പ്രമേഹരോഗികൾ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കുടുംബത്തിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെങ്കിൽ ആ രോഗിക്കു മാത്രമായി ഒരു ഭക്ഷണം ക്രമീകരിക്കാതെ, അത് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വേണ്ടിയുള്ള ഭക്ഷണമായി മാറ്റണം. ഇതുവഴു കുടുംബാംഗങ്ങൾക്കെല്ലാം ഹെൽത്തി ഡയറ്റ് പാറ്റേൺ ആകും. ഓരോരുത്തരുടെയും ആരോഗ്യരീതി അനുസരിച്ചാണ് ഡയറ്റ് ക്രമീകരിക്കേണ്ടത്. ഓരോ രോഗിയുടെയും രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നോക്കി ആഹാരം ക്രമീകരിക്കാം. വണ്ണം കൂടുതലുള്ള പ്രമേഹരോഗി ആണെങ്കിൽ വണ്ണം കുറയ്ക്കാനായി രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനായി സൂര്യകാന്തി എണ്ണ പോലുള്ള സാച്ചുറേറ്റഡ് ഫാറ്റ് കുറവുള്ളവ ഉപയോഗിക്കാം. വൃക്കയിലും മറ്റും രോഗം ബാധിച്ച പ്രമേഹരോഗി ആണെങ്കിൽ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കുറയ്ക്കുന്നതാകും നല്ലത്. പൊട്ടാസ്യം കൂടുതലാണെങ്കിൽ ഏതെല്ലാം ഫലവർഗങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശം നൽകാം.
ആഹാരരീതി കൃത്യസമയത്തു വേണം. രാവിലെ, ഉച്ചയ്ക്ക, രാത്രിയുള്ള ഭക്ഷണത്തിനു പുറമേ ഇടവേളകളിൽ സാനാക്സ് കഴിക്കണം. ആഹാരം മൂന്നു പ്രാവശ്യമായി കഴിക്കാതെ നാലോ അഞ്ചോ പ്രാവശ്യമായി കഴിക്കുക. രാത്രിയുള്ള ഭക്ഷണം ഒരുപാട് വൈകിപ്പിക്കാതെ എട്ടു മണിക്ക് മുൻപ് കഴിക്കാൻ ശ്രദ്ധിക്കുക. കിടക്കുന്ന വേളയിൽ പഴവർഗങ്ങൾ കഴിക്കാം. ഫ്രൂട്ട്സ് പ്രധാന ഭക്ഷണത്തിന്റെ കൂടെ കഴിച്ചാൽ അത് ഷുഗർ ഒരുപാട് കൂടുന്നതിനു കാരണമാകും.
ഒട്ടും കഴിക്കാൻ പാടില്ലെന്നു പറയുന്ന ഭക്ഷണം പ്രമേഹരോഗികളുടെ കാര്യത്തിൽ സത്യത്തിൽ ഇല്ല. എന്തും ആകാം, പക്ഷേ അധികം ആകാൻ പാടില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം ഏറെ പ്രധാനമാണ്. ഉദാഹരണത്തിന് ഉച്ചഭക്ഷണം കഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് ഷുഗർ നോക്കുമ്പോൾ 135. പക്ഷേ ഇതിനോടൊപ്പം ഫ്രൂട്ട്സ് കഴിക്കുകയാണെങ്കിൽ ഇത് 250 ആകും. അതുകൊണ്ട് എന്ത് എപ്പോൾ കഴിക്കുന്നുവെന്നതും പ്രധാനമാണ്.
മെലിഞ്ഞിരിക്കുന്ന രോഗിയാണെങ്കിൽ മെലിഞ്ഞ അവസ്ഥ മാറ്റി മറ്റൊരാൾ കാണുമ്പോൾ പ്രമേഹരോഗിയാണെന്നു പറയാത്ത വിധത്തിൽ ബോഡിമാസ് ഇൻഡക്സ് 23 എങ്കിലും ആകുന്ന വിധത്തിൽ വണ്ണം കൂട്ടിയെടുക്കേണ്ടി വരും. ഓരോ രോഗിയുടെയും പ്രമേഹത്തിന്റെ അവസ്ഥ കൂടി നിജപ്പെടുത്തിയശേഷമാണ് ആവശ്യമായ ഡയറ്റ് നിർണയിക്കുന്നത്.
പഞ്ചസാര കൂടുമെന്നു കരുതി പ്രമേഹരോഗികൾ പഴവർഗങ്ങൾ പൂർണമായി ഉപേക്ഷിക്കേണ്ടതില്ല. ഫ്രൂട്ട്സ് കഴിക്കുന്നതാണു നല്ലത്. നാരുകൾ കൂടുതലുള്ളവയും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഓരോ രോഗിയുടെയും ശരീരപ്രകൃതി വ്യത്യസ്തമായതുകൊണ്ട് അവർക്കാവശ്യമായി വരുന്ന ഇൻസുലിന്റെ അളവും മധുരം കഴിക്കുമ്പോൾ കൂടുന്ന പഞ്ചസാരയുടെ അളവും വ്യത്യസ്തമാണ്. ഓരോ ഭക്ഷണം കഴിക്കുമ്പോഴും ഗ്ലൂക്കോമീറ്ററിലോ സിജിഎം ഡിവൈസിലോ ഒക്കെ നോക്കി എത്ര്തതോളം അളവ് വ്യത്യാസപ്പെടുന്നുവെന്നു കണക്കാക്കിയാണ് ഓരോ ഭക്ഷണവും വേണമോ വേണ്ടയോ എന്നും അത് എത്രത്തോളം ആകാമെന്നും തീരുമാനിക്കേണ്ടത്.
മധുരമുള്ള ഏത് ഫ്രൂട്ടിലായാലും ഗ്ലൂക്കോസ് ഉണ്ട്. അത് ഗ്ലൂക്കോസായി ശരീരത്തിലെത്തി രക്തത്തിലെ പഞ്ചസാര കൂട്ടും. ഇത് നമ്മളിൽ എത്രയാണ് കൂട്ടുന്നതെന്ന് ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് കണ്ടുപിടിച്ച ശേഷമാണ് അത് എപ്പോൾ എത്ര്തതോളം ആകാമെന്നൊക്കെ ഡയബറ്റിസ് വിദഗ്ധരുമായൊക്കെ ആലോചിച്ചശേഷം തീരുമാനിക്കേണ്ടത്. ഫ്രൂട്ട്സിലുള്ള ഗ്ലൂക്കോസ് ഫ്രക്ടോസ് ആണ്. അത് ശരീരത്തിലേക്ക് കൺവർട്ട് ചെയ്യുന്നത് ഗ്ലൂക്കോസ് ആയിട്ടാണ്.
അരി ആഹാരം പ്രമേഹം കൂട്ടുമോ?
ഗോതമ്പു കഴിച്ചാലും അരി കഴിച്ചാലും പഞ്ചസാര വർധിക്കുന്നത് ഒരുപോലെയാണ്. ഗോതമ്പിൽ കുറച്ചുകൂടി നാരുകളുണ്ട്. ചില കാര്യങ്ങളിൽ ഗുണമേൻമ കൂടുതലാണ്. ഓരോ രോഗികളും അവരുടെ പ്രത്യേകത മനസ്സിലാക്കി സ്വയം രക്തം പരിശോധിച്ചു മാത്രമേ ഏതൊക്കെ ഭക്ഷണം ആകാവൂ എന്നു തീരുമാനിക്കാൻ കഴിയൂ.