തൈറോയ്ഡ് മുതൽ കൊളസ്ട്രോൾ വരെ പരിഹാരം മല്ലിയിൽ ഉണ്ട്

ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. പോഷകഗുണങ്ങൾ ഏറെയുള്ള മല്ലിയിൽ അയൺ, മാംഗനീസ്, മഗ്നീഷ്യം, ഭക്ഷ്യനാരുകൾ ഇവ ധാരാളമുണ്ട്. കൂടാതെ ജീവകങ്ങളായ സി, കെ, പ്രോട്ടീൻ ഇവയുമുണ്ട്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ ഇവയും ചെറിയ അളവിലെങ്കിലും മല്ലിയിൽ ഉണ്ട്. 

പച്ച മല്ലിയും മല്ലി വറുത്തുപൊടിയാക്കിയും നാം കറികളിൽ ഉപയോഗിക്കാറുണ്ട്. മല്ലി ഇട്ട് തിളപ്പിച്ച വെള്ളവും നമുക്ക് ശീലമാണ്. എന്തൊക്കെ ഗുണങ്ങളാണ് മല്ലിക്കുള്ളത് എന്നു നോക്കാം. 

∙ജീവകങ്ങളും ധാതുക്കളും ധാരാളം ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

∙തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവർക്ക് മല്ലി ചായയാക്കിയോ, മല്ലി വെള്ളമോ എന്നു വേണ്ട ഏതു രീതിയിൽ മല്ലി ഉപയോഗിക്കുന്നതും നല്ലതാണ്. മല്ലിയിലെ വൈറ്റമിനുകളും ധാതുക്കളും ഹോർമോൺ സംതുലനം സാധ്യമാക്കുന്നു. 

∙മല്ലി ഒരു ആന്റി ഡയബറ്റിക് ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. മല്ലി, വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. 

∙വിളർച്ച തടയാൻ മല്ലി ഉത്തമമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, ശ്വാസം എടുക്കാൻ പ്രയാസം നേരിടുക, ഓർമക്കുറവ് ഇവയെല്ലാം ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഉണ്ടാകാം. മല്ലിച്ചായ കുടിക്കുന്നത് വിളർച്ച അകറ്റാൻ സഹാ യിക്കും. 

∙മല്ലിക്ക് ആന്റി ഓക്സിഡന്റ്, ആന്റി മൈക്രോബിയൽ, ഡീടോക്സിഫയിങ് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. വസൂരി ബാധിച്ച സ്ഥലത്തെ വേദന കുറയ്ക്കാനും ചൊറിച്ചിൽ കുറയ്ക്കാനും മല്ലി സഹായിക്കും. മല്ലിയിലടങ്ങിയ ജീവകം സി ആണ് ഗുണഫലങ്ങളേകുന്നത്. 

∙ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു, ചർമത്തിന്റെ വരൾച്ച, ഫംഗൽ അണുബാധകൾ, എക്സിമ ഇവയെല്ലാം സുഖപ്പെടുത്താൻ മല്ലിക്കു കഴിയും. മല്ലി വെള്ളം ചേർത്ത് അരച്ച് അതിൽ അല്പം തേൻ ചേർത്തു പുരട്ടുന്നത് ചർമത്തിലെ പ്രശ്നങ്ങളെ അകറ്റും. 

∙ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉണ്ടാകാനും മല്ലിയുടെ ഉപയോഗം സഹായിക്കും. 

∙ഹൃദ്രോഗം തടയാനും ഹൃദയാരോഗ്യമേകാനും മല്ലിക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. മല്ലി വെള്ളത്തിലിട്ട് കുതിർത്തശേഷം ആ വെള്ളം ദിവസം രണ്ടു മൂന്നു തവണ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. 

∙ആർത്തവസമയത്തെ അടിവയറുവേദന തടയാൻ മല്ലിക്കു കഴിയും. മല്ലിവെള്ളത്തിൽ പഞ്ചസാര ചേർത്തു കുടിക്കുന്നത് ആർത്തവവേദന കുറയ്ക്കും. 

∙ചെങ്കണ്ണ്, കണ്ണിലെ മറ്റ് അണുബാധകൾ ഇവയ്ക്ക് പരിഹാര മേകാൻ മല്ലിയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ സഹായി ക്കും. മല്ലിയിട്ട് തിളപ്പിച്ച വെള്ളം തണുത്തശേഷം ഈ വെള്ളത്തിൽ കണ്ണ് കഴുകുന്നത് കണ്ണിന്റെ പ്രശ്നങ്ങൾ കുറയ്ക്കും.