രാത്രിയുള്ള ഈ ആഹാരങ്ങള്‍ നിങ്ങളെ ഹൃദ്രോഗിയാക്കാം

പ്രാതല്‍ രാജാവിനെ പോലെ കഴിച്ചാലും അത്താഴത്തിന്റെ കാര്യത്തില്‍ മിതത്വം പാലിക്കണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മിക്കവരും ഇതൊന്നും അത്ര കാര്യമാക്കാറില്ല. അങ്ങനെയുള്ളവര്‍ കേട്ടോളൂ, കാലറി കൂടിയ വിഭവങ്ങൾ ഉള്‍പ്പെട്ട അത്താഴം കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഹൃദ്രോഗവും പ്രമേഹവുമാണ്. ആറുമണിക്കു ശേഷം ഹൈ കാലറി അടങ്ങിയ ആഹാരങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരിലാണ് ഈ സാധ്യത. ഇവരില്‍ പ്രമേഹം, രക്തസമ്മര്‍ദം എന്നീ ജീവിതശൈലീരോഗങ്ങള്‍ തലപൊക്കാം. ഇത് വൈകാതെ ഹൃദയത്തെയും ബാധിക്കാം. 2,000 കാലറിയാണ് നിങ്ങളുടെ ദിവസവുമുള്ള ഡയറ്റ് എങ്കില്‍ വൈകിട്ട് ആറുമണിക്കു ശേഷം നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിലെ ഓരോ കാലറിയും ആരോഗ്യത്തിനു ഹാനികരമാണ്. 

ഓരോ 30 % മോ അതിലധികമോ കാലറിയാണ് ആറുമണിക്കു ശേഷമുള്ള ആഹാരമെങ്കില്‍ മേല്‍പ്പറഞ്ഞ ഹൃദ്രോഗം വരാനുള്ള സാധ്യത 23 ശതമാനമാണ്; പ്രമേഹ സാധ്യത 19 ശതമാനവും. അതുകൊണ്ടുതന്നെ നമ്മള്‍ എന്തു കഴിക്കുന്നു എന്നതു പോലെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. മാത്രമല്ല, അത്താഴത്തിലെ അമിതകാലറിയാണ്  ഫാറ്റ് അടിയാനും അമിത വണ്ണത്തിനും കാരണമാകുന്നതും. 18 മുതൽ 76 വരെ പ്രായത്തിലുള്ള 12,708 ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തല്‍.  ഇതില്‍ 56.6 ശതമാനം ആളുകളും അത്താഴത്തിന് 30 ശതമാനത്തിലധികം കാലറി കഴിക്കുന്നവരായിരുന്നു. ഷിക്കാഗോയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ സെഷനിലാണ് ഈ പഠനം അവതരിപ്പിച്ചത്.