ഭദ്രമായി അടച്ചു ജാറുകളിൽ സൂക്ഷിക്കുകയാണ് പതിവ്. അമ്ലാംശം കൂടിയതും ഈർപ്പം കുറഞ്ഞതുമായ ഈ അവസ്ഥയിൽ ബാക്ടീരിയകൾ നശിക്കും. 

ഉരുളക്കിഴങ്ങ്

റേഡിയോ സന്ദേശങ്ങളെയും വയർലെസ് സിഗ്നലുകളെയും ആഗിരണം ചെയ്യാനും പ്രതിഫലിപ്പിക്കാനും ഉള്ള കഴിവ് ഉരുളക്കിഴങ്ങിനുണ്ട്. എന്നു പറഞ്ഞാൽ വിശ്വസിക്കുമോ! ഉരുളക്കിഴങ്ങിലെ കൂടിയ ജലാംശവും രാസഘടനയുമാണ് ഇതിനു പിന്നിൽ.

മുന്തിരി

മുന്തിരിങ്ങ ഒരിക്കലും മൈക്രോവേവിൽ വയ്ക്കരുത്. വച്ചാൽ ഒരു സ്ഫോടനം പ്രതീക്ഷിക്കാം. മുന്തിരി ഏതെങ്കിലും ഭക്ഷണത്തിൽ വച്ച് മൈക്രോവേവിൽ വച്ചാൽ ആ ഭക്ഷണത്തിന് ആവശ്യമായ പവർ ആഗിരണം ചെയ്യാൻ കഴിയില്ല. ഇത് മൈക്രോവേവിനുള്ളിലെ വൈദ്യുത കാന്തിക തരംഗങ്ങളുടെ ഗാഢത കൂടാൻ കാരണമാകും. മുന്തിരി ഒരു ആന്റിനയായി പ്രവര്‍ത്തിക്കുകയും വൈദ്യുതി കടത്തിവിടുകയും ചെയ്യും. ഇത് ചെറിയ ‘പ്ലാസ്മ’ ഫയർബോളുകൾ ആയി മാറും. 

ആപ്പിൾ

ആപ്പിൾ ഒഴുകി നടക്കും. വെള്ളത്തിൽ ഇട്ടുനോക്കൂ ആപ്പിൾ ഒഴുകി നടക്കുന്നതു കാണാം. ആപ്പിളിന്റെ വ്യാപ്തത്തിൽ 25 ശതമാനവും വായു ആണ് എന്നതാണു കാരണം. കൂടാതെ വെള്ളത്തെക്കാൾ സാന്ദ്രത കുറവുമാണ്.