പലകാരണങ്ങളാലും പ്രഭാതഭക്ഷണം മുടക്കുന്നവരാണ് മലയാളികളില്‍ പലരും. കുട്ടികളായാലും മുതിര്‍ന്നവരായാലും ജോലിക്കുപോവുന്ന സ്ത്രീകളായാലും സ്ഥിതി അതു തന്നെ. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവിതശൈലീരോഗങ്ങള്‍ക്കും കളമൊരുക്കുന്ന അനാരോഗ്യകരമായ ഒരു ഭക്ഷണശീലമാണിത് യാതൊരുകാരണവശാലും പ്രഭാതഭക്ഷണം മുടക്കരുതെന്നാണ് പോഷകവിദഗ്ധര്‍ പറയുന്നത്. കാരണം പ്രഭാതഭക്ഷണം സ്ഥിരമായി കഴിക്കുന്നത് നിരവധി പ്രയോജനങ്ങള്‍ നല്‍കുന്നു.
പ്രയോജനങ്ങള്‍
അമിതവണ്ണം കുറയ്ക്കുവാനും ശരീരഭാരം കൂടാതെ നിയന്ത്രിച്ചുനിര്‍ത്തുവാനും സഹായിക്കുന്നു. പ്രഭാതഭക്ഷണം മാത്രമല്ല മറ്റുനേരത്തേയും ഭക്ഷണം മുടക്കുരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കാരണം പ്രഭാതഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ആ സമയത്ത് നമ്മള്‍ സാധാരണയില്‍ കൂടുതല്‍ ആഹാരം വിശപ്പടക്കാന്‍ വേണ്ടി കഴിക്കുന്നു. ഇത് അമിതാഹാരത്തിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും. മാത്രവുമല്ല പലപ്പോഴും കയ്യില്‍ കിട്ടുന്ന എന്തെങ്കിലും അവ അനാരോഗ്യകരമാണെങ്കിലും കഴിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഇത്ക്രമേണ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു.
മാനസിക സമ്മര്‍ദങ്ങളെ ലഘൂകരിക്കാനും മനസ്സിനു സുഖാവസ്ഥ നല്‍കുന്നതിനും സഹായിക്കുന്നു. കുട്ടികള്‍ക്ക് ക്ലാസ്സില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാനും നന്നായി പഠിക്കുവാനും കഴിയും.പ്രഭാതഭക്ഷണം കഴിച്ചു സ്കൂളില്‍ പോകുന്ന കുട്ടികളുടെ പഠനനിലവാരം മറ്റുകുട്ടികളുടെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നമ്മുടെ തലച്ചോറിന്‍റെ പ്രധാന ആഹാരം ഗ്ലൂക്കോസാണ്. രക്തത്തിലെ പഞ്ചസാരയില്‍ നിന്നാണ് തലച്ചോറിന് അത് ലഭിക്കുന്നത്‍. പ്രഭാതത്തില്‍ നമ്മുടെ രക്തത്തിലെ പഞ്ചസാര ഏറ്റവും കുറഞ്ഞ അളവിലാണ്. അതുകൊണ്ടാണ് ഫാസ്റ്റിംങ് ബ്ലഡ്ഷുഗര്‍ നോക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര ഏറ്റവും കുറഞ്ഞ അളവ് കാണിക്കുന്നത്. ഇതിനു കാരണം നാം രാത്രിയില്‍ ഫാസ്റ്റിങ് ആണ് എന്നതു തന്നെ. ബ്രേക്ക്ഫാസ്റ്റ് എന്നു പറയുമ്പോള്‍ തന്നെ നാം ഫാസ്റ്റിങ് ബ്രേക്ക് ചെയ്യുന്നു എന്നതാണ്. ബ്രേക്ക്ഫാസ്റ്റ് മുടങ്ങിയാല്‍ തലച്ചോറിന് ആവശ്യത്തിന് ഗ്ലൂക്കോസ് കിട്ടാതെ വരുകയും അതിന്‍റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഊര്‍ജ്ജസ്വലതയോടെ ജോലിചെയ്യുവാന്‍ പ്രഭാതഭക്ഷണം തീര്‍ച്ചയായും കഴിച്ചിരിക്കണം.
