ഓരോ ഋതുവിലും രക്തസമ്മർദം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. തണുപ്പു കാലാവസ്ഥയിൽ രക്തസമ്മർദം ഉയരാം എന്നാണ് ഗവേഷകർ പറയുന്നത്. ഇത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂട്ടും.
ശ്വാസകോശരോഗമോ വൃക്കരോഗമോ ഹൃദ്രോഗമോ ഉള്ളവർ തണുപ്പുകാലത്ത് ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണം; പ്രത്യേകിച്ചും 65 വയസ്സ് കഴിഞ്ഞവർ. രക്തസമ്മർദം കുറയ്ക്കാൻ ഭക്ഷണത്തിലെ മാറ്റം സഹായിക്കും. ഇതിനു സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളുമുണ്ട്. തണുപ്പുകാലത്ത് കഴിക്കാവുന്ന, രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ ഏതൊക്കെ എന്നു നോക്കാം.
1. കാരറ്റ്– പോഷക കലവറയാണ് കാരറ്റ്. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റിൽ ഉണ്ട്. അതിറോസ്ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദവും ലിപ്പിഡിന്റെ സൂചകങ്ങളെയും കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ കണ്ടു.
2. ബീറ്റ് റൂട്ട് ജ്യൂസ്– ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമര്‍ദം കുറയ്ക്കാൻ ദിവസവും ഒരു ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കുടിച്ചാൽ മതി. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ബീറ്റ് റൂട്ടിൽ ധാരാളം ഡയറ്ററി നൈട്രേറ്റ് (NO3) ഉണ്ടെന്നു കണ്ടു. മനുഷ്യശരീരം ഡയറ്ററി നൈട്രേറ്റിനെ ബയോളജിക്കലി ആക്ടീവ് നൈട്രേറ്റ് (NO2) ഉം നൈട്രിക് ഓക്സൈഡും (NO) ആയി മാറ്റുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുകയും രക്തപ്രവാഹം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും.
3. സെലറി– താലൈഡുകൾ എന്ന ഫൈറ്റോകെമിക്കലുകൾ സെലറിയിലുണ്ട്. ഇത് ഹൃദയധമനികളിലെ കലകളെ (tissues) റിലാക്സ് ചെയ്യിക്കുന്നു. രക്തപ്രവാഹം വർധിപ്പിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. സെലറിയിൽ ഉപ്പ് വളരെ കുറവും നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം ഇവ കൂടുതലും ആണ്. ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
4. റാഡിഷ്– സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ആണ് റാഡിഷിൽ. ഇത് രക്തസമ്മർദം സാധാരണ നിലയിൽ നിർത്തുന്നു.
5. ഉലുവയില – ഉലുവയിലയും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ദിവസവും ഉലുവ ഉപയോഗിക്കുന്നത് ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യും.