ചീരയും ബീറ്റ്റൂട്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഒരു കാരണം കൂടി. ഇവ നേത്രരോഗമായ മക്യുലാർ ഡീജനറേഷനെ തടയുമത്രെ. ബീറ്റ്റൂട്ടിലും ഇലക്കറികളിലും അടങ്ങിയ നൈട്രേറ്റുകൾ ആണ് പ്രായമാകുന്നവരെ ബാധിക്കുന്ന, കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന ഈ നേത്രരോഗത്തെ (Age related Macular Degeneration-AMD)തടയാൻ സഹായിക്കുന്നത്.
ദിവസവും 100 മുതൽ 142 മി.ഗ്രാം വരെ നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിച്ചവരിൽ, ദിവസം 69 മി.ഗ്രാം കഴിച്ചവരെക്കാൾ എഎംഡി വരാനുള്ള സാധ്യത 35 ശതമാനം കുറവാണെന്നു കണ്ടു.
മക്യുലാർ ഡീജനറേഷനും ഭക്ഷണത്തിലെ നൈട്രേറ്റുകളും തമ്മിലുള്ള ബന്ധം കണക്കാക്കുന്നത് ഇതാദ്യമായാണെന്നു ഗവേഷകയായ ഭാമിനി ഗോപിനാഥ് പറയുന്നു. 100 ഗ്രാം പച്ചച്ചീരയിൽ 20 മി.ഗ്രാം നൈട്രേറ്റും 100 ഗ്രാം ബീറ്റ്റൂട്ടിൽ ഏതാണ്ട് 15 മി.ഗ്രാം നൈട്രേറ്റും ഉണ്ട്. 50 വയസ്സു കഴിഞ്ഞവരിലാണ് മക്യുലാർ ഡീജനറേഷൻ സാധാരണയായി ഉണ്ടാകുന്നത്. ഈ നേത്രരോഗം പൂർണമായി ചികിത്സിച്ചു മാറ്റാനാവില്ല.
വെസ്റ്റ്മെഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ ഗവേഷകർ 15 വർഷം നീണ്ട പഠനം നടത്തി. 49 വയസ്സു കഴിഞ്ഞ രണ്ടായിരം ഓസ്ട്രേലിയക്കാരിൽ നടത്തിയ ഈ പഠനം ജേണലായ അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിൽ പ്രസിദ്ധീകരിച്ചു.
1992 ല്‍ തുടങ്ങി, ജനസംഖ്യ അടിസ്ഥാനമാക്കിയ പഠനമായ ബ്ലൂമൗണ്ടെയ്ൻസ് ഐ സ്റ്റഡിയിലെ വിവരങ്ങളാണ് ഈ പഠനത്തിനായി ക്രോഡീകരിച്ചത്. ഭക്ഷണവും ജീവിതശൈലിയും ആരോഗ്യത്തെയും വിവിധ രോഗങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിക്കുന്ന വലിയ ഒരു എപ്പിഡെമിയോളജിക്കൽ പഠനങ്ങളിൽ ഒന്നാണിത്.