പ്രഭാതഭക്ഷണം ഹൃദയാരോഗ്യത്തിനു മുതല്‍ കൂട്ട്
അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി പറയുന്നത് പ്രഭാതഭക്ഷണം മുടക്കിയാല്‍ രക്തക്കുഴലുകള്‍ ചുരുങ്ങിപ്പോകാനും ധമനികളിൾ ബ്ലോക്ക് ഉണ്ടാകാനും സാധ്യത കൂടുതലാണെന്നാണ്. രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാവുന്നതാണല്ലോ ഹാര്‍ട്ട് അറ്റാക്കിനും സ്ട്രോക്കിനും കാരണമാവുന്നത്. പ്രമേഹത്തെ പ്രതിരോധിക്കാനും നിയന്ത്രിച്ചു നിത്താനും സഹായിക്കുന്നു. അമേരിക്കന്‍ ഡയബറ്റിക് അസ്സോസിയേഷന്‍റെ ഒരു പഠനം കാണിക്കുന്നത് പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറവാണെന്നാണ്. പ്രമേഹം ഉള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുവാനും സാധിക്കും. അവര്‍ക്ക് രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവുകയുമില്ല. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുകയോ, വളരെ കുറയുകയോ ചെയ്യുന്നത് നന്നല്ല.
പ്രഭാതഭക്ഷണം മുടക്കുന്നവരില്‍ കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ കൂടുതല്‍ സാധ്യതയുണ്ട്. കാരണം അങ്ങനെയുള്ളവരുടെ കരള്‍ കൊളസ്ട്രോള്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നു.
പ്രഭാതഭക്ഷണം എന്തെല്ലാം?
പ്രഭാതഭക്ഷണം രാജാവ് കഴിക്കുന്നതുപോലെ എന്നാണ് പ്രമാണം. അതായത് പോഷക സമൃദ്ധമായിരിക്കണം, തവിടോടുകൂടിയ വിവിധ ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയവ, നട്സ്, മുളപ്പിച്ചധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയെല്ലാം വളരെ നല്ലതാണ്. നമ്മുടെ നാടന്‍ വിഭവങ്ങളായ ദോശ, ഇഡ്ഡലി, അപ്പം, പുട്ട്, ഇടിയപ്പം എന്നിവയെല്ലാം നല്ലതുതന്നെ. ചട്നിക്കു പകരം സാമ്പാറാണ് നല്ലത്. കാരണം അതില്‍ വിവിധ പച്ചക്കറികള്‍ ഉള്ളതുകൊണ്ട് നാരുകളും വൈറ്റമിനുകളും ലഭിക്കുന്നു. അപ്പത്തിന്‍റെ കൂടെ മുട്ട, കടല, ഗ്രീന്‍പീസ് എന്നിവയൊക്കെ ആവാം. ഏതെങ്കിലും പഴങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. അവയിലും നാരുകളും വൈറ്റമിനുകളും ഫൈറ്റോകെമിക്കലുകളും എന്‍സൈമുകളും ധാരാളമായി ഉണ്ട്. പാല്‍ , മുട്ട, സോയാബീന്‍ , ഓട്സ്, പയര്‍, മുളപ്പിച്ച ചെറുപയര്‍, ബദാം ,കപ്പലണ്ടി, വാള്‍നട്സ്, ഫ്ളാക്സ്‌സീഡ്സ് എന്നിവ പ്രോട്ടീന്‍ കൂടാതെ മറ്റു പോഷകങ്ങളും നല്‍കുന്നു. ബേക്കറി പലഹാരങ്ങള്‍, ജങ്ക് ഫുഡ്സ് എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്തതാണു നല്ലത്.