ഹാർട്ട്അറ്റാക്കിനെ ഭയക്കേണ്ട; കഴിക്കാം ഈ ഭക്ഷണങ്ങൾ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണു ഹൃദയം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാനും ഓക്സിജനെത്തിക്കാനുമെല്ലാം ഹൃദയം ശരിയായി പ്രവര്‍ത്തിക്കണം. ചുരുക്കി പറഞ്ഞാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ സദാപ്രവര്‍ത്തനസജ്ജമാണ് നമ്മുടെ ഹൃദയം. ഹൃദയാരോഗ്യവും നമ്മുടെ ആഹാരശീലങ്ങളും തമ്മില്‍ അഭേദ്യബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹൃദയത്തെ കാത്തുസൂക്ഷിക്കാന്‍ നല്ലആഹാരം ശീലമാക്കണം. ഇല്ലെങ്കില്‍ ഹൃദയം പണിമുടക്കുമെന്നു സാരം. 

ഹൃദയധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ ആണ് പലപ്പോഴും ഹൃദയാഘാതത്തിനു കാരണമാകുന്നത്. എങ്ങനെയാണ് ഈ ബ്ലോക്കുകള്‍ ഉണ്ടാകുക? അമിതമായ കൊഴുപ്പ് അടിഞ്ഞാണ് ഇവ രൂപപ്പെടുക. ഈ ഫാറ്റ് അടിയുന്നത് തടയാന്‍ നമ്മുടെ ആഹാരശീലങ്ങള്‍ക്കു സാധിക്കും. ഒപ്പം ചിട്ടയായ വ്യായാമത്തിനും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മന്‍ മത്സ്യം ഹൃദയത്തിന്റെ സുഹൃത്താണ്. ആഴ്ചയില്‍ രണ്ടു തവണ സാല്‍മന്‍ മത്സ്യം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനു ഏറെ നല്ലതാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ പറഞ്ഞിട്ടുണ്ട്. ഹൃദ്രോഗം തടയാനും 

Atherosclerosis, Arrhythmia തുടങ്ങിയ ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കാനും ഇതു സഹായിക്കും. 

യോഗര്‍ട്ടും ഹൃദയത്തിനു നല്ലതാണ്. ഒപ്പം മോണയുടെ ആരോഗ്യത്തിനും ഇത് സഹായകമാണ്. പ്രോബയോട്ടിക്കുകള്‍ ഏറെ അടങ്ങിയതാണ്  യോഗര്‍ട്ട് . ഇത് ദഹനത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

വാള്‍നട്ടുകള്‍ ആണ് ഹൃദയാരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊന്ന്. അഞ്ചു ഔണ്‍സ് വാള്‍നട്ട് ആഴ്ചയില്‍ കഴിക്കുന്ന ഒരാള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത  50  ശതമാനം കുറവാണ്. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അപൂര്‍വം പഴങ്ങളില്‍ ഒന്നാണിത്.  വാള്‍നട്ടുകള്‍ കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബദാം, ചെറുചനവിത്തുകള്‍, അണ്ടിപരിപ്പുകള്‍ എന്നിവ കഴിക്കാം. 

ഓട്ട്മീല്‍സ് കഴിക്കുന്നതും ഇതുപോലെതന്നെ ഗുണകരമാണ്. ഇതിലെ ഫൈബര്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും.