അറിയാം മാംഗോസ്റ്റീന്റെ ആരോഗ്യ ഗുണങ്ങൾ
ഇരുണ്ട പർപ്പിൾ നിറത്തിലുള്ള പുറന്തോടും ഉള്ളിൽ വെളുത്ത മാംസളമായ ഭാഗവുമുള്ള മാംഗോസ്റ്റീൻ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പൊതുവേ കലോറി കുറഞ്ഞ മാംഗോസ്റ്റീൻ പോഷകങ്ങൾ ഏറെയുള്ള പഴമാണ്. ഒരു കപ്പിൽ (196ഗ്രാം) ഏതാണ്ട് 143 കലോറി മാത്രമേയുള്ളൂ. കാർബോഹൈഡ്രേറ്റ്, നാരുകൾ, ജീവകം സി, ബി 9, ബി 1, ബി 2, എന്നിവയും മാംഗനീസ്, കോപ്പർ, മഗ്നീഷ്യം എന്നീ ധാതുക്കളും ഉണ്ട്.
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ള മാംഗോസ്റ്റിനിൽ ജീവകം സി, ഫോളേറ്റ്, സാന്തോൺസ് എന്ന സസ്യസംയുക്തങ്ങൾ എന്നിവയുണ്ട്. ഇവയാണ് ആന്റി ഇൻഫ്ലമേറ്ററി ആന്റി ഏജിങ്, ആന്റി ഡയബറ്റിക് ഗുണങ്ങൾ ഏകുന്നത്.
∙ഇൻഫ്ലമേഷന്‍ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഉള്ള കഴിവ് മാംഗോസ്റ്റീനുണ്ട്.
∙മാംഗോസ്റ്റീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുക വഴി ശരീരഭാരം കൂടുന്നത് തടയാനും മാംഗോസ്റ്റീന്‍ സഹായിക്കുന്നു.
∙രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മാംഗോസ്റ്റീനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. മാംഗോസ്റ്റീനിലെ സാന്തോണുകളും, നാരുകളുമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്.
∙ വിറ്റമിൻ സിയും, നാരുകളും അടങ്ങിയ മാംഗോസ്റ്റീൻ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.
∙അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവ് മാംഗോസ്റ്റീൻ സത്തിനുണ്ട്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും പ്രായമാകലിന്റെ ലക്ഷണങ്ങളെ തടയാനും മാംഗോസ്റ്റീനു കഴിവുണ്ട്.
∙നല്ല കൊളസ്ട്രോൾ കൂട്ടാനും ഹൃദയാരോഗ്യമേകാനും മാംഗോസ്റ്റീൻ സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയ ഫലമാണിത്. അതുകൊണ്ടു തന്നെ ദഹനത്തിനു നല്ലത്. മലബന്ധം അകറ്റുന്നു.
∙പൊട്ടാസ്യം, കോപ്പർ, മഗ്നീഷ്യം, മാംഗനീസ് എന്നീ ധാതു ക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
∙മാംഗോസ്റ്റീന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ജലദോഷം, ഫ്ലൂ ഇവയെല്ലാം അകറ്റാൻ സഹായിക്കുന്നു.
∙മാംഗോസ്റ്റീനിൽ അടങ്ങിയ ചില സംയുക്തങ്ങൾക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്.
പഴങ്ങളുടെ രാജ്ഞി എന്നും മാംഗോസ്റ്റീൻ അറിയപ്പെടുന്നു.