കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ആളുകള്‍ക്കു ഭയമാണ്. ലോകത്താകമാനം ഇന്ന് ആളുകളുടെ മരണത്തിന് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് കാന്‍സറാണ്. നമ്മുടെ ആഹാരശീലങ്ങള്‍, ജീവിതചര്യ എന്നീ ഘടകങ്ങള്‍ കൂടി പലപ്പോഴും കാന്‍സറിനു കാരണമാകാറുണ്ട്. ചില ആഹാരങ്ങള്‍ കാന്‍സറിനു കാരണമാകാറുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. താഴെപ്പറയുന്ന ആഹാരങ്ങള്‍ ഉപേക്ഷിച്ചാല്‍ത്തന്നെ കാന്‍സര്‍ ഭീതിയില്‍നിന്നു രക്ഷ നേടാമെന്ന് ഗവേഷകര്‍ പറയുന്നു. അവ ഏതൊക്കെയെന്നു നോക്കാം.
ഫാസ്റ്റ് ഫുഡ് - രുചികരമായ ആഹാരം എളുപ്പം കയ്യില്‍ കിട്ടുമെന്നതു തന്നെയാണ് ഫാസ്റ്റ് ഫുഡിന്റെ ഏറ്റവും വലിയ മേന്മയും ദോഷവും. ഫാസ്റ്റ് ഫുഡ് സംസ്കാരം വര്‍ധിച്ചു വരുന്നതും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
സാച്ചുറേറ്റഡ് ഫാറ്റ് - സാച്ചുറേറ്റഡ് ഫാറ്റ് കൂടുതലായി ഉള്ളിലെത്തുന്നത് ശ്വാസകോശ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ ഇങ്ങനെയുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക.
മദ്യം - മദ്യപാനവും കാന്‍സറും തമ്മിലും ബന്ധമുണ്ട്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചും വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ടും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നത് ഒരു ഗ്ലാസ്സ് മദ്യം പോലും സ്തനാർബുദ സാധ്യത വര്‍ധിപ്പിക്കുമെന്നാണ്.
ക്രിസ്പി പൊട്ടറ്റോ - രുചികരമായ കിഴങ്ങ് വച്ചുള്ള വിവിധ വിഭവങ്ങള്‍ ഇപ്പോള്‍ നിരവധിയാണ്. സ്റാര്‍ച്ച് അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഉയര്‍ന്ന അളവില്‍ പാകം ചെയ്യുമ്പോള്‍ Acrylamide ധാരാളമായി ഉണ്ടാകും. ഇത് കാന്‍സര്‍ സാധ്യത കൂട്ടുമത്രേ.
ഹോട്ട് കോഫി - കോഫിപ്രിയര്‍ക്ക് ദുഃഖകരമായ വാര്‍ത്തയാണ്. അമിതമായി ചൂടാക്കിയ കോഫിയോ ചായയോ കുടിക്കുന്നത് അന്നനാള കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. തൊണ്ടയില്‍ തുടര്‍ച്ചയായി അമിതചൂടില്‍ പാനീയങ്ങള്‍ എത്തുന്നത് കാന്‍സറിനു കാരണമാകും.
സോഫ്റ്റ് ഡ്രിങ്ക്സ് - ആഹാരം കഴിച്ച ശേഷം എന്തെങ്കിലും സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നവര്‍ ആ ശീലം ഒഴിവാക്കുന്നതു നല്ലതാണ്. ഇത്തരം പാനീയങ്ങളില്‍ ഒരു കപ്പിൽ, പത്തു സ്പൂണ്‍ ഷുഗര്‍ ആണ് അടങ്ങിയിരിക്കുന്നത്. കൃത്രിമ നിറങ്ങളും മധുരവും ആവോളം അടങ്ങിയതാണ് ഇവയെല്ലാം.
സംസ്കരിച്ച മാംസം - സംസ്കരിച്ച മാംസം ആരോഗ്യത്തിനു ഹാനീകരമാണെന്ന് എടുത്തുപറയേണ്ടല്ലോ. കാന്‍സര്‍ സാധ്യത കൂട്ടാന്‍ ഇവ ധാരാളം.
മൈക്രോ വേവ് പോപ്‌കോണ്‍ - മൈക്രോവേവ് പോപ്‌കോണ്‍ ഇന്ന് ആളുകള്‍ക്ക് ഒരു ശീലമായി മാറിയിട്ടുണ്ട്. ഇത്തരം റെഡിമെയ്ഡ് പോപ്‌കോണ്‍ കഴിവതും ഒഴിവാക്കുക. പലപ്പോഴും പോപ്‌കോണിനെക്കാള്‍ അപകടകരം പോപ്‌കോണ്‍ ബാഗുകള്‍ ആണെന്നു കൂടി ഓര്‍ക്കുക. ഈ ബാഗുകളില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ആണ് ഏറ്റവും അപകടകാരി.