േകരളീയർക്ക് ഏറെ പരിചിതമായ മത്സ്യമാണു മത്തി അഥവാ ചാള. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ട മത്തി തെക്കൻ കേരളത്തിൽ ചാള എന്നും അറിയപ്പെടുന്നു. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കണ്ടു വരുന്നത്. കൂട്ടമായാണു സഞ്ചാരം. ശത്രുക്കളിൽ നിന്നു രക്ഷ പ്പെടാനാണിത്. തിമിംഗലം, സ്രാവ്, ചൂര തുടങ്ങിയവയാണു മുഖ്യ ശത്രുക്കൾ. അവയെല്ലാം മത്തിയെ വേട്ടയാടിപ്പിടിച്ച് ആഹരിക്കുന്നു. പെയ്ത്തു വലയും ഒഴുക്കു വലയും വീശുവലയും റിങ് വലയും ഉപയോഗിച്ചാണു മനുഷ്യർ മത്തിയെ പിടിക്കുന്നത്.
ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം, ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഉരുണ്ടു നീണ്ട ശരീരപ്രകൃതമാണു മത്തിക്ക്. മുതുകിനു പച്ച കൂടിയ ഇരുണ്ട നിറം. ഇരുവശം തിളക്കമാർന്ന വെള്ളനിറവും ചെതുമ്പലുമുള്ള മീനാണു മത്തി. ചിറകുകൾ പൊതുവേ സുതാര്യമാണ്. ജൂൺ ജൂലൈ മാസങ്ങളാണു മത്തിയുടെ പ്രജനന കാലം. ഈ മീൻ ജീവിതത്തിൽ ഒരിക്കൽ മാത്രമാണു മുട്ടയിടുക. ഒരു പെൺമത്തി ശരാശരി അര ലക്ഷം മുട്ട ഇടാറുണ്ട്. സസ്യപ്ലവകങ്ങളിൽ നിന്നാണു മത്തി ആഹാരം കണ്ടെത്തുന്നത്. ചെമ്മീനുകളുടെ ലാർവകൾ, മത്സ്യ മുട്ടകൾ, വിവിധ തരം ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ മത്തി ആഹാരമാക്കുന്നു. കാലവർഷമായാൽ മത്തി പറ്റംപറ്റമായി ഉൾക്കടലിൽ നിന്നു തീരക്കടലിലേക്കു വരും.
മാംസത്തിൽ എണ്ണയുടെ അളവ് കൂടുതലയായതിനാൽ മത്തി പെട്ടെന്നു കേടാകും. മത്തിയിൽ നിന്നു മീനെണ്ണയും ഉൽപാദിപ്പിക്കപ്പെടുന്നു. വള്ളങ്ങൾ കേടുവരാതെ സൂക്ഷിക്കാനും ലിപ്സ്റ്റിക്ക്, നെയിൽ പോളിഷ്, പെയിന്റ്. ചില ആഭരണങ്ങൾ എന്നിവയുടെ നിർമാണത്തിനും മീനെണ്ണ ഉപയോഗിക്കുന്നുണ്ട്. കറിവയ്ക്കാനും വറുക്കാനുമാണു മത്തി ഉപയോഗിക്കുക. എണ്ണ കൂടാതെ വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുത്താലും സ്വാദിഷ്ഠമാണ്. മരച്ചീനി പുഴുക്കും മത്തിക്കറിയും സമീകൃതാഹാരമായി അറിയപ്പെടുന്നു.