ഫാറ്റിലിവർ തടയാൻ കഴിക്കാം ഇലക്കറികൾ

Leafy vegetables
SHARE

പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിക്കുന്നത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. അമിതഭാരവും അമിതമദ്യപാനവും മൂലം കരളിനുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവർ അഥവാ ലിവർ സ്റ്റീറ്റോസിസ്.

പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ഉണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയും. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിലാണ് ഇലക്കറികൾ ഫാറ്റിലിവർ രോഗം തടയുമെന്നു കണ്ടത്. 

കൊഴുപ്പും മധുരവും കൂടിയ പാശ്ചാത്യ ഭക്ഷണത്തോടൊപ്പം ഡയറ്ററിനൈട്രേറ്റും എലികൾക്ക് നൽകി. ഇവയുടെ കരളിൽ കൊഴുപ്പിന്റെ അംശം കുറവാണെന്നു കണ്ടു. ലിവർ സ്റ്റീറ്റോസിസ് തടയാൻ നൈട്രേറ്റിനുള്ള കഴിവുകളെക്കുറിച്ചും അവയുടെ തെറാപ്യൂട്ടിക് മൂല്യത്തെക്കുറിച്ചും മനസ്സിലാക്കാൻ കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾക്കൊരുങ്ങുകയാണ് ഗവേഷകർ. 

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തിനും പ്രമേഹത്തിനും ഗുണകരമാണെന്നും പഠനം പറയുന്നു. ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം ബാധിച്ച എലികളിൽ ഇൻസുലിന്റെയും ഗ്ലൂക്കോസിന്റെയും ഹോമിയോസ്റ്റാസിസ് മെച്ചപ്പെടുത്താനും സഹായിക്കും. 

ഫാറ്റി ലിവർ ജീവനുതന്നെ അപകടമായേക്കാവുന്ന സീറോസിസിലേക്കും കരളിലെ അർബുദത്തിലേക്കും നയിക്കാം. ഈ പഠനഫലം പുതിയ ചികിത്സാരീതിയിലേക്കും പോഷകഗുണങ്ങളുടെ പ്രാധാന്യത്തിലേക്കും നയിച്ചേക്കാമെന്നും ഗവേഷകർ പ്രത്യാശിക്കുന്നു. പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA