നമ്മുടെ തീന്‍മേശകളില്‍ മുട്ട ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. പ്രാതലില്‍ തുടങ്ങി അത്താഴത്തില്‍ വരെ മുട്ട നമ്മള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുട്ടയെ സംബന്ധിച്ച് പല വാഗ്വാദങ്ങളും കാലങ്ങളായി നടക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് മുട്ട കൊളസ്ട്രോള്‍ ഉണ്ടാക്കുമെന്നതും മുട്ടയുടെ മഞ്ഞക്കരു കഴിക്കരുതെന്നതും. മിക്ക ഡയറ്റ് പ്ലാനുകളിലും മുട്ട ഉണ്ട്. ശരിക്കും മുട്ട പോഷകപ്രദമായ ആഹാരമാണോ?
പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവ ധാരളമടങ്ങിയതാണ് മുട്ട. 13 അവശ്യപോഷകങ്ങള്‍ ഇതിലുണ്ട്. ഒരു വലിയ മുട്ടയില്‍ ആറുഗ്രാം പ്രോട്ടീന്‍ ഉണ്ട്; 72 കാലറിയും. ബയോടിന്‍, കോളിന്‍, വൈറ്റമിന്‍ എ, ലൂടിയിന്‍, ആന്റിഓക്സിഡന്റായ Zeaxanthin എല്ലാം ഇതിലുണ്ട്. വൈറ്റമിന്‍ ഡി അടങ്ങിയ അപൂര്‍വം ആഹാരങ്ങളില്‍ ഒന്നായ മുട്ട എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്.
മുട്ടയുടെ മഞ്ഞ നല്ലതാണോ അല്ലയോ എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 186 എംജി കൊളസ്ട്രോള്‍ ആണ് ഒരു മുട്ടയിലുള്ളത്. ഒരു ദിവസം ഒരാള്‍ കഴിക്കേണ്ടത് 300 എംജിയില്‍ കുറവ് കൊളസ്ട്രോള്‍ ആയിരിക്കണം. ഉയര്‍ന്ന കൊളസ്ട്രോള്‍ നില മൂലം മുട്ട ഹൃദ്രോഗമുണ്ടാക്കുമെന്നു പറയാറുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന പഠനം പറയുന്നത് മുട്ടയിലെ dietary cholesterol ഒരിക്കലും കൊളസ്ട്രോള്‍ നില വര്‍ധിപ്പിക്കുന്നില്ല എന്നാണ്. അയണ്‍, ഫോലേറ്റ്, വൈറ്റമിന്‍ എന്നിവയെല്ലാം അടങ്ങിയതാണ് മുട്ടയുടെ മഞ്ഞ. മാത്രമല്ല ദിവസവും ഒരു മുട്ട ശീലിച്ചവരില്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്. എച്ച്ഡിഎൽ കൊളസ്ട്രോള്‍ നില ഉയരുന്നതാണ് ഇതിനു കാരണമായി പറയുന്നത്.
ഓര്‍ഗാനിക് മുട്ടകള്‍ നല്ലതാണോ അല്ലെയോ എന്നൊക്കെ അടുത്തിടെ നിരവധി സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആന്റിബയോട്ടിക് ഉപയോഗിക്കാത്ത, കെമിക്കലുകള്‍ ചേരാത്ത മുട്ടകള്‍ ആരോഗ്യത്തിനു നല്ലതു തന്നെയാണ്. എന്നാല്‍ ഓര്‍ഗാനിക് മുട്ടകള്‍ എപ്പോഴും നല്ലതാണെന്ന് തീര്‍ത്തുപറയാനും സാധിക്കില്ല. ഓര്‍ഗാനിക് ആയാലും അല്ലെങ്കിലും മുട്ട നന്നായി പാകം ചെയ്ത് ഉപയോഗിക്കണം. എന്നാലേ അവ എളുപ്പം ദഹിക്കൂ. നന്നായി വേവിച്ചോ ഓംലെറ്റ് ആയോ പുഴുങ്ങിയോ, പച്ചക്കറികള്‍ ചേര്‍ത്തോ മുട്ട കഴിക്കാം. ഇത് ഫൈബര്‍ അംശം കൂടി ഉള്ളിലെത്താന്‍ സഹായിക്കും.