പ്രമേഹമോ? കഴിക്കാം ഈ പഴം

guava
SHARE

ഓരോ കാലത്തും ലഭ്യമായ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പഴങ്ങളെന്നു കേൾക്കുമ്പോൾ കടയിൽ കിട്ടുന്ന വില കൂടിയ പഴങ്ങളെന്ന ചിന്തയാവും പലർക്കും. നമ്മുടെ ചുറ്റുവട്ടത്ത് നിന്നു കിട്ടുന്ന ഫലങ്ങളിലും ആരോഗ്യഗുണങ്ങളുണ്ടെന്നറിയുക. ചക്കപ്പഴവും മാമ്പഴവും പേരയ്ക്കയും ചാമ്പങ്ങയും ഒക്കെ അതാതു കാലത്ത് ധാരാളം കഴിക്കാം. എന്നാൽ പ്രമേഹരോഗം ഉണ്ടെങ്കിൽ ഒന്നു സൂക്ഷിക്കണമെന്നു മാത്രം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴമേത് എന്നു ചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ പേരയ്ക്ക. എന്തുകൊണ്ടാണ് പേരയ്ക്ക പ്രമേഹരോഗികൾക്കും കഴിക്കാം എന്നു പറയുന്നതെന്നോ.

പേരയ്ക്കയിൽ ഭക്ഷ്യനാരുകൾ ധാരാളം ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നു. നാരുകൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതുകൊണ്ടു തന്നെ നാം കഴിച്ചയുടനെ ഇവ രക്തത്തിലേക്കു കലരുന്നില്ല. ഇത് പെട്ടെന്ന് ഷുഗർ കൂടാതെ തടയുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴമാണ് പേരയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എത്രവേഗത്തിൽ അല്ലെങ്കിൽ എത്ര സാവധാനത്തിൽ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഭക്ഷണത്തിന് (അന്നജം) നല്‍കിയിരിക്കുന്ന മൂല്യമാണ് ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ). ജി.ഐ മൂല്യം കുറഞ്ഞ അന്നജം, അതായത് അൻപത്തഞ്ചോ അതിൽ കുറവോ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളവ, വളരെ സാവധാനത്തിലേ ദഹിക്കൂ. ഇവയുടെ ആഗിരണവും ഉപാപചയവും സാവധാനത്തിലേ നടക്കൂ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും വളരെ കുറച്ചു മാത്രമേ കൂട്ടുകയുള്ളൂ. 

പേരയ്ക്ക കാലറി വളരെ കുറഞ്ഞ പഴമാണ്. 100 ഗ്രാം പേരയ്ക്കയിൽ വെറും 68 കാലറി മാത്രമേ ഉള്ളൂ. പേരയ്ക്ക പോലെ കാലറി കുറഞ്ഞ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം കൂടാതെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ആരോഗ്യഗുണങ്ങൾ ധാരാളമുള്ള പേരയ്ക്ക പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാം. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ തുടങ്ങി ഹൃദയാരോഗ്യമേകാൻ വരെ പേരയ്ക്ക സഹായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA