മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ക്കുന്നത് പലരുടെയും ശീലമാണ്. പഞ്ചസാരയെക്കാള്‍ ഗുണമുള്ള വസ്തു എന്ന നിലയ്ക്കും തേന്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ചൂടുള്ള ആഹാരസാധനങ്ങളില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് അപകടകരമാണെന്ന് അറിയാമോ ?
ധാരാളം ഔഷധഗുണമുള്ളതാണ് തേന്‍. ചര്‍മത്തിന്റെ ആരോഗ്യം കാക്കാനും സൈനസ് ഉള്‍പ്പടെയുള്ള പല രോഗങ്ങള്‍ക്കും ഉത്തമപരിഹാരമാണ് തേന്‍. ചൂടുപാലിലും വെള്ളത്തിലും തേന്‍ ചേര്‍ത്തു കുടിക്കുന്നത് പലർക്കുമൊരു ശീലമാണ്. അതിരാവിലെ ചൂടു വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ ഇത് ശരിയായ രീതിയല്ലെന്നാണ് ആയുര്‍വേദ ഡോക്ടറും ന്യൂട്രിഷന്‍ വിദഗ്ധയുമായ രേഖ ജിതിന്‍ പറയുന്നത്.
ചൂടു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്തു കുടിക്കുന്നത് ഏറെ നല്ലതാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് നല്ലതാണെന്നാണ് വിശ്വാസം. ഇതു തെറ്റാണ്. കാരണം തേന്‍ പാകം ചെയ്യാനോ ചൂടാക്കാണോ പാടില്ല. തേന്‍ ചൂടായാല്‍ അത് ശരീരത്തിലെത്തുമ്പോള്‍ വിഷമാകും.
തേന്‍ എങ്ങനെയാണോ നമുക്ക് ലഭിക്കുന്നത് അതുപോലെ തന്നെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇനി പാലില്‍ തേന്‍ ചേര്‍ത്തു കഴിക്കണമെന്നു തോന്നിയാല്‍ പാൽ നന്നായി തണുത്ത ശേഷം തേന്‍ ഒഴിച്ച് കുടിക്കാം. ഷുഗറിന്റെ അംശമുള്ള എന്തും ചൂടാക്കിയാല്‍ അത് 5-hydroxymethylfurfural ( HMF ) എന്ന രാസവസ്തുവുണ്ടാക്കും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.