ബീറ്റ്‌റൂട്ടിനുണ്ട് ഈ അദ്ഭുതഗുണം

ബീറ്റ്റൂട്ടും ഒർമശക്തിയും തമ്മിൽ എന്തു ബന്ധം എന്നു ചോദ്യത്തിന്ന് ഉത്തരമാണ് ഓര്‍മശക്തി കൂട്ടാന്‍ ബീറ്റ്റൂട്ട് സഹായിക്കും എന്നത്. പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നതാണ്. ബീറ്റ്റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രൈറ്റിനെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം ത്വരിതഗതിയിലാക്കി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് എത്തിക്കാനും സാധിക്കുന്നു. 

വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ട്രാന്‍സിലേഷനല്‍ സയന്‍സ് സെന്‍ററിലെ ഗവേഷകര്‍ നൈട്രേറ്റ് ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസിന്‍റെ ഉപയോഗവും ശിരസ്സിലേക്കുള്ള വര്‍ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുവാനായി  70 വയസ്സിനു മേല്‍ പ്രായമുള്ളവരെയാണ് നാലു ദിവസത്തെ പഠനത്തിന് വിധേയരാക്കിയത്. പഠനത്തിനു വിധേയരായവരില്‍ ആദ്യദിവസം 10 മണിക്കൂര്‍ നേരത്തെ നിരാഹാരത്തിനു ശേഷം ആരോഗ്യനില വിശദമായി രേഖപ്പെടുത്തുകയും തുടര്‍ന്ന് കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് നല്‍കുകയും ചെയ്തു.

പ്രഭാതഭക്ഷണത്തിനോടൊപ്പം 16 ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് ഇവര്‍ക്കു നല്‍കി. പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണം, അത്താഴം, ലഘുഭക്ഷണം എന്നിവ നല്‍കി. ഒരു മണിക്കൂറിനു ശേഷം ഓരോരുത്തരുടെയും തലച്ചോറിലേക്കുള്ള എംആര്‍ഐ രേഖപ്പെടുത്തി. പ്രഭാതത്തിനു മുമ്പും ശേഷവും ശരീരത്തിലെ നൈട്രേറ്റിന്‍റെ നില അറിയാന്‍ രക്തപരിശോധന നടത്തി. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലും ഇതേരീതി ആവര്‍ത്തിച്ചു. നൈട്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായി എംആര്‍ഐയില്‍ തെളിഞ്ഞു. പ്രായമാകുമ്പോള്‍ ക്ഷയം സംഭവിക്കുന്നതും അതുവഴി സ്മൃതിനാശത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്‍റെ മുന്‍ഭാഗത്തേക്കുള്ള രക്തയോട്ടം കൂടിയതായിയും തെളിഞ്ഞു